- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബവുമയുടെ കണക്കൂകൂട്ടൽ തെറ്റിയില്ല; ഇന്ത്യൻ പേസർമാരുടെ ന്യൂബോളിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; കാര്യവട്ടം ടി 20 യിൽ ഇന്ത്യക്ക് ജയിക്കാൻ 107 റൺസ്; മൂന്നു വിക്കറ്റുമായി തിളങ്ങി അർഷദീപ് സിങ്ങ്

തിരുവനന്തപുരം: ദക്ഷണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവൂമയുടെ ദീർഘവീക്ഷണം ഇന്ത്യൻ ബൗളർമാർ ശരിവച്ചതോടെ കാര്യവട്ടം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിലൊതുക്കി ഇന്ത്യ. ആദ്യ മൂന്ന് ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്ക കഷ്ടിച്ചാണ് 100 പിന്നിട്ടത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 106 റൺസ്. 35 പന്തിൽ 41 റൺസെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ.
മഹാരാജിന് പുറമെ 24 പന്തിൽ 25 റൺസെടുത്ത ഏയ്ഡൻ മാർക്രവും 37 പന്തിൽ 24 റൺസെടുത്ത വെയ്ൻ പാർണലും മാത്രമെ ദക്ഷിണാഫ്രിക്കൻ നിരയിൽ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് മുൻപായി ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവൂമ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ പിച്ചിൽ ഇന്ത്യൻ ബൗളർമാരുടെ ന്യൂബോളുകൾ ഭയപ്പെടണമെന്ന്. മത്സരത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് ബവൂമ ഇക്കാര്യമറിയിച്ചത്.
ബവൂമയുടെ ദീർഘവീക്ഷണവും ഊഹവും തെറ്റിയില്ല. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാരുടെ ന്യൂബോളുകൾ ദക്ഷിണാഫ്രിക്കയെ തകർച്ചയിലേക്ക് തള്ളിയിട്ടു. നന്നായി സ്വിങ് ചെയ്യിക്കാൻ കെൽപ്പുള്ള അർഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേർന്ന് വെറും 2.3 ഓവറിൽ അഞ്ച് ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരുടെ വിക്കറ്റാണ് വീഴ്‌ത്തിയത്. വെറും ഒൻപത് റൺസ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായത്.
ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വർ കുമാറിനും പകരം ടീമിലിടം നേടിയ അർഷ്ദീപും ചാഹറും കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. ഇരുവരുടെയും സ്വിങ് ബൗളിങ്ങിൽ ദക്ഷിണാഫ്രിക്ക തകർന്നു.
മത്സരത്തിന് മുന്നോടിയായി ബവൂമ പറഞ്ഞത് ഇങ്ങനെയാണ് 'ഇന്ത്യൻ ബൗളർമാരുടെ ന്യൂബോളുകൾ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്. അവർക്ക് പന്ത് നന്നായി സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. ദക്ഷിണാഫ്രിക്കൻ പിച്ചിനേക്കാൾ സ്വിങ് ഇന്ത്യയിലുണ്ട്. ആദ്യ ഓവറുകളിൽ സൂക്ഷിച്ച് മാത്രമേ ബാറ്റുവീശൂ''. ബവൂമയുടെ ദീർഘവീക്ഷണം ശരിയാകുന്ന കാഴ്ചയ്ക്കാണ് തിരുവനന്തപുരം സാക്ഷിയായത്.
ദീപക് ചാഹർ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്ക വിറച്ചു. വായുവിൽ പന്ത് അകത്തേക്കും പുറത്തേക്കും സ്വിങ് ചെയ്ത ദീപക് ചാഹർ ഓവറിലെ അവസാന പന്തിൽ മനോഹരമായൊരു ഇൻസ്വിംഗറിലൂടെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമയുടെ മിഡിൽ സ്റ്റംപെടുത്തു. നാലു പന്ത് നേരിട്ട ബാവുമക്ക് അക്കൗണ്ട് തുറക്കാനായില്ല.വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന മാത്രമായിരുന്നു അത്.
പവർ പ്ലേയിലെ രണ്ടാം ഓവറിൽ രണ്ടാം പന്തിൽ തന്നെ അപകടകാരിയായ ക്വിന്റൺ ഡീ കോക്കിന്റെ(1) സ്റ്റംപിളക്കിയ അർഷ്ദീപ് അഞ്ചാമത്തെ പന്തിൽ റോസോയെ(0) വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്ന ഡേവിഡ് മില്ലറെ ഗോൾഡൻ ഡക്കാക്കി അർഷ്ദീപ് മൂന്നാമത്തെ പ്രഹരവുമേൽപ്പിച്ചു.
കൂട്ടത്തകർക്ക് തടയിടാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവിടംകൊണ്ടും കഴിഞ്ഞില്ല. തന്റെ രണ്ടാം ഓവറിൽ ട്രൈസ്റ്റൻ സ്റ്റബ്‌സിനെ കൂടി മടക്കിദീപക് ചാഹർ ദക്ഷിണാഫ്രിക്കയുടെ തകർച്ച വേഗത്തിലാക്കി. കൂടുതൽ നഷ്ടങ്ങളില്ലാതെ പവർ പ്ലേ പിന്നിട്ടെങ്കിലും പിന്നാലെ എട്ടാം ഓവറിൽ ഹർഷൽ പട്ടേൽ പൊരുതി നോക്കിയ ഏയ്ഡൻ മാർക്രത്തെ(25) വിക്കറ്റിന് മുന്നിൽ കുടുക്കി. ഓൺഫീൽഡ് അമ്പയർ ഔട്ട് വിളിച്ചില്ലെങ്കിലും റിവ്യൂവിലൂടെയാണ് ഇന്ത്യ മാർക്രത്തെ മടക്കിയത്.
42-6 എന്ന സ്‌കോറിൽ നാണക്കേടിന്റെ പടുകുഴിയിലായ ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജും വെയ്ൻ പാർണലും ചേർന്ന് പിടിച്ചു നിന്ന് പൊരുതി നോക്കി. ഏഴോവറോളം പിടിച്ചു നിന്ന ഇരുവരും ദക്ഷിണാഫ്രിക്കയെ 68 റൺസിലെത്തിച്ചെങ്കിലും അക്‌സറിനെ സിക്‌സ് പറത്താൻ ക്രീസ് വിട്ടിറങ്ങിയ പാർണലിനെ(37 പന്തിൽ 24) സൂര്യകുമാർ ബൗണ്ടറിയിൽ പറന്നുപിടിച്ചു. കാഗിസോ റബാഡയെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ കേശവ് മഹാരാജ് നടത്തിയ ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കൻ സ്‌കോറിന് കുറച്ചെങ്കിലും മാന്യത നൽകിയത്.
അർഷ്ദീപ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച മഹാരാജ് ദക്ഷിണാഫ്രിക്കയെ 100 കടത്തി. ഇന്ത്യക്കായി ദീപക് ചാഹർ നാലോവറിൽ 24 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ് സിങ് നാലോവറിൽ 32 റൺസിന് മൂന്ന് വിക്കറ്റെടുത്തു. അക്‌സർ നാലോവറിൽ 16 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ ഹർഷൽ പട്ടേൽ നാലോവറിൽ റൺസിന് ഒരു വിക്കറ്റെടുത്തു. നാലോവർ എറിഞ്ഞ അശ്വിൻ എട്ട് റൺസ് മാത്രമാണ് വഴങ്ങിയത്.


