ലഖ്നൗ: സ്പിന്നർമാർ കളംവാണ മത്സരത്തിൽ ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് കീഴടക്കി ട്വന്റി 20 പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ. ലഖ്നൗവിലെ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചിൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പുറത്താവാതെ പിടിച്ചുനിന്നാണ് ജയമൊരുക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1ന് സമനില പിടിച്ചു. റാഞ്ചിയിലെ ആദ്യ മത്സരം കിവികൾ 21 റൺസിന് വിജയിച്ചിരുന്നു.ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിൽ നടക്കുന്ന അവസാന ട്വന്റി 20 പരമ്പര വിജയികളെ നിശ്ചയിക്കും. സ്‌കോർ: ഇന്ത്യ-101/4 (19.5), ന്യൂസിലൻഡ്-99/8 (20).

31 പന്തിൽ നിന്ന് 26 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 20 പന്തിൽ നിന്ന് 15 റൺസുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യയ്ക്കൊപ്പം പുറത്താകാതെ നിന്നു. ന്യൂസീലൻഡ് ബാറ്റർമാർ പതറിയ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർക്കും അതിവേഗം സ്‌കോർ ചെയ്യാനായില്ല. സ്പിന്നർമാരെ തുടക്കത്തിൽ തന്നെ കളത്തിലിറക്കിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ നീക്കം ഫലം കാണുകയും ചെയ്തു.

നാലാം ഓവറിൽ മൈക്കൽ ബ്രെയ്സ്വെൽ, ശുഭ്മാൻ ഗില്ലിനെ (ഒമ്പത് പന്തിൽ 11) പുറത്താക്കി. ഇഷാൻ കിഷനും രാഹുൽ ത്രിപാഠിയും ചേർന്ന് സ്‌കോർ 46-ൽ എത്തിച്ചതിനു പിന്നാലെ ഇഷാൻ (32 പന്തിൽ 19) റണ്ണൗട്ടായി. പിന്നാലെ ഇഷ് സോദിയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ രാഹുലും (18 പന്തിൽ 13) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ സൂര്യകുമാർ യാദവും സ്ഥാനക്കയറ്റം കിട്ടിയെത്തിയ വാഷിങ്ടൺ സുന്ദറും ചേർന്ന് സ്‌കോർ മുന്നോട്ടുനയിക്കവെ 15-ാം ഓവറിൽ സുന്ദർ (ഒമ്പത് പന്തിൽ 10) റണ്ണൗട്ടായി. സൂര്യ പുറത്താകാതിരിക്കാൻ വേണ്ടി സുന്ദർ സ്വയം വിക്കറ്റ് കളയുകയായിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കൂര്യകുമാർ - ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ സഖ്യം കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് കനത്ത തിരിച്ചടി നേരിട്ടു. സ്പിന്നർമാരും പേസർ അർഷ്ദീപ് സിംഗും മികവ് കാട്ടിയപ്പോൾ ന്യൂസിലൻഡിനെ 20 ഓവറിൽ 8 വിക്കറ്റിന് 99 റൺസിൽ ഒതുക്കി ഇന്ത്യ. ഇന്ത്യയ്ക്കായി പന്തെടുത്തവരിൽ ശിവം മാവി ഒഴികെയുള്ളവരെല്ലാം വിക്കറ്റ് വീഴ്‌ത്തി. കഴിഞ്ഞ മത്സരത്തിൽ നിറംമങ്ങിയ അർഷ്ദീപ് രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 23 പന്തിൽ 19 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് കിവീസിന്റെ ടോപ് സ്‌കോറർ.

നാല് ന്യൂസിലൻഡ് താരങ്ങളെ രണ്ടക്കം കണ്ടുള്ളൂ. 23 പന്തിൽ പുറത്താവാതെ 19 റൺസെടുത്ത നായകൻ മിച്ചൽ സാന്റ്നറാണ് കിവികളുടെ ടോപ് സ്‌കോറർ. ഓപ്പണർമാരായ ഫിൻ അലനെ(11) ചാഹലും ദേവോൺ കോൺവേയെ(11) വാഷിങ്ടൺ സുന്ദറും പുറത്താക്കിയപ്പോൾ മൂന്നാമൻ ചാപ്മാൻ 14 റണ്ണുമായി റണ്ണൗട്ടായി. ഗ്ലെൻ ഫിലിപ്സ്(5), ഡാരിൽ മിച്ചൽ(8), മൈക്കൽ ബ്രേസ്വെൽ(14), ഇഷ് സോധി(1), ലോക്കീ ഫെർഗ്യൂസൻ(0), ജേക്കബ് ഡഫി(6*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ.

തുടക്കത്തിലെ സ്പിന്നർമാർക്ക് മുൻതൂക്കം കിട്ടിയതോടെ ആ വഴിക്കായി നായകൻ ഹാർദിക് പാണ്ഡ്യയുടെ നീക്കം. ഇന്ത്യൻ നിരയിൽ പന്തെടുത്ത സ്പിന്നർമാരായ വാഷിങ്ടൺ സുന്ദറും യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും ദീപക് ഹൂഡയും ഓരോ വിക്കറ്റ് വീഴ്‌ത്തി. പേസർമാരായ അർഷ്ദീപ് സിങ് രണ്ടും ഹാർദിക് പാണ്ഡ്യ ഒന്നും വിക്കറ്റ് വീഴ്‌ത്തി. കുൽദീപും ഹൂഡയും പാണ്ഡ്യയും മാത്രമാണ് നാല് ഓവർ വീതമെറിഞ്ഞത്. ഇന്നിങ്സിലെ 18-ാം ഓവറിൽ മാത്രമാണ് അർഷ്ദീപ് സിംഗിനെ പാണ്ഡ്യ ആദ്യമായി പന്തേൽപിച്ചത്. രണ്ട് വിക്കറ്റുമായി അർഷ് തിളങ്ങുകയും ചെയ്തു. മത്സരത്തിൽ അർഷ്ദീപ് സിംഗിന് രണ്ടും ശിവം മാവിക്ക് ഒന്നും ഓവറേ നൽകിയുള്ളൂ.