- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ലോകകപ്പിലെ സെമി തോൽവിക്ക് ഇന്ത്യക്ക് പകരം വീട്ടണം; മുംബൈ വാംഖഡയിൽ കീവിസിനെ നേരിടാൻ രോഹിതും കൂട്ടരും ഇറങ്ങുന്നത് കണക്കു തീർക്കാൻ; ഫൈനൽ ടിക്കറ്റ് ലഭിക്കുന്നത് ആർക്ക്?
മുംബൈ: ക്രിക്കറ്റ് ലോകകപ്പിലെ ലോകം കാത്തിരുന്ന പോരാട്ടം ഇന്ന് ഉച്ചയ്ക്ക് 2.30തോടെ. 2019 ലോകകപ്പ് സെമി തോൽവിക്ക് പകരം വീട്ടി ഫൈനൽ ഉറപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ ഒറ്റ മനസ്സായി കിവീസിനെ തോൽപ്പിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തിൽ രോഹിത് ശർമയ്ക്കും കൂട്ടർക്കും ഇന്ന് സെമിയിൽ എതിരാളി കെയ്ൻ വില്യംസണും കൂട്ടരുമാണ്.
2019ൽ കിവികളോട് തോറ്റ് മടങ്ങിയ അവസ്ഥയല്ല ഇന്ന് ഇന്ത്യൻ ടീമിന്റേത്. അടിമുടി മാറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ തിളങ്ങുന്ന താരനിര കപ്പ് ഉയർത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ലോകകപ്പിൽ തുടർച്ചയായി ഒൻപത് മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യ സെമിയിൽ കീവിസിനെ നേരിടുന്നത്.
രോഹിത്തിനുകീഴിൽ ടീം ഏറെ സന്തുലിതമാണ്. ഈ ലോകകപ്പിൽ ആകെ 396.2 ഓവറിൽ 2523 റണ്ണാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 450 ഓവറിൽ ആകെ വഴങ്ങിയത് 1708 റണ്ണും. 10 ബൗളർമാർ ചേർന്ന് 85 വിക്കറ്റുകൾ നേടി. റണ്ണടിയിൽ രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 594 റണ്ണുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. 503 റണ്ണുമായി ക്യാപ്റ്റനുമുണ്ട് പട്ടികയിൽ. 24 സിക്‌സറും 58 ഫോറും രോഹിത്തിന്റെ റൺശേഖരത്തിന് അകമ്പടിയുണ്ട്.
കോഹ്ലിക്കും രോഹിത്തിനും പുറമേ ലോകേഷ് രാഹുലും ജസ്പ്രീത് ബുമ്രയും ശ്രേയസ്സ് അയ്യരും അടക്കം എല്ലാവരും ഫോമിലാണ് എന്നതാണ് പ്രതീക്ഷ നൽകുന്നത്.തുടർച്ചയായ രണ്ട് ഫൈനലുകൾ തോറ്റ ടീമാണ് ന്യൂസിലൻഡ്. തുടർച്ചയായി സെമി മത്സരങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസമാണ് മുതൽക്കൂട്ട്. രചിൻ രവീന്ദ്രയെന്ന റൺ മെഷീൻ കിവികൾക്ക് പ്രതീക്ഷ നൽകുന്നു. ഗ്ലെൻ ഫിലിപ്‌സ് ഓൾ റൗണ്ടർ എന്ന നിലയിൽ വാംഖഡെയിൽ മുതൽക്കൂട്ടാകും. പരിക്ക് കിവികളെ ചെറുതായി ഉലച്ചിട്ടുണ്ട്. എങ്കിലും സമ്മർദഘട്ടത്തിൽ കളിക്കാൻ ന്യൂസിലൻഡിന് പ്രത്യേക കഴിവാണ്.
നിലവിലെ വിജയ ഇലവനിൽ ഒരു പരീക്ഷണത്തിന് മുതിരേണ്ട സാഹചര്യം ഇപ്പോഴില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിലാണ്. ആറു സ്‌പെഷലിസ്റ്റ് ബാറ്റർമാരെയും ഒരു ഓൾറൗണ്ടറെയും മൂന്നു പേസർമാരെയും ഒരു സ്പിന്നറെയും ഇന്ത്യ ഇറക്കും.
സാധ്യത ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
താരങ്ങളെല്ലാം ഫിറ്റാണെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മത്സരത്തലേന്ന് അറിയിച്ചത് ഇലവനിൽ മാറ്റമുണ്ടാവില്ലെന്നതിന്റെ സൂചനയാണ്. പേസ് ബൗളർ ലോക്കി ഫെർഗൂസണെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും കളിക്കുമെന്നാണ് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്.
സാധ്യത ടീം: ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, 5 ടോം ലതാം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, ടിം സോത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.
സ്പോർട്സ് ഡെസ്ക്