- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാക്സ്വെല്ലിന്റെ ആറാട്ട് വീണ്ടും! അവസാന പന്തിൽ ഇന്ത്യയിൽ നിന്നും വിജയ പിടിച്ചെടുത്തതിനൊപ്പം സെഞ്ച്വറിയും പൂർത്തിയാക്കി; ഗുവാഹത്തിൽ സൂര്യകുമാറിന്റെയും കൂട്ടരുടെയും തോൽവി അഞ്ച് വിക്കറ്റിന്; പാഴായത് ഋതുരാജ് ഗെയ്ക്വാദിന്റെ ഉജ്ജ്വല സെഞ്ച്വറി
ഗുവാഹത്തി: ലോകകപ്പിൽ ഓസ്‌ട്രേലിയയെ കപ്പിൽ മുത്തമിടാൻ ഇടയാക്കിയതിലേക്ക് നയിച്ചതിൽ അഫ്ഗാനിസ്ഥാനെതിരെ ഗ്ലെൻ മാക്‌സ് വെൽ നേടിയ വെടിക്കെട്ട് ഇരട്ട സെഞ്ച്വറി ഉണ്ടായിരുന്നു. അന്ന് കുതിപ്പു തുടങ്ങിയ ഓസീസ് ഇന്ത്യയിലെ ഫൈനലിൽ തോൽപ്പിച്ചു കപ്പെടുത്തതു വരെ നീണ്ടു. ഇപ്പോൾ വീണ്ടും നിർണായകമായ മത്സരത്തിൽ ഓസീസും മാക്സ്ലവെല്ലും വിശ്വരൂപം പുറപ്പെടുത്തു. ഗുവാഹത്തിയിലെ ട്വന്റി 20യിൽ നിർണായക മത്സരത്തിൽ മാക്‌സ്വെല്ലിന്റെ മികവിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് വിജയിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നിർണായക വിജയത്തോടെ പ്രതീക്ഷ നിലനിർത്തി ഓസ്‌ട്രേലിയ.
അവസാന പന്തുവരെ നീണ്ട ആവേശപോരിനൊടുവിലാണ ഇന്ത്യ തോറ്റത്. ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് മൂന്നാം ട്വന്റി20യിൽ ഓസീസിനെ വിജയത്തിലെത്തിച്ചത്. അവസാന പന്തിൽ ഫോറടിച്ചാണ് മാക്‌സ് വെൽ കളി വിജയിപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.
ഓസീസ് മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് ആദ്യ ജയം സ്വന്തമാക്കി. ആദ്യ രണ്ടു മത്സരങ്ങളിൽ ആതിഥേയർക്കായിരുന്നു ജയം. 48 പന്തിൽ മാക്സ്വെൽ 104 റൺസെടുത്ത് പുറത്താകാതെ നിന്നു. നായകൻ മാത്യു വെയ്ഡ് 28 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന രണ്ടു ഓവറിൽ ഓസീസിന് ജയിക്കാൻ 43 റൺസാണ് വേണ്ടിയിരുന്നത്. അക്‌സർ പട്ടേലിന്റെ 19ാം ഓവറിൽ 22 റൺസാണ് നേടിയത്. 20ാം ഓവർ എറിഞ്ഞ പ്രസിദ് കൃഷ്ണയുടെ അവസാന പന്തിലാണ് ഓസീസ് ജയം. ട്രാവിസ് ഹെഡ് (18 പന്തിൽ 35), ആരോൺ ഹാഡി (12 പന്തിൽ 16), ജോഷ് ഇംഗ്ലിസ് (ആറു പന്തിൽ 10), മാർകസ് സ്റ്റോയിനിസ് (21 പന്തിൽ 17), ടിം ഡേവിഡ് (പൂജ്യം) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റർമാർ.
ഇന്ത്യക്കായി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റും അർഷ്ദീപ് സിങ്, ആവേശ് ഖാൻ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി. ഗെയ്ക്വാദിന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്‌കോർ 200 കടത്തിയത്. 57 പന്തിൽ 123 റൺസെടുത്തു. ഏഴു സിക്‌സും 13 ഫോറുമാണ് താരം നേടിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്‌സാൾ ആറു റൺസും ഇഷാൻ കിഷൻ റണ്ണൊന്നും എടുക്കാതെയും മടങ്ങി. 24 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ രണ്ടു വിക്കറ്റ് നഷ്ടം. മൂന്നാം വിക്കറ്റിൽ നായകൻ സൂര്യകുമാറും ഗെയ്ക്വാദും ചേർന്ന അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
29 പന്തിൽ 39 റൺസെടുത്ത് സൂര്യകുമാർ പുറത്തായി. പിന്നാലെ ഗെയ്ക്വാദ് തിലക് വർമയെ കൂട്ടുപിടിച്ച് വമ്പനടികളുമായി കളം നിറയുകയായിരുന്നു. ഇരുവരും ചേർന്ന് 46 പന്തിൽ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാക്‌സ്വെല്ലിന്റെ അവസാന ഓവറിൽ മാത്രം 30 റൺസാണ് അടിച്ചെടുത്തത്. 24 പന്തിൽ 31 റൺസെടുത്ത് തിലക് വർമ പുറത്താകാതെ നിന്നു.
ഓസീസിനായി കെയ്ൻ റിച്ചാർഡ്സൺ, ജേസൺ ബെഹ്റെൻഡോർഫ്, ആരോൺ ഹാർഡി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടി ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുന്നത്.
സ്പോർട്സ് ഡെസ്ക്