- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ; ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ121 റേറ്റിങ് പോയിന്റുമായി കുതിപ്പ്; വിരാമമിട്ടത് 15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിന്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് രോഹിതും സംഘവും ഇറങ്ങുക ഒന്നാമന്മാരായി
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഓസ്ട്രേലിയയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാമത്. ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. 15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിനാണ് ഇതോടെ വിരാമമായത്.
നിലവിൽ ഇന്ത്യയ്ക്ക് 121 റേറ്റിങ്ങുണ്ട്. രണ്ടാമതുള്ള ഓസീസിന് 116 റേറ്റിങ്ങാണുള്ളത്. 114 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിങ് പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിങ് പോയിന്റുമായി ന്യൂസിലൻഡ് അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നു.
പ്രധാനമായും അഞ്ച് മത്സരങ്ങളിലെ വിജയമാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് തിരിച്ചുപിടിക്കുന്നതിന് സഹായിച്ചത്. ഐ.സി.സി. തന്നെയാണ് ഇക്കാര്യമറിയിച്ചത്. 2021 ഓഗസ്റ്റിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസറ്റ്, 2022 മാർച്ചിൽ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്, 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരേ നടന്ന ആദ്യ ടെസ്റ്റ്, 2023ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ആദ്യ രണ്ട് ടെസ്റ്റുകൾ എന്നീ മത്സരങ്ങളിലെ വിജയം ഇന്ത്യയ്ക്ക് തുണയായി.
15 മാസങ്ങൾക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ത്യയ്ക്ക് ഒന്നാം റാങ്കിന്റെ കരുത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനെ നേരിടാം. വാർഷിക റാങ്കിങ് വരുന്നതിന് മുമ്പ് ഓസീസ് 122 പോയിന്റുമായി ഒന്നും ഇന്ത്യ 119 പോയിന്റുമായി രണ്ടും സ്ഥാനങ്ങളിലായിരുന്നു. മെയ് 2020നും മെയ് 2022നും ഉള്ളിൽ പൂർത്തിയായ എല്ലാ പരമ്പരകളും കണക്കിലെടുത്താണ് വാർഷിക റാങ്കിങ് പ്രഖ്യാപിക്കുന്നത്.
ഇംഗ്ലണ്ടിലെ ഓവലിൽ ജൂൺ ഏഴാം തിയതിയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ സൂപ്പർ ഫൈനൽ നടക്കുക. കഴിഞ്ഞ കലാശപ്പോരിൽ ന്യൂസിലൻഡിനോട് കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുക. ഇന്ത്യയെ രോഹിത് ശർമ്മയും ഓസ്‌ട്രേലിയയെ പാറ്റ് കമ്മിൻസും നയിക്കും. കലാശപ്പോരിനുള്ള സ്‌ക്വാഡിനെ ടീം ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ ടീമുകളുമായാണ് ഇരു ടീമുകളും ഓവലിലെ ഫൈനലിന് ഇറങ്ങുന്നത്. നിലവിൽ ട്വന്റി 20യിലും ഇന്ത്യ തന്നെയാണ് ലോകത്തിലെ നമ്പർ വൺ ടീം. ഏകദിനത്തിൽ ഇന്ത്യ മൂന്നാം റാങ്കിലാണ്.
സ്പോർട്സ് ഡെസ്ക്