അഡലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ ഫേവറിറ്റുകളായി എത്തിയ ഇന്ത്യൻ ടീമിന്റെ കിരീടത്തിലേക്കുള്ള മുന്നേറ്റത്തിൽ വഴിമുടക്കികളാകുമെന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിൽ അൽ ഹസന്റെ വെല്ലുവിളിക്കുള്ള മറുപടി കൂടിയാണ് അഡ്‌ലെയ്ഡിൽ രോഹിത് ശർമ്മയും സംഘവും നേടിയ ജയം. ഇന്ത്യൻ ടീമിനെ അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ബംഗ്ലാദേശ് നായകൻ ഷാക്കിൽ അൽ ഹസൻ മത്സരത്തിന് മുമ്പ് വെല്ലുവിളി ഉയർത്തിയത്. കീരിടം നേടുകയല്ല, ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ഷാക്കിബിന്റെ വാക്കുകൾ.

ലോകകപ്പ് നേടുമെന്ന് വിചാരിച്ചല്ല ബംഗ്ലാദേശ് ഓസ്‌ട്രേലിയയിലെത്തിയത്. എന്നാൽ ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് അട്ടിമറി വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണെന്നുമാണ് ഷാക്കിബ് മത്സരത്തലേന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇന്ത്യയെ തോൽപ്പിച്ചാൽ അത് വലിയ അട്ടിമറിയെന്നാകും അറിയപ്പെടുക. അതുകൊണ്ടുതന്നെ ആ വലിയ അട്ടിമറിക്കാണ് ഞങ്ങൾ വന്നത്. ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ ജയിക്കാനായാൽ വലിയ അട്ടിമറികളിലൊന്നാവും. അയർലൻഡ് ഇംഗ്ലണ്ടിനെയും സിംബാബ്വെ പാക്കിസ്ഥാനെയും തോൽപ്പിച്ചത് ഞങ്ങൾ ആവർത്തിച്ചാൽ സന്തോഷമാകുമെന്നും ഷാക്കിബ് പറഞ്ഞിരുന്നു.

എന്നാൽ മത്സരത്തിൽ അവസാന ഓവർ വരെ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയർത്തിയെങ്കിലും നിർണായക വിക്കറ്റുകൾ നേടി ഇന്ത്യ തിരിച്ചടിച്ചതോടെ ബംഗ്ലാദേശിന് ജയം കൈവിടുകയായിരുന്നു. സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ വിജയം അനിവാര്യമായിരുന്നു. അവസാന ഓവർ ത്രില്ലറിൽ അഞ്ച് റൺസിന് ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിൽ എത്തുകയും ചെയ്തു.

ട്വന്റി 20 ലോകകപ്പിൽ സെമി ഫൈനൽ പ്രതീക്ഷകളിലേക്ക് ബാറ്റ് വീശാൻ ടീം ഇന്ത്യക്ക് വിജയം അനിവാര്യമായ മത്സരമായിരുന്നു ബംഗ്ലാദേശിനെതിരായത്. മത്സരത്തിൽ ഒരുവേള ബംഗ്ലാദേശ് ഓപ്പണർമാർ ഇന്ത്യൻ താരങ്ങളെയും ആരാധകരേയും ചക്രശ്വാസം വലിപ്പിച്ചതോടെ മത്സരത്തിന്റെ ആവേശവും ആകാംക്ഷയും നെഞ്ചിടിപ്പുമേറി. ഒടുവിൽ കെ എൽ രാഹുലിന്റെ വണ്ടർ ത്രോയും അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ നിർണായക ഓവറുകളും പിന്നിട്ട് ഇന്ത്യ മഴനിയമപ്രകാരം അഞ്ച് റൺസിന്റെ മെഞ്ചുള്ള വിജയം കരസ്ഥമാക്കുകയായിരുന്നു.

