സിഡ്‌നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12വിലെ രണ്ടാം പോരാട്ടത്തിൽ നെതർലൻഡ്‌സിനെ 56 റൺസിന് കീഴടക്കി സെമി സാധ്യത സജീവമാക്കി ഇന്ത്യ. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 15 പന്തിൽ 20 റൺസെടുത്ത ടിം പ്രിംഗിളാണ് നെതർലൻഡ്‌സിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും അക്‌സർ പട്ടേലും ആർ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ രണ്ട് ജയത്തോടെ നാലു പോയന്റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. സ്‌കോർ ഇന്ത്യ 20 ഓവറിൽ 179-2, നെതർലൻഡ്‌സ് 20 ഓവറിൽ 123-9.

ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സ്, ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താതെയാണ് കീഴടങ്ങിയത്. 15 പന്തിൽ ഒരു പടുകൂറ്റൻ സിക്‌സറും ഫോറും സഹിതം 20 റൺസെടുത്ത ടിം പ്രിംഗിളാണ് അവരുടെ ടോപ് സ്‌കോറർ. പ്രിംഗിളിനു പുറമെ നെതർലൻഡ്‌സ് നിരയൽ രണ്ടക്കം കണ്ടത് അഞ്ചു പേരാണ്.

ഓപ്പണർ മാക്‌സ് ഒദോദ് (10 പന്തിൽ 16), ബാസ് ഡി ലീഡ് (23 പന്തിൽ 16), കോളിൻ ആക്കർമാൻ (21 പന്തിൽ 17) എന്നിവരാണ് രണ്ടക്കം കണ്ട് പുറത്തായവർ. വാലറ്റത്ത് ടിം പ്രിംഗിൾ നടത്തിയ ചെറുത്തുനിൽപ്പ് നെതർലൻഡ്‌സിന്റെ തോൽവിഭാരം കുറച്ചുവെന്ന് മാത്രം.

ഷാരിസ് അഹമ്മദ് (11 പന്തിൽ പുറത്താകാതെ 16), പോൾ വാൻ മീകരൻ (ആറു പന്തിൽ പുറത്താകാതെ 14) എന്നിവർ പിരിയാത്ത 10ാം വിക്കറ്റിൽ 12 പന്തിൽ 22 റൺസ് കൂട്ടിച്ചേർത്താണ് പരാജയഭാരം കുറച്ചത്.

ഇന്ത്യയ്ക്കായി ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 9 റൺസ് വഴങ്ങിയും അക്ഷർ പട്ടേൽ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 21 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് ഷമി നാല് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോലി, ഐസിസി റാങ്കിങ്ങിലെ മൂന്നാമൻ സൂര്യകുമാർ യാദവ് എന്നിവർ അർധസെഞ്ചറികളുമായി ഒരുമിച്ചു തിളങ്ങിയതോടെയാണ് നെതർലൻഡ്‌സിനു മുന്നിൽ ഇന്ത്യ 180 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി പിന്നിട്ട കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സമ്പാദ്യം 44 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 62 റൺസ്.

ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 53 റൺസെടുത്തു പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും മൂന്നു സിക്‌സും ഉൾപ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. സൂര്യകുമാർ ഏഴു ഫോറും ഒരു സിക്‌സും നേടി. ഇന്നിങ്‌സിലെ അവസാന പന്തിൽ സിക്‌സർ നേടിയാണ് സൂര്യ അർധസെഞ്ചറി പൂർത്തിയാക്കിയത്.

ഓപ്പണർ കെ.എൽ. രാഹുൽ ഒരിക്കൽക്കൂടി പരാജയപ്പെടുന്ന കാഴ്ചയോടെ തുടക്കമായ ഇന്ത്യൻ ഇന്നിങ്‌സിൽ, രണ്ടാം വിക്കറ്റിൽ രോഹിത് ശർമയ്‌ക്കൊപ്പവും പിരിയാത്ത മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പവും വിരാട് കോലി പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടുകളാണ് കരുത്തായത്. കോലി രോഹിത് സഖ്യം 56 പന്തിൽ അടിച്ചുകൂട്ടിയത് 73 റൺസ്. രോഹിത് പുറത്തായതിനു പിന്നാലെ കോലി സൂര്യ സഖ്യം 48 പന്തിൽ 95 റൺസും കൂട്ടിച്ചേർത്തു. നെതർലൻഡ്‌സിനായി ഫ്രെഡ് ക്ലാസൻ, പോൾ വാൻ മീകരൻ എന്നിവർ നാല് ഓവറിൽ 33 റൺസ് വീതം വഴങ്ങി ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മെൽബണിൽ അവസാന പന്തു വരെ ആവേശം നീണ്ട വൈകാരികവും തീക്ഷ്ണവുമായ പോരാട്ടത്തിൽ പാക്കിസ്ഥാനെ തറപറ്റിച്ചു നേടിയ വൻവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നെതർലൻഡ്‌സിനെ നേരിട്ടത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നേരിട്ട അതേ ടീമിനെയാണ് നെതർലൻഡ്‌സിനെതിരെയും ഇന്ത്യ അണിനിരത്തിയത്.

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.