- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2024ൽ ലോക കിരീടവുമായി രോഹിത്തും സംഘവും
ബാർബഡോസ്: ഇന്ത്യ ഉയർത്തിയ 177 റൺസിനെ അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായില്ല. പേസ് കരുത്തിൽ ഇന്ത്യയ്ക്ക് നാലാം ലോക കിരീടം. 1983ലും 2011ലും ഏകദിന ലോകകപ്പ് നേടിയ ടീം ഇന്ത്യ ആദ്യമായി ട്വന്റി ട്വന്റിയിൽ മുത്തമിട്ടത് 2007ലെ ആദ്യ വെർഷനിലായിരുന്നു. അതിന് ശേഷം നീണ്ട കാത്തിരിപ്പ്. 2024ൽ രോഹിത് ശർമ്മയും കൂട്ടരും വീണ്ടും ട്വന്റി ട്വന്റി ലോകകിരീടവുമായി നാട്ടിലേക്ക് വരും. കരീബിയൻ മണ്ണിലെ കാശപോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ മറികടന്നു. ജയപരാജയങ്ങൾ മാറിമറിഞ്ഞ കളിയിൽ ഇന്ത്യൻ പേസ് കരുത്താണ് വിജയമൊരുക്കിയത്.
വിരാട് കോലിയാണ് ഫൈനലിൽ കളിയിലെ കേമൻ. ബുംമ്ര ടൂർണ്ണമെന്റിലെ താരവും. ഇന്ത്യ ഒരു കളിപോലും തോൽക്കാതെയാണ് 2024ലെ ട്വന്റി ട്വന്റി ലോക കിരീടം നേടുന്നത്. 12 മാസത്തിനിടെ ഇന്ത്യയുടെ മൂന്നാം ലോക കിരീടത്തിനായുള്ള കലാശപോരാട്ടമായിരുന്നു ഇത്. ഏകദിന ലോകകപ്പിലും ടെസ്റ്റ് ലോകകിരീടത്തിനായുള്ള ഫൈനലിലും ഇന്ത്യയ്ക്ക് അടിതെറ്റി. 2011ലെ ഏകദിന കിരീടത്തിന് ശേഷം ഐസിസി കപ്പുകളൊന്നും നേടാനും ഇന്ത്യൻ ടീമിനായിരുന്നില്ല. ഈ വേദനയാണ് ഇത്തവണ മായുന്നത്. കപിൽദേവിനും മഹേന്ദ്ര സിങ് ധോണിക്കും ശേഷം ലോക കിരീടം ഉയർത്തുന്ന ക്യാപ്ടനായി രോഹിത്തും മാറുകയാണ്. ഫൈനലിലെ വിജയത്തോടെ ട്വന്റി ട്വന്റിയിൽ നിന്നും വിരമിക്കുന്നതായി കോലി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയമായി കരീബിയൻ മണ്ണിലെ വിജയം മാറുകയാണ്.
ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകന്മാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും എത്തുകയാണ്. പ്രോട്ടീസ് വീണ്ടും കരഞ്ഞു. ആദ്യ ലോകകപ്പ് ഫൈനലിൽ കിരീടം മോഹിച്ചെത്തിയ എയ്ഡന്മാർക്രത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റൺസ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചിൽ ഇന്ത്യ ജീവൻ തിരികെ പിടിച്ചു. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
15 ഓവറിൽ ദക്ഷിണാഫ്രിക്ക 147 റൺസെടുത്തു. അവിടെ നിന്നാണ് തകർച്ച തുടങ്ങിയത്. 17-ാം ഓവറിൽ ക്ലാസനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നൽകി. 27 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. മൂന്നോവറിൽ 22 റൺസായി ലക്ഷ്യം. അടുത്ത ഓവറിൽ ബുമ്ര യാൻസന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറിൽ 20 റൺസ് ലക്ഷ്യം. അർഷ്ദീപിന്റെ ഓവറിൽ നാല് റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറിൽ 16 റൺസ് ലക്ഷ്യം. ഹാർദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ മില്ലർ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പർ ക്യാച്ചിൽ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം.
