- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചൂറിയനിലെ ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി; ഇന്നിങ്സിനും 32 റൺസിനും ദക്ഷിണാഫ്രിക്കയോട് കീഴടങ്ങി; കോഹ്ലി പൊരുതി നോക്കിയെങ്കിലും പ്രോട്ടീസിന്റെ ലീഡിന് മുന്നിൽ തലകുനിച്ചു

സെഞ്ചൂറിയൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ, രോഹിത് ശർമ നയിച്ച ടീം ഇന്ത്യക്ക് സെഞ്ചൂറിയനിൽ, ദക്ഷിണാഫ്രിക്കയോട് നാണം കെട്ട തോൽവി. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ 131 റൺസിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക ഒരു ഇന്നിങ്‌സിന്റെയും 32 റൺസിന്റെയും ജയം കുറിച്ചത്. വിരാട് കോഹ്ലി 76 റൺസ് എടുത്ത് തിളങ്ങിയെങ്കിലും, പ്രോട്ടീസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാൻ ഇന്ത്യക്കായില്ല.
163 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കൂട്ടിച്ചേർക്കാനായത് വെറും 131 റൺസ് മാത്രം. ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 163 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടയിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 408 റൺസിന് പുറത്തായി.
രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്ലി മാത്രമാണ് പൊരുതി നിന്നത്. 82 പന്തിൽ 76 റൺസെടുത്ത കോഹ്ലി 12 ഫോറുകളും ഒരു സിക്സും പറത്തി. കോഹ്ലി പോരാടിയില്ലെങ്കിൽ, ഇന്ത്യയുടെ നില ഇതിലും പരിതാപകരമാകുമായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ ഇന്നിങ്സ് തോൽവിയുടെ വലിയ നാണക്കേടാണ് നേരിട്ടത്. പത്താം വിക്കറ്റായി മടങ്ങിയത് കോഹ്ലിയാണ്.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് 96 റൺസ് ചേർക്കുന്നതിനിടെ ആറ് മുൻനിര വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഏഴാം വിക്കറ്റ് 105ലും എട്ടാം വിക്കറ്റ് 113ലും വീണു. ഒൻപതാം വിക്കറ്റ് 121 റൺസിലും നഷ്ടമായി. പത്താം വിക്കറ്റ് 131 റൺസിലും അവസാനിച്ചു. ഇന്നിങ്സിനു തിരശ്ശീല വീഴുമ്പോൾ പ്രസിദ്ധ് കൃഷ്ണ പുറത്താകാതെ നിന്നു. കോഹ്ലിക്ക് പുറമെ 26 റൺസെടുത്ത ശുഭ്മാൻ ഗിൽ മാത്രമാണ് പിടിച്ചു നിന്നത്. മറ്റൊരാളും രണ്ടക്കം കടന്നില്ല.

രോഹിത് ശർമ (0), യശസ്വി ജയ്സ്വാൾ (5), ശ്രേയസ് അയ്യർ (6), കെഎൽ രാഹുൽ (4), ആർ അശ്വിൻ (0), ശാർദുൽ ഠാക്കൂർ (2), ജസ്പ്രിത് ബുമ്ര (0) എന്നിവരെല്ലാം അതിവേഗം തന്നെ മടങ്ങി.
ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബർഗർ നാല് വിക്കറ്റുകൾ നേടി. മാർക്കോ ജാൻസൻ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. കഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു. ബുമ്ര റണ്ണൗട്ടായി മടങ്ങി. നാന്ദ്രെ ബർഗർ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കി. ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റെടുത്ത താരം ആകെ ഏഴ് വിക്കറ്റുകൾ നേടി.
അഞ്ചിന് 256 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് പുറത്തായത്.
287 പന്തിൽ നിന്ന് 28 ബൗണ്ടറികളോടെ 185 റൺസെടുത്ത ഓപ്പണർ ഡീൻ എൽഗറാണ് പ്രോട്ടീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മൂന്നാം ദിനം എൽഗർ - മാർക്കോ യാൻസൻ കൂട്ടുകെട്ടാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. 111 റൺസാണ് ഈ സഖ്യം പ്രോട്ടീസ് സ്‌കോറിലേക്ക് ചേർത്തത്. 147 പന്തുകൾ നേരിട്ട് ഒരു സിക്‌സും 11 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്ന യാൻസന് പക്ഷേ നിർഭാഗ്യവശാൽ സെഞ്ചുറിയിലേക്കെത്താനായില്ല. അവസാന വിക്കറ്റായ നാന്ദ്രെ ബർഗറുടെ (0) കുറ്റി തെറിപ്പിച്ച് ബുംറ പ്രോട്ടീസ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
ഏയ്ഡൻ മാർക്രം (5), ടോണി ഡി സോർസി (28), കീഗൻ പീറ്റേഴ്‌സൻ (2), ഡേവിഡ് ബെഡിങ്ങാം (56), കൈൽ വെരെയ്ൻ (4), ജെറാൾഡ് കോട്ട്സി (19), കാഗിസോ റബാദ (1) എന്നിവരാണ് പുറത്തായ താരങ്ങൾ. ആദ്യദിനം ഫീൽഡിങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.
ഡീൻ എൽഗാറിന്റെ സെഞ്ചുറി കരുത്തിൽ 256-5 എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 392 റൺസെന്ന നിലയിലായിരുന്നു. മൂന്നാം ദിനം ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ ഡീൻ എൽഗാർ - മാർക്കോ യാൻസൻ സഖ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ദിനം മേൽക്കൈ നൽകിയത്. 249 റൺസിൽ ഒത്തു ചേർന്ന ഇരുവരും 360 റൺസിലാണ് വേർപിരിഞ്ഞത്. 287 പന്തിൽ 185 റൺസെടുത്ത എൽഗാറിനെ ഷാർദ്ദുൽ താക്കൂർ ഷോർട്ട് ബോളിൽ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
നേരത്തേ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 245 റൺസിന് പുറത്തായിരുന്നു. പ്രോട്ടീസ് പേസർമാർക്കെതിരേ പിടിച്ചുനിന്ന് സെഞ്ചുറി നേടിയ കെ.എൽ രാഹുലിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 137 പന്തിൽ നിന്ന് നാല് സിക്സും 14 ഫോറുമടക്കം 101 റൺസെടുത്ത രാഹുൽ പത്താമനായാണ് പുറത്തായത്. എട്ടിന് 208 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 37 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസർ കാഗിസോ റബാദയാണ് ഇന്ത്യയെ തകർത്തത്. നാന്ദ്രെ ബർഗർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.


