- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രോളുകളിൽ നിറഞ്ഞ് ഇന്ത്യ- പാക് മത്സരത്തിലെ വിൻ പ്രഡിക്ഷൻ
ന്യൂയോർക്ക്:ചിരവൈരികളായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഏതൊരു മത്സരവും പ്രത്യേകിച്ച് ക്രിക്കറ്റ് കായികലോകത്തിന് തന്നെ എന്നും ഹരമാണ്.ടിക്കറ്റ് വിൽപ്പനയിൽ തുടങ്ങി ടെലിവിഷൻ തത്സമയ സംപ്രേഷണം മുതൽ ഇപ്പോൾ നവമാധ്യമങ്ങൾക്ക് വരെ ഈ മത്സരത്തിന്റെ ഗുണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നും ലഭിക്കുന്നുണ്ട്.അവസാന പന്തുവരെ നിറഞ്ഞു നിൽക്കുന്ന അനിശ്ചിതത്വം തന്നെയാണ് ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തെ കായികപ്രേമികളുടെ പ്രിയപ്പെട്ടതാക്കുന്നതും.ഈ അനിശ്ചിതത്വം ഇപ്പോൾ വലിയ പണികൊടുക്കുന്നത് ക്രിക്കറ്റിലെ വിൻപ്രഡിക്ഷന് കൂടിയാണ്.കഴിഞ്ഞ ടി 20 ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടത്തിന് സമാനമായി ഇന്നലെയും കിട്ടി വിൻപ്രഡിക്ഷന് നല്ല എട്ടിന്റെ പണി.
എല്ലാ പ്രവചനീയതയെയും കാറ്റിൽ പറത്തിയുള്ള ഇന്ത്യയുടെ അവിശ്വനീയമായ തിരിച്ചുവരാണ് ഈ രണ്ടുമത്സരങ്ങളിലും കണ്ടത്.അന്ന് കോഹ്ലിയെങ്കിൽ ഇത്തവണ ബുംറയായിരുന്നു വിൻ പ്രഡിക്ഷന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചത്.മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് ഈ സമയം വിജയസാധ്യത പ്രവചിക്കുന്ന വിൻ പ്രഡിക്ടറിൽ സാധ്യത പ്രവചിച്ചത് ഇന്ത്യക്ക് എട്ട് ശതമാവും പാക്കിസ്ഥാന് 92 ശതമാനവും ആയിരുന്നു."ടെലിവിഷൻ സ്‌ക്രീനിലേയ്ക്ക് നോക്കൂ.അവിടെ ഈ മാച്ചിനെക്കുറിച്ചുള്ള വിൻ പ്രെഡിക്ടർ കാണാം. ഇന്ത്യയ്ക്ക് 8% വിജയസാദ്ധ്യത മാത്രമാണ് വിദഗ്ദർ പ്രവചിക്കുന്നത്. എനിക്ക് ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു...!"എന്നാണ് മത്സരത്തിനിടയ്ക്ക് കമന്ററി ബോക്സിലിരുന്ന് പാക്കിസ്ഥാനി മുൻ ഫാസ്റ്റ് ബോളറായ വഖാർ യൂനീസ് പറഞ്ഞത്.
ആ സമയം പാക്കിസ്ഥാൻ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു.അവർക്ക് 36 പന്തുകളിൽനിന്ന് 40 റണ്ണുകൾ മാത്രമാണ് വേണ്ടിയിരുന്നത്. പാക്കിസ്ഥാന്റെ സ്റ്റാർ ബാറ്ററായ മൊഹമ്മദ് റിസ്വാൻ ക്രീസിലും.അടുത്ത നിമിഷം കളി മാറി..ഒരു തകർപ്പൻ ഇൻസ്വിങ്ങറിലൂടെ ബുംറ റിസ്വാനെ കൂടാരം കയറ്റി.ഇവിടെത്തുടങ്ങി വിൻ പ്രഡിക്ഷന്റെയും പാക്കിസ്ഥാന്റെയും കണക്കുകൾ തെറ്റാൻ.അതുവരെ മൂകമായിരുന്ന നാസൗ കൗണ്ടി സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. ഈ സമയം കമന്ററ്റർമാർ ഇനി ആ വിൻ പ്രഡിക്ടർ ഒന്നുകൂടി കാണിക്കണമെന്ന് ബ്രോഡ്കാസ്റ്റർമാരോട് തമാശയായി പറയുകയും ചെയ്തു.റിസ്വാൻ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ബാക്ക് ഫൂട്ടിലായതോടെ വിൻ പ്രഡിക്ടറിലും മാറ്റം വന്നു. അല്ലെങ്കിൽ ബുംറ മാറ്റം വരുത്തിച്ചു.
ഇതോടെ ഇന്ത്യയുടെ സാധ്യത 16 ശതമാനമായി.പിന്നീട് പടി പടിയായി പതിനെട്ടാം ഓവറെത്തുമ്പോഴേക്കും ഇന്ത്യയുടെ സാധ്യത 42 ശതമാനാമായി.അപ്പോഴും 12 പന്തിൽ 21 റൺസ് മതിയായിരുന്നു പാക്കിസ്ഥാന്.പ്രഡിക്ഷനിൽ മുൻതൂക്കം പാക്കിസ്ഥാന് തന്നെ.വീണ്ടും ബുംറ അവതരിച്ചു.പത്തൊമ്പതാം ഓവറിൽ ബുംറ വഴങ്ങിയത് വെറും 3 റൺസ്!.ഒരു ഓഫ്കട്ടർ,ഒരു സ്ലോ ബൗൺസർ,ഒരുപേസ് ഓൺ ഷോർട്ട് ഓഫ് എ ലെങ്ത്ത് ഡെലിവെറി എന്നിങ്ങെ വ്യത്യസ്തകളാൽ സമ്പന്നമായിരുന്നു ബുംറയുടെ ആ ഓവർ.കൂടാതെ
ഇഫ്തിഖറിനെ പുറത്താക്കുകയും ചെയ്തു.അങ്ങിനെ ബുംറ വിൻ പ്രഡിക്ഷന്റെയും പാക്കിസ്ഥാന്റെയും പ്രതീക്ഷകൾക്ക് മേൽ അവസാന ആണിയും അടിച്ചു.
വിൻപ്രഡിക്ഷന് വീണ്ടും ഇന്ത്യ പണികൊടുത്തതോടെ സോഷ്യൽ മീഡിയയിലും ട്രോളുകൾ പ്രവഹിക്കാൻ തുടങ്ങി. ആദ്യത്തെ പ്രഡിക്ഷന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പം ഓസ്്ട്രേലിയൻ മുൻതാരം ജസ്റ്റിൻലാംഗറുടെ ചിത്രം ഉൾപ്പെടുത്തി.. ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ഇന്ത്യ എന്നും മലയാള സിനിമ ഡയലോഗും ഒക്കെ ചേർത്തായിരുന്നു ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.കണിപ്പയ്യൂരിനും കിട്ടി ഇ വകയിൽ ഒരു ട്രോൾ..ഇവരെന്നെ കാണിപ്പയൂർ ആക്കിയെടാ എന്ന വിലപിച്ച പ്രഡിക്ഷനും സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഈ പ്രഡിക്ഷൻ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചിരുന്നു.മത്സരത്തിനുശേഷം സ്റ്റാൻ സ്പോർട്സിന്റെ വിൻ പ്രഡിക്ടറിന്റെ സ്‌ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി റിഷഭ് പന്ത് പങ്കുവെക്കുകയും ചെയ്തു.