കേപ്ടൗൺ: അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

61 റൺസ് എടത്ത ശ്വേത സെഹ്രാവതാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ പർഷവി ചോപ്രയാണ് ന്യൂസിലൻഡിനെ തകർത്തത്. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും.

തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ ഷെഫാലി വർമയുടെ (10) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോൾ 33 റൺസ് മാത്രമായിരുന്നു സ്‌കോർബോർഡിലുണ്ടായിരുന്നത്. എന്നാൽ ശ്വേത- സൗമ്യ തിവാരി (26 പന്തിൽ 22) സഖ്യം ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. ശ്വേത അർധ സെഞ്ച്വറി നേടി. 45 പന്തിൽ എട്ട് ഫൊറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു ശ്വേതയുടെ ഇന്നിങ്സ്

കിവീസ് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കടന്നത്. പർഷവിക്ക് പുറമെ തിദാസ് സദു, മന്നത് കശ്യപ്, ഷെഫാലി, അർച്ചന ദേവി എന്നിവർ ഓരോ വിക്കറ്റെടുത്തു.