കൊളംബോ: കൊളംബോയിൽ മഴ കളിച്ചതോടെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റി. ശക്തമായ മഴ തുടരുന്നതിനാലാണ് മത്സരം രണ്ടാം ദിനത്തിലേക്ക് നീട്ടിയത്. ഇടയ്ക്ക് മഴ മാറി ഒമ്പത് മണിയോടെ മത്സരം തുടരുവാൻ തീരുമാനിച്ചിരുന്നു. 34 ഓവറാക്കി ചുരുക്കി മത്സരം നടത്തുവാനാണ് തീരുമാനിച്ചത്. എന്നാൽ എട്ടരയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായതോടെ മത്സരം മാറ്റിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കളി പുനഃരാരംഭിക്കാൻ കഴിയാതെ വന്നതിനാൽ നാളെ 50 ഓവറായി തന്നെ മത്സരം നടക്കും.

മഴയെതുടർന്ന് മത്സരം നിർത്തിവെച്ചപ്പോൾ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റിന് 147 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ചുറി നേടി. ഇരുവരുടെയും വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി.

49 പന്തുകൾ നേരിട്ട രോഹിത് നാല് സിക്സും ആറ് ഫോറും സഹിതം 56 റൺസ് നേടി. 52 പന്തുകൾ നേരിട്ട ഗിൽ 10 ഫോറുകളോടെയാണ് 58 റൺസ് നേടിയത്. മത്സരം നിർത്തുമ്പോൾ വിരാട് കോഹ്ലി എട്ട് റൺസുമായും കെ എൽ രാഹുൽ 17 റൺസുമായും ക്രീസിലുണ്ട്. പാക്കിസ്ഥാന് വേണ്ടി ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് ലഭിച്ച പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർമാർ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 121 റൺസ് കൂട്ടിചേർത്തു. ഗില്ലായിരുന്നു കൂടുതൽ അപകടകാരി. രോഹിത്താവട്ടെ നസീം ഷാക്കെതിരെ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്തു. എങ്കിലും ഷഹീനെതിരെ സിക്‌സടിച്ചാണ് രോഹിത് തുടങ്ങിയത്. മറുവശത്ത് ഗിൽ ഉത്തരവാദിത്തം ഏറ്റെടുത്തു. നസീമിനെതിരെ വിയർത്തെങ്കിലും വൈകാതെ രോഹിത്തും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറി. രോഹിത്താണ് ആദ്യം മടങ്ങുന്നത്.

37 ബോളിൽ നിന്ന് ഗിൽ ആണ് ആദ്യം അർധ ശതകം തികച്ചത്. വൈകാതെ 42 ബോളിൽ രോഹിതും അർധ സെഞ്ചുറി നേടി. 49 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സറുമടക്കം 56 റൺസ് എടുത്തു നിൽക്കെ ഷദാബ് ഖാന്റെ പന്തിൽ ഫഹീം അഷ്‌റഫിന് ക്യാച്ച് നൽകി രോഹിത് മടങ്ങി. തൊട്ടടുത്ത ഓവറിൽ ഷഹീൻ അഫ്രീദിയെ പന്തേൽപ്പിച്ച ബാബർ അസമിന് തെറ്റിയില്ല. മികച്ച ഫോമിൽ ബാറ്റിങ് തുടർന്ന ശുഭ്മാൻ ഗില്ലിനെ അഫ്രീദി പുറത്താക്കി. 52 പന്തിൽ പത്ത് ബൗണ്ടറിയടക്കം 58 റൺസ് എടുത്ത ഗിൽ ആഗ സൽമാന് ക്യാച്ച് നൽകി മടങ്ങി.

ഇന്ത്യൻ നിരയിൽ കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 81 പന്തിൽ 82 റൺസടിച്ച് ഇന്ത്യൻ ഇന്നിങ്സിനെ താങ്ങി നിർത്തിയ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തി.

നേപ്പാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ പേസർ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായപ്പോൾ ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ഷാർദ്ദുൽ താക്കൂറും ഹാർദ്ദിക് പാണ്ഡ്യയുമാണ് ടീമിലെ മറ്റ് പേസർമാർ. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാാണ് ടീമിലുള്ളത്. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്.

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തിരുന്നു. ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ പോരാട്ടമാണിത്. ഇന്ന് ഇന്ത്യയെ തോൽപ്പിച്ചാൽ പാക്കിസ്ഥാന് ഫൈനൽ ഉറപ്പിക്കാം.