ഇൻഡോർ: ഇൻഡോർ ഏകദിനത്തിൽ ന്യൂസിലൻഡിനെ 90 റൺസിന് തകർത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനവും. 386 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾ ഓപ്പണർ ദേവോൺ കോൺവേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറിൽ 295 റൺസിൽ പുറത്തായി.

കോൺവേ 100 പന്തിൽ 138 റൺസ് നേടി. ബാറ്റിംഗിൽ സെഞ്ചുറികളുമായി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീതവുമായി ഷർദ്ദുൽ ഠാക്കൂറും കുൽദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്വേന്ദ്ര ചാഹലും തിളങ്ങി. അർധസെഞ്ചുറിയും ഒരു വിക്കറ്റുമായി ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും നിർണായകമായി.

ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി.പടുകൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഫിൻ അലനെ മടക്കി ഹാർദിക് പാണ്ഡ്യ ന്യൂസീലൻഡിനെ ഞെട്ടിച്ചു. ഹാർദിക്കിന്റെ ബൗൺസർ പ്രതിരോധിച്ച അലന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് പിഴുതു. മൂന്നാമനായി വന്ന ഹെന്റി നിക്കോൾസിനെ കൂട്ടിപിടിച്ച് ഓപ്പണർ ഡെവോൺ കോൺവെ അടിച്ചുതകർത്തു.

ഇരുവരും രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. കോൺവെ ആയിരുന്നു അപകടകാരി. എന്നാൽ 42 റൺസെടുത്ത നിക്കോൾസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ മറുവശത്ത് കോൺവെയ്ക്ക് കുലുക്കമുണ്ടായിരുന്നില്ല. അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ട് കോൺവെ സ്‌കോർ ഉയർത്തി.

വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. വെറും 73 പന്തിൽ നിന്നാണ് കോൺവെ സെഞ്ചുറി തികച്ചത്. കോൺവെയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുളവാക്കി. എന്നാൽ ഡാരിൽ മിച്ചലിനെയും പിന്നാലെ വന്ന നായകൻ ടോം ലാഥത്തെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ശാൽദൂൽ ഠാക്കൂർ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.

എന്നാൽ ഒരറ്റത്ത് കോൺവെ പിടിച്ചുനിന്നത് ഇന്ത്യയുടെ വിജയസാധ്യതകൾക്ക് തിരിച്ചടിയായി. എന്നാൽ 32-ാം ഓവറിൽ അപകടകാരിയായ കോൺവെയെ മടക്കി ഉംറാൻ മാലിക്ക് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. കോൺവെയുടെ ഷോട്ട് രോഹിത് കൈയിലൊതുക്കി. 100 പന്തുകളിൽ നിന്ന് 12 ഫോറിന്റെയും എട്ട് സിക്സിന്റെയും സഹായത്തോടെ 138 റൺസെടുത്താണ് താരം ക്രീസ് വിട്ടത്.

കോൺവെ പുറത്തായതോടെ ന്യൂസീലൻഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. മൈക്കിൾ ബ്രേസ്വെൽ 26 റൺസെടുത്ത് പൊരുതിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. വാലറ്റത്ത് മിച്ചൽ സാന്റ്നർ നടത്തിയ പോരാട്ടമാണ് ടീം സ്‌കോർ 300 കടത്തിയത്. സാന്റ്നർ 34 റൺസെടുത്ത് പുറത്തായി ലോക്കി ഫെർഗൂസൻ (7), ജേക്കബ് ഡഫി (0) എന്നിവർ നിരാശപ്പെടുത്തി. ഇതോടെ ഇന്ത്യ വിജയം നേടി.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവും ശാർദൂൽ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഉംറാൻ മാലിക്കും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 385 റൺസെടുത്തു. 112 റൺസെടുത്ത ശുഭ്മാൻ ഗിൽ, 101 റൺസ് നേടിയ രോഹിത് ശർമ, 54 റൺസ് അടിച്ചെടുത്ത ഹാർദിക് പാണ്ഡ്യ എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലൻഡിന്റെ തീരുമാനം തെറ്റാണ് എന്ന് തെളിയിച്ചാണ് ബാറ്റിങ് ആരംഭിച്ചത്. തകർപ്പൻ ഫോമിൽ കളിച്ചുതുടങ്ങിയ രോഹിത്തും ഗില്ലും കിവീസ് ബൗളർമാർക്ക് ഒരവസരവും നൽകാതെ ബാറ്റുവീശി. 12-ാം ഓവറിൽ ശുഭ്മാൻ ഗിൽ അർധസെഞ്ചുറി കുറിച്ചു. 34 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. പരമ്പരയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഗിൽ ഈ മത്സരത്തിലും പ്രതിഭ തെളിയിച്ചു. 13-ാം ഓവറിൽ ഇന്ത്യ 100 കടന്നു.

14-ാം ഓവറിലെ ആദ്യ പന്തിൽ സാന്റ്നറെ സിക്സറിന് പറത്തിക്കൊണ്ട് രോഹിത്തും അർധസെഞ്ചുറി നേടി. ഇതോടെ ന്യൂസീലൻഡ് ബൗളർമാരുടെ മുഖത്ത് നിരാശ പടർന്നു. അർധസെഞ്ചുറി നേടിയ ശേഷം ഗില്ലും രോഹിത്തും ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റി. 18 ഓവറിൽ ടീം സ്‌കോർ 150 കടന്നു. 24.1 ഓവറിൽ ഗില്ലും രോഹിത്തും ചേർന്ന് 200 റൺസിന്റെ കൂട്ടുകെട്ട് പൂർത്തിയാക്കി.

