ചിറ്റഗോങ്: ഏകദിന പരമ്പരയിൽ രണ്ട് തവണ ഇന്ത്യയെ കീഴടക്കിയ ബംഗ്ലാദേശിനെ ഒറ്റയ്ക്ക് കീഴടക്കി ഇഷാൻ കിഷൻ. ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 409 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 34 ഓവറിൽ 182 റൺസിന് തകർന്നടിഞ്ഞു. 227 റൺസിന്റെ കൂറ്റൻ വിജയം നേടിയ ഇന്ത്യക്ക് ആദ്യ രണ്ട് മത്സരങ്ങളിൽ ഏറ്റ തോൽവിയുടെ ആഘാതം ലഘൂകരിക്കാനായി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

ഓപ്പണർ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറിയുടേയും മുൻ നായകൻ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് 409 റൺസ് പടുത്തുയർത്തി. ഇഷാൻ 131 പന്തിൽ 24 ഫോറും 10 സിക്സറും സഹിതം 210 റൺസെടുത്തപ്പോൾ കോലി 91 പന്തിൽ 11 ഫോറും രണ്ട് സിക്സറുകളോടെയും 113 റൺസ് അടിച്ചെടുത്തു.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോർഡ് ഇതോടെ ഇഷാൻ കിഷൻ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്റെ റെക്കോർഡും ഇഷാന്റെ പേരിലായി. 126 പന്തിൽ ഡബിൾ സെഞ്ചുറി തികച്ച ഇഷാൻ 138 പന്തിൽ 200 തികച്ച ക്രിസ് ഗെയ്ലിന്റെ റെക്കോർഡാണ് തകർത്തത്. 27 പന്തിൽ 37 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 17 പന്തിൽ 20 റൺസെടുത്ത അക്സർ പട്ടേലും നിർണായകമായി. ടസ്‌കിൻ അഹമ്മദ്, ഇബാദത്ത് ഹുസൈൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനായി 50 പന്തിൽ 43 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ടോപ് സ്‌കോറർ. നായകൻ ലിറ്റൺ ദാസ് 29ലും സഹ ഓപ്പണർ അനാമുൽ ഹഖ് എട്ടിലും വിക്കറ്റ് കീപ്പർ മുഷ്ഫീഖുർ റഹീം ഏഴിലും യാസിർ അലി 25നും മഹമ്മദുള്ള 20ലും ആഫിഫ് ഹൊസൈൻ എട്ടിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിങ് ഹീറോയായിരുന്ന മെഹിദി ഹസൻ മിറാസ് മൂന്നിനും എബാദത്ത് ഹൊസൈൻ പൂജ്യത്തിലും പുറത്തായി.

ടസ്‌കിൻ അഹമ്മദ് 17* ഉം മുസ്താഫിസൂർ റഹ്‌മാൻ 13 ഉം റൺസ് നേടി. ഇന്ത്യക്കായി ഷർദ്ദുൽ മൂന്നും അക്സറും ഉംറാനും രണ്ട് വീതവും സിറാജും കുൽദീപും വാഷിങ്ടണും ഓരോ വിക്കറ്റും നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുകയായിരുന്നു.