മെൽബൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തിൽ സിംബാബ്വെയ്ക്കെതിരേ 187 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും 50 കടന്ന രാഹുൽ 35 പന്തുകൾ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 51 റൺസെടുത്തു. പതിവ് വെടിക്കെട്ട് പ്രകടനം തുടർന്ന സൂര്യ വെറും 25 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 61 റൺസോടെ പുറത്താകാതെ നിന്നു. സീൻ വില്യംസ് സിംബാബ്വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഗ്രൂപ്പ് രണ്ടിൽ സിംബാബ്വെ നേരത്തെ പുറത്തായിരുന്നു. ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പാക്കിസ്ഥാനെ മറികടന്ന് ഒന്നാമതെത്താം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും നാലാം ഓവറിൽ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയെ (15) നഷ്ടമായി. പിന്നീട് രാഹുൽ- വിരാട് കോലി (26) സഖ്യം 70 റൺസ് കൂട്ടിചേർത്തു. എന്നാൽ 12-ാം ഓവറിൽ കോലിയെ മടക്കി സീൻ വില്യംസ് സിംബാബ്വെയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 25 പന്തിൽ നിന്ന് 26 റൺസെടുത്ത കോലി സീൻ വില്യംസിനെ സിക്സറിന് പറത്താനുള്ള ശ്രമത്തിനിടെ 12-ാം ഓവറിൽ പുറത്തായി. ഇതോടെ രണ്ടിന് 87 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിൽ രാഹുലും കൂടാരം കയറി. 35 പന്തിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

ദിനേഷ് കാർത്തിക്കിന് പകരം ഇത്തവണ ആദ്യമായി അവസരം കിട്ടിയ ഋഷഭ് പന്ത് പൂർണ പരാജയമായി. അഞ്ച് പന്തിൽ നിന്നും മൂന്ന് റൺസ് മാത്രം നേടിയ താരം റയാൻ ബേളിന് ക്യാച്ച് നൽകി പുറത്തായി. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച സൂര്യകുമാർ യാദവ് പതിവുപോലെ തകർത്തടിച്ചുതുടങ്ങി. അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് 65 റൺസാണ് സൂര്യ ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. അവസാന ഓവറുകളിൽ സൂര്യ തകർത്താടിയപ്പോൾ ഇന്ത്യൻ സ്‌കോർ 186-ൽ എത്തി.

എതിരാളികൾ സിംബാബ്വെയാണെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമെന്ന് രോഹിത് ടോസ് വേളയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സ്‌ക്വാഡിൽ ലോകകപ്പിൽ ഇതുവരെ ഒരു മത്സരം കളിക്കാത്ത താരമായതിനാൽ റിഷഭിന് അവസരം നൽകുന്നു എന്നും രോഹിത് വ്യക്തമാക്കി. സെമിയിലെ നാല് ടീമുകളും ഇതിനകം ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പ് എയിൽ നിന്ന് ന്യൂസിലൻഡും ഇംഗ്ലണ്ടും രണ്ടിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനുമാണ് സെമിയിലെത്തിയ ടീമുകൾ. ഇന്ന് വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ഇന്ത്യ-പാക്കിസ്ഥാൻ കലാശപ്പോര് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.