ടിക്നർ ചെയ്ത 26-ാം ഓവറിലെ രണ്ടാം പന്തിൽ സിംഗിളെടുത്തുകൊണ്ട് രോഹിത് സെഞ്ചുറി പൂർത്തിയാക്കി. 83 പന്തുകളിൽ നിന്നാണ് താരം മൂന്നക്കം കണ്ടത്. രോഹിത്തിന്റെ കരിയറിലെ 30-ാം ഏകദിന സെഞ്ചുറിയാണിത്. അതേ ഓവറിലെ അവസാന പന്തിൽ ഗില്ലും സഞ്ചുറി പൂർത്തീകരിച്ചു. വെറും 72 പന്തുകളിൽ നിന്നാണ് ഗില്ലിന്റെ സെഞ്ചുറി. താരത്തിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്.

എന്നാൽ തൊട്ടടുത്ത ഓവറിൽ രോഹിത് പുറത്തായി. മൈക്കിൾ ബ്രേസ്വെല്ലിനെ സിക്സടിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാഴായി. ബാറ്റിൽ നിന്നൊഴിഞ്ഞ പന്ത് വിക്കറ്റ് പിഴുതു. 85 പന്തിൽ നിന്ന് ഒൻപത് ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെ 101 റൺസ് നേടിയ ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. ഗില്ലിനൊപ്പം 212 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിന് സാധിച്ചു.

സെഞ്ചുറി നേടിയ ശേഷം തകർത്തടിച്ച ഗിൽ 28-ാം ഓവറിലെ അവസാന പന്തിൽ പുറത്തായി. ബ്ലെയർ ടിക്നറുടെ പന്ത് ഉയർത്തിയടിച്ച ഗിൽ ഡെവോൺ കോൺവെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 78 പന്തിൽ നിന്ന് 13 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 112 റൺസെടുത്താണ് ഗിൽ മടങ്ങിയത്. ഗില്ലിന് പകരം ഇഷാൻ കിഷൻ ക്രീസിലെത്തി.

രോഹിത്തും ഗില്ലും മടങ്ങിയ ശേഷം ക്രീസിൽ വിരാട് കോലിയും ഇഷാൻ കിഷനും ഒന്നിച്ചു. ഇരുവരും നന്നായി ബാറ്റുചെയ്തുകൊണ്ടിരിക്കേ അനാവശ്യ റണ്ണിന് ശ്രമിച്ച് ഇഷാൻ കിഷൻ റൺ ഔട്ടായി. 24 പന്തിൽ നിന്ന് 17 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് കോലി ട്വന്റി 20 ശൈലിയിൽ ബാറ്റുവീശി. എന്നാൽ കോലിയെ വീഴ്‌ത്തി ജേക്കബ് ഡഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തിൽ നിന്ന് 36 റൺസാണ് കോലിയുടെ സമ്പാദ്യം.

സൂര്യകുമാറിനും പിടിച്ചുനിൽക്കാനായില്ല. രണ്ട് സിക്സടിച്ച് വരവറിയിച്ചെങ്കിലും 14 റൺസെടുത്ത താരത്തെ ഡഫി കോൺവെയുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ പതറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റൺസെന്ന നിലയിൽ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. പിന്നീട് ക്രീസിലൊന്നിച്ച ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും ചേർന്ന് ടീം സ്‌കോർ 300 കടത്തി. എന്നാൽ സുന്ദറിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും 9 റൺസെടുത്ത താരത്തെ ടിക്നർ പുറത്താക്കി.

പിന്നാലെ വന്ന ശാർദൂൽ ഠാക്കൂർ നന്നായി ബാറ്റുവീശിയതോടെ ഇന്ത്യ ടോപ് ഗിയറിലായി. 47-ാം ഓവറിൽ ഇന്ത്യൻ സ്‌കോർ 350 കടന്നു. ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളിൽ ഇന്ത്യയുടെ സ്‌കോർ ഉയർത്താൻ സഹായകമായത്. 16 പന്തിൽ നിന്ന് 25 റൺസെടുത്ത് ശാർദൂൽ പുറത്തായെങ്കിലും ഇന്ത്യൻ സ്‌കോർ 360 കടന്നിരുന്നു.

49-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ അർധസെഞ്ചുറി കുറിച്ചു. വെറും 36 പന്തുകളിൽ നിന്നാണ് താരം അർധശതകത്തിലെത്തിയത്. അതേ ഓവറിലെ നാലാം പന്തിൽ താരം പുറത്തായി. 38 പന്തുകളിൽ നിന്ന് മൂന്ന് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 54 റൺസെടുത്താണ് ഹാർദിക് ക്രീസ് വിട്ടത്. ഇന്നിങ്സിലെ അവസാന പന്തിൽ കുൽദീപ് യാദവ് റൺ ഔട്ടായി (3). ഉംറാൻ മാലിക് പുറത്താവാതെ നിന്നു.

ന്യൂസീലൻഡ് ബൗളിങ് നിരയിലെ എല്ലാവരും കണക്കിന് പ്രഹരമേറ്റുവാങ്ങി. ജേക്കബ് ഡഫി 10 ഓവറിൽ 100 റൺസാണ് വഴങ്ങിയത്. മൂന്ന് വിക്കറ്റും താരം വീഴ്‌ത്തി. ബ്ലെയർ ടിക്നറും മൂന്ന് വിക്കറ്റെടുത്തു.