മോശം ഫോമിന്റെ പേരിൽ പഴി കേട്ടുകൊണ്ടിരിക്കുന്ന കെ എൽ രാഹുലിനും ഈ വിജയത്തിൽ നിർണായക പങ്കുണ്ട്. അർദ്ധ സെഞ്ചുറിയുമായി മികച്ച തുടക്കം നൽകിയതിന് പുറമെ നിർണായകമായ റണ്ണൗട്ടിലൂടെ ലിറ്റൻ ദാസിനെ പുറത്താക്കുകയും ചെയ്തതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

കഴിഞ്ഞ മൂന്ന് മത്സരത്തിലും തിളങ്ങാൻ രാഹുലിന് സാധിച്ചിരുന്നില്ല. പിന്നാലെ പുറത്താക്കണമെന്നും റിഷഭ് പന്തിന് അവസരം നൽകണമെന്നും അഭിപ്രായങ്ങൾ വന്നു. എന്നാൽ ഒഴിവാക്കില്ലെന്നും പിന്തുണയ്ക്കുമെന്നും ബാറ്റിങ് കോച്ച് വിക്രം റാത്തോർ വ്യക്തമാക്കി. അതിന്റെ ഫലം ബംഗ്ലാദേശിനെതിരെ നിർണായക മത്സരത്തിൽ കാണുകയും ചെയ്തു. ഓപ്പണറായെത്തി 32 പന്തിൽ 50 റൺസുമായിട്ടാണ് രാഹുൽ മടങ്ങുന്നത്. ഇതിൽ നാല് സിക്സും മൂന്ന് ഫോറും ഉണ്ടായിരുന്നു.

പിന്നാലെ ഫീൽഡിംഗിനെത്തിയപ്പോൾ ലിറ്റൺ ദാസിനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നതും രാഹുൽ തന്നെ. 27 പന്തിൽ 60 റൺസുമായി ലിറ്റൺ ക്രീസിൽ നിൽക്കുമ്പോഴാണ് രാഹുലിന്റെ നേരിട്ടുള്ള ത്രോയിൽ താരം പുറത്താവുന്നത്. മഴ മാറിയ ശേഷമുള്ള ആദ്യ ഓവറിലാണ് രാഹുലിന്റെ തകർപ്പൻ ഫീൽഡിങ്. അശ്വിൻ എറിഞ്ഞ ഓവറിൽ രണ്ടാം പന്ത് ഷാന്റോ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ചു. എന്നാൽ രണ്ടാം റൺ ഓടുന്നതിനിടെ ലിറ്റൺ പുറത്തായി. രാഹുലിന്റെ ത്രോ ബാറ്റിങ് എൻഡിൽ ബെയ്ൽസ് ഇളക്കി.27 പന്തിൽ മൂന്ന് സിക്സ് ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ലിറ്റണിന്റെ ഇന്നിങ്സ്. വീഡിയോ കാണാം...

മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോൾ പുതുക്കി നിശ്ചയിച്ച 151 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറിൽ 145-6 എന്ന സ്‌കോറിൽ തളയ്ക്കുകയായിരുന്നു. 7.2 ഓവറിൽ 68-1 എന്ന ശക്തമായ നിലയിൽ നിന്ന ബംഗ്ലാ കടുവകളേയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്.

അർഷ്ദീപിന്റെ അവസാന ഓവറിൽ 20 റൺസാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ നൂരുൽ ഹസൻ സിക്‌സർ നേടിയതോടെ ഇന്ത്യയൊന്ന് വിറച്ചു. പക്ഷേ പിന്നീട് ശക്തമായ തിരിച്ചുവരവുമായി അർഷ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തി. ലോകകപ്പിലെ നിർണായകമായ ജയമായതിനാൽ ബംഗ്ലാ കടുവകളെ കൂട്ടിലടച്ച ഇന്ത്യ വിജയം ആരാധകരും മുൻതാരങ്ങളും വൻ ആഘോഷമാക്കി.

കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിനെയും വീഴ്‌ത്തിയിരുന്നു. സിംബാബ്വെയുമായാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം. നാല് കളികളിൽ ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തി. പാക്കിസ്ഥാനെതിരെ ആണ് ബംഗ്ലാദേശിന്റെ അവസാന മത്സരം.