ഇന്ത്യൻ സ്പിന്നർമാരെ കടന്നാക്രമിച്ചായിരുന്നു ദക്ഷിണാഫ്രിക്ക മുന്നേറിയത്. അക്‌സർ പട്ടേലിനും കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും താളം കണ്ടെത്താൻ അവസരം നൽകാത്ത ദക്ഷിണാഫ്രിക്കൻ തന്ത്രം പക്ഷേ പേസ് നിര പൊളിച്ചു. ബുംമ്രയും അർഷ്ദീപ് സിംഗും അവസാന ഓവറുകളിൽ തകർത്തെറിഞ്ഞപ്പോൾ അവസാന ഓവറിൽഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ബാറ്റിംഗിൽ തിളങ്ങി വിരാട് കോലിയും ഇന്ത്യൻ വിജയത്തിൽ നെടുംതൂണായി. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദികിന്റെ ഓവറിൽ സൂര്യകുമാർ പിടിച്ച ക്യാച്ച് നിർണ്ണായകമായി. ഈ ഫീൽഡിങ് മികവാണ് ഇന്ത്യയ്ക്ക് വിജയ കിരീടം നൽകിയത്. 21 റൺസുമായി ഡേവിഡ് മില്ലറെ മടക്കിയ ക്യാച്ച്. 13 കൊല്ലത്തിന് ശേഷമാണ് ഒരു ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ എത്തുന്നത്. 2011ൽ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയിരുന്നു. 2007ൽ ട്വന്റി ട്വന്റി കിരീടവും 1983ലെ ഏകദിന ലോകകിരീടവുമാണ് അതിന് മുമ്പ് ഇന്ത്യയുടെ ക്രിക്കറ്റിലെ വിശ്വ വിജയങ്ങൾ.
നേരത്തേ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസെടുത്തു. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ബാർബഡോസിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. വിരാട് കോലിയും നായകൻ രോഹിത് ശർമയും ഓപ്പണർമാരായി. രോഹിത്തിന് മികവ് കാട്ടാനായില്ല. 9 റൺസുമായി രോഹിത് മടങ്ങി. പിന്നാലെ പന്തും മടങ്ങിയതോടെ ഇന്ത്യ പകച്ചു. സൂര്യകുമാറിനും അധികനേരം പിടിച്ചുനിൽക്കാനാവാതെ വന്നു. ഇതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. ശ്രദ്ധയോടെ ബാറ്റേന്തി കോലി ഇന്ത്യയെ കരകയറ്റാൻ തുടങ്ങി.
പിന്നീട് അക്ഷർ പട്ടേലാണ് ക്രീസിലിറങ്ങിയത്. നാലാം വിക്കറ്റിൽ കോലിയും അക്ഷറും ചേർന്ന് രക്ഷാ ദൗത്യം നടത്തി. 31-പന്തിൽ നിന്ന് ഒരു ഫോറിന്റേയും നാല് സിക്സറുകളുടേയും അകമ്പടിയോടെ 47 റൺസെടുത്താണ് അക്ഷർ മടങ്ങിയത്. പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ സ്‌കോറുയർത്തി. കോലി അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 17 ഓവറിൽ 134-4 എന്ന നിലയിലെത്തി. 18-ാം ഓവറിൽ കോലിയുടെ സിക്സും ഫോറുമടക്കം ടീം 16 റൺസെടുത്തു. 18-ഓവറിൽ 150 റൺസ്. 19-ാം ഓവറിലും യാൻസനെ അടിച്ചുപറത്തിയ കോലി സ്‌കോറുയർത്തി. അഞ്ചാം പന്തിൽ കോലി പുറത്തായി. 59-പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 76 റൺസാണ് കോലിയെടുത്തത്.
ഒടുക്കം നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ശിവം ദുബെ 16 പന്തിൽ നിന്ന് 27 റൺസെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റിച്ച് നോർക്യേയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.