- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ക്രിക്കറ്റിലെ 'എൽക്ലാസിക്കോ' ഇന്ന്; ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ; ശുഭ്മാൻ ഗിൽ കളിക്കുമെന്ന് സൂചിപ്പിച്ചു രോഹിത് ശർമ്മ; ബോളിവുഡ് താരങ്ങൾ അടക്കമുള്ളവർ കളികാണാൻ എത്തും
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരം ഇന്ന്. ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക. 2 മണിക്കാണ് മത്സരം. ഏകദിന ലോകകപ്പിൽ ഇന്ത്യ ഇതുവരെയും പാക്കിസ്ഥാനോട് തോൽവി അറിഞ്ഞിട്ടില്ല. ആ അവസ്ഥ നിലനിർ്ത്തുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ കളത്തിൽ ഇറങ്ങുക.
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ ആദ്യഇലവനിൽ ഉണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റൻ രോഹിത് ശർമ പങ്കുവെച്ചത്. വിഐപികളടക്കം ഒരു ലക്ഷത്തിലേറെ പേർ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേർക്കുനേർ വരുമ്പോഴെല്ലാം ആവേശം ഉച്ഛസ്ഥായിലെത്തുന്ന മത്സരം. ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുകൂട്ടരും പ്രതീക്ഷിക്കുന്നില്ല.
ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരെ വീഴ്ത്താൻ എത്തുന്ന രണ്ടാം സ്ഥാനക്കാർക്ക് എന്ത് അത്ഭുതം സൃഷ്ടിക്കാനാകും എന്നാണ് അഹമ്മദാബാദിലെത്തുന്ന ഓരോ ക്രിക്കറ്റ് പ്രേമിയും ഉറ്റുനോക്കുന്നത്. ഓസ്ട്രേലിയയെയും അഫ്ഗാനിസ്താനെയും അനായാസം മറികടന്നാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. നെതർലൻഡ്സിനോട് വിറച്ചെങ്കിലും ലങ്കയ്ക്ക് മുന്നിൽ ബാറ്റിങ് കരുത്ത് കാട്ടിയ പാക്കിസ്ഥാനും മൂന്നാം ജയം തേടുന്നു. വിരാട് കോലി, രോഹിത് ശർമ, രാഹുൽ എന്നിവർ മികവ് കാട്ടിയതും ബുംറ ന്യുബോളിൽ തിളങ്ങുന്നതും ഇന്ത്യക്ക് കരുത്താണ്. ഒപ്പം ശുഭ്മാൻ ഗിൽ ആരോഗ്യവാനെന്ന ക്യാപ്റ്റന്റെ പ്രഖ്യാപനവും നീലപ്പടയ്ക്ക് ആശ്വാസം നൽകുന്ന കാര്യങ്ങളാണ്.
എന്നാൽ ഗിൽ വന്നാൽ ആര് പുറത്തുപോകുമെന്നതാണ് ചോദ്യം. ഇഷാൻ കിഷനോ ശ്രേയസ് അയ്യർക്കോ സ്ഥാനമിളകും. ലോക റാങ്കിംഗിൽ രണ്ടാമനായ മുഹമ്മദ് സിറാജിന്റെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നം. പേസർ മുഹമ്മദ് ഷമിയെ പുറത്തിരുത്തുന്നതിലാവട്ടെ വിമർശനമുയരുന്നുണ്ട്. മുഹമ്മദ് റിസ്വാൻ, അബ്ദുള്ള ശെഫീഖ്, സൗധ് ഷക്കീൽ എന്നിവർ തിളങ്ങി നിൽക്കുന്നതും ഹസൻ അലി വിക്കറ്റെടുക്കുന്നതും പാക്കിസ്ഥാന് ആത്മവിശ്വാസം നൽകുന്നു.
എന്നാൽ പേര് കേട്ട പേസ് പട ക്ലിക്കാകാത്തതിന്റെ നിരാശയുണ്ട് അവർക്ക്. ഒപ്പം ബാബർ അസമും ഫഖർ സമാനും സ്കോർ ചെയ്യാത്തതിലെ ആശങ്കയും. ഇന്ത്യക്ക് ലഭിക്കുന്ന ആരാധകരുടെ പിന്തുണയും പാക്കിസ്ഥാന് കീറാമുട്ടിയാണ്. രണ്ട് ടീമും അഹമ്മദാബാദിൽ ഇന്നലെ പരിശീലനത്തിനിറങ്ങി. ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിലുള്ള ഇന്ത്യ വിജയക്കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കണം. ബാബർ അസത്തിനും ഫഖർ സമാനും സ്വതന്ത്രമായി വിഹരിക്കാൻ അവസരം നൽകരുതെന്ന് മാത്രം.
സിനിമാ-കായിക രംഗത്തെ പ്രമുഖർ മത്സരം കാണാനെത്തുമെന്നാണ് റിപ്പോർട്ട്. അമിതാഭ് ബച്ചൻ, രജനികാന്ത്, സച്ചിൻ ടെൻഡുൽക്കർ എന്നിവർ മത്സരം കാണാൻ വിഐപി പവലിനിയനിലുണ്ടാകുമെന്നാണ് സൂചന. ഗായകൻ ശങ്കർ മഹാദേവൻ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടക്കും.
ടീം ഇന്ത്യ
രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (ഉപനായകൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ആർ. അശ്വിൻ, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്.
ടീം പാക്കിസ്ഥാൻ
ബാബർ അഅ്സം (ക്യാപ്റ്റൻ), ശദാബ് ഖാൻ, ഫഖർ സമാൻ, ഇമാമുൽ ഹഖ്, അബ്ദുല്ല ശഫീഖ്, മുഹമ്മദ് റിസ്വാൻ, സഊദ് ശകീൽ, ഇഫ്തിഖാർ അഹ്മദ്, സൽമാൻ അലി ആഖ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റഊഫ്, ഹസൻ അലി, ശഹീൻ അഫ്രീദി, മുഹമ്മദ് വസീം.
സ്പോർട്സ് ഡെസ്ക്