ക്രൈസ്റ്റ്ചർച്ച്: അവസാന ദിവസത്തെ അവസാന പന്തുവരെ നീണ്ട അവേശപ്പോരിൽ ശ്രീലങ്കയെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് കീഴടക്കിയതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ബർത്ത് ഉറപ്പിച്ചു. അഹമ്മദബാദ് ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചെങ്കിലും കിവീസിന്റെ മിന്നും ജയമാണ് ഇന്ത്യയ്ക്ക് ഫൈനൽ ബർത്ത്് ഉറപ്പിക്കാൻ വഴിയൊരുങ്ങിയത്.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ രണ്ട് വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത്. ജയിക്കാൻ 285 റൺസ് വിജയലക്ഷ്യവുമായി അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് കെയ്ൻ വില്യംസന്റെ സെഞ്ചുറി മികവിൽ അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് വിജയത്തിലെത്തിയത്. പുറത്താകാതെ 121 റൺസ് നേടിയ മുൻ നായകൻ വില്യംസണിന്റെ ചെറുത്ത് നിൽപ്പാണ് കിവികളെ തുണച്ചത്. സ്‌കോർ: ശ്രീലങ്ക - 355/10, 302/10, ന്യൂസീലൻഡ് - 373/10, 285/8.

അഷിത ഫെർണാണ്ടോ എറിഞ്ഞ അഞ്ചാം ദിവസത്തെ അവസാന ഓവറിൽ കിവീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. മാറ്റ് ഹെന്റി റണ്ണൗട്ടായെങ്കിലും ഒരു ബൗണ്ടറി കണ്ടെത്തിയ വില്യംസൺ അവസാന പന്തിൽ ഒരു റണ്ണൗട്ടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

സെഞ്ചുറി നേടിയ വില്യംസൺ 194 പന്തിൽ നിന്ന് ഒരു സിക്സും 11 ബൗണ്ടറിയുമടക്കം 121 റൺസോടെ പുറത്താകാതെ നിന്നു. 86 പന്തിൽ 81 റൺസെടുത്ത ഡാരിൽ മിച്ചലിന്റെ ഇന്നിങ്സും വിജയത്തിൽ നിർണായകമായി. നാലാം വിക്കറ്റിൽ വില്യംസൺ - മിച്ചൽ സഖ്യം കൂട്ടിച്ചേർത്ത 142 റൺസാണ് കിവീസ് വിജയത്തിൽ നിർണായകമായത്.

ഇടയ്ക്ക് ടോം ബ്ലൻഡൽ (3), മിച്ചൽ ബ്രേസ്വെൽ (10), ടിം സൗത്തി (1) എന്നിവരുടെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി സമ്മർദത്തിലായ ന്യൂസീലൻഡിനെ വില്യംസൺ രക്ഷിച്ചെടുക്കുകയായിരുന്നു. ന്യൂസീലൻഡിനെ ജയം നേട്ടമായത് ഇന്ത്യയ്ക്കാണ്. ശ്രീലങ്ക തോറ്റതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചു.

അവസാന നിമിഷം തുടരെ വിക്കറ്റുകൾ വീഴ്‌ത്തി സിംഹളവീര്യം ശ്രീലങ്ക പുറത്തെടുത്തെങ്കിലും ഒരറ്റത്ത് വില്യംസൺ നിന്നതോടെ കിവികൾ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിൽ എട്ട് റൺസാണ് ന്യൂസിലൻഡിന് വേണ്ടിയിരുന്നത്. അഷിതയുടെ ആദ്യ പന്തിൽ വില്യംസണ് സിംഗിൾ മാത്രമാണ് നേടാനായത്. അടുത്ത പന്തിൽ മാറ്റ് ഹെന്റിയും ഒരു റൺസ് എടുത്തതോടെ വില്യംസണിന് സ്‌ട്രൈക്ക് ലഭിച്ചു.

മൂന്നാം പന്തിൽ ഡബിളിനായുള്ള കിവികളുടെ ശ്രമം തകർന്നതോടെ ഹെന്റി റൺഔട്ടായി. എന്നാൽ, അടുത്ത പന്തിൽ ഫോർ അടിച്ച വില്യംസൺ ശ്രീലങ്കയുടെ സ്വപ്നങ്ങൾ തകർത്തു. അടുത്ത പന്തിൽ ബൗൺസർ എറിഞ്ഞ് അഷിത ആവേശം കൂട്ടി. അവസാന പന്തിലും വില്യംസണെ ഷോട്ട് കളിക്കാതെ അഷിത പിടിച്ച് നിർത്തിയെങ്കിലും നിർണായകമായ ഒരു റൺ ന്യൂസിലൻഡ് ഒരുവിധം പൂർത്തിയാക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സിൽ ഏയ്ഞ്ചലോ മാത്യൂസിന്റെ തകർപ്പൻ സെഞ്ചുറിയാണ് ലങ്കക്ക് രണ്ടാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ സമ്മാനിച്ചത്. 115 റൺസടിച്ച മാത്യൂസിന് പുറമെ ദിനേശ് ചണ്ഡിമൽ(42), ധനഞ്ജയ ഡിസിൽവ(47) എന്നിവരും ലങ്കൻ നിരയിൽ തിളങ്ങി. 84-3 എന്ന സ്‌കോറിൽ ക്രീസിലെത്തിയ ലങ്കക്ക് നാലാം ദിനം തുടക്കത്തിലെ പ്രഭാത് ജയസൂര്യയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ചണ്ടിമലും മാത്യൂസും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുയർത്തി ലങ്കയെ കരകയറ്റി.

ചണ്ടിമൽ പുറത്തായശേഷം ധനഞ്ജയ ഡിസിൽവക്കൊപ്പം 60 റൺസിന്റെ കൂട്ടുകെട്ടിലും മാത്യൂസ് പങ്കാളിയായി. ന്യൂസിലൻഡിനായി ടിക്‌നർ നാലും മാറ്റ് ഹെന്റി മൂന്നും സൗത്തി രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സിൽ 355 റൺസടിച്ചപ്പോൾ ന്യൂസിലൻഡ് 373 റൺസടിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലൻഡിന്റെ വിജയം ആഘോഷിക്കുന്നത് ടീം ഇന്ത്യയാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള അവസാന ടെസ്റ്റ് സമനിലയിയിൽ കലാശിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യക്ക് കിവികൾ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു.