കേപ്ടൗൺ: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാന് പിന്നാലെ വെസ്റ്റ് ഇൻഡീസിനെയും കീഴടക്കി തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. വെസ്റ്റ് ഇൻഡീസ് വനിതകളെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപിച്ചത്. വിൻഡീസ് മുന്നോട്ടുവെച്ച 119 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. സ്‌കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ആറിന് 118, ഇന്ത്യ18.1 ഓവറിൽ നാലിന് 119. പുറത്താവാതെ 44 റൺസെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശിൽപ്പി.

ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ നായിക ഹർമൻപ്രീത് കൗറും വിക്കറ്റ് കീപ്പർ റിച്ച ഘോഷും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതോടെ ഇന്ത്യ സെമി ഫൈനൽ സാധ്യകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ഏഴുവിക്കറ്റിന് തകർത്തിരുന്നു.

വിൻഡീസ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാന വെറും 10 റൺസ് മാത്രമെടുത്ത് മടങ്ങി. പിന്നാലെ വന്ന കഴിഞ്ഞ മത്സരത്തിലെ താരം ജെമീമ റോഡ്രിഗസ് ഒരു റൺ മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. മറുവശത്ത് ഷഫാലി വർമ സ്‌കോർ ഉയർത്തി.

എന്നാൽ 23 പന്തിൽ 28 റൺസെടുത്ത ഷഫാലിയും മടങ്ങിയതോടെ ഇന്ത്യ വിറച്ചു. ഷഫാലി പുറത്താകുമ്പോൾ മൂന്നിന് 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ അവിടെ നിന്ന് ഒത്തുചേർന്ന റിച്ച ഘോഷ്-ഹർമൻപ്രീത് സഖ്യം ഇന്ത്യയെ രക്ഷിച്ചു. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. എന്നാൽ വിജയറൺ കുറിക്കാൻ ശ്രമിച്ച ഹർമൻ പ്രീത് അവസാനം പുറത്തായി. 42 പന്തുകളിൽ നിന്ന് 33 റൺസാണ് ഇന്ത്യൻ നായികയുടെ സമ്പാദ്യം.

പിന്നാലെ വന്ന ദേവിക വൈദ്യയെ കൂട്ടുപിടിച്ച് റിച്ച ഘോഷ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. റിച്ച ഘോഷ് 32 പന്തുകളിൽ നിന്ന് പുറത്താവാതെ 44 റൺസെടുത്തു. വിൻഡീസിനായി കരിഷ്മ റംഹറാക്ക് രണ്ട് വിക്കറ്റെടുത്തപ്പോൾ ഹെയ്ലി മാത്യൂസും ചിനെലി ഹെന്റിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു. 40 പന്തുകളിൽ നിന്ന് 42 റൺസെടുത്ത സ്റ്റെഫാനി ടെയ്ലറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. 30 റൺസെടുത്ത ഷെമാനി ക്യാംബെല്ലെയും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും രണ്ടാം വിക്കറ്റിൽ നേടിയ 73 റൺസിന്റെ കൂട്ടുകെട്ടാണ് വിൻഡീസിന് മികച്ച ടോട്ടൽ സമ്മാനിച്ചത്.

അപകടകരമാകുമായിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ച് ദീപ്തി ശർമ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ക്യാംബെല്ലിനെ ആദ്യം പുറത്താക്കിയ ദീപ്തി പിന്നാലെ സ്റ്റെഫാനിയെയും പറഞ്ഞയച്ചു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഷബിക ഗജ്നാബിയും ചെഡിയാൻ നേഷനും ചേർന്നാണ് ടീം സ്‌കോർ 100 കടത്തിയത്. എന്നാൽ 15 റൺസെടുത്ത ഷബികയെ ക്ലീൻ ബൗൾഡാക്കി രേണുക സിങ് ഈ കൂട്ടുകെട്ട് തകർത്തു.

പിന്നാലെ വന്ന എഫി ഫ്ലെച്ചറെ ക്ലീൻ ബൗൾഡാക്കി ദീപ്തി ശർമ ചരിത്രനേട്ടം കുറിച്ചു. ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി 100 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ താരം എന്ന റെക്കോഡ് ദീപ്തി സ്വന്തമാക്കി. 21 റൺസുമായി നേഷനും രണ്ട് റൺസുമായി റഷാദ വില്യംസും പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്തു. രേണുക സിങ്, പൂജ വസ്ത്രാകർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20യിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ താരം എന്ന റെക്കോഡാണ് ദീപ്തി ശർമ സ്വന്തം പേരിൽ കുറിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റെടുത്തതോടെയാണ് താരം ചരിത്രത്തിലിടം നേടിയത്.

യൂസ്വേന്ദ്ര ചാഹലിനും ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വർ കുമാറിനുമൊന്നും നേടാനാവാത്ത റെക്കോഡാണ് ദീപ്തി സ്വന്തം പേരിലാക്കിയത്. വെറും 89 മത്സരങ്ങളിൽ നിന്നാണ് താരം 100 വിക്കറ്റ് വീഴ്‌ത്തിയത്. ചാഹലിന്റെ അക്കൗണ്ടിൽ 91 വിക്കറ്റുകളും ഭുവനേശ്വർ കുമാറിന്റെ അക്കൗണ്ടിൽ 90 വിക്കറ്റുകളുമാണുള്ളത്.