ഇൻഡോർ: ബോർഡർ ഗാവസ്‌കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കനത്ത തോൽവി വഴങ്ങിയ ഓസ്‌ട്രേലിക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. കാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റ് ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ പേസർ ജോഷ് ഹേസൽവുഡ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി. ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാലിന് പരിക്കേറ്റ ഹേസൽവുഡിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്.

ഹേസൽവുഡിന് പുറമെ മൂന്ന് താരങ്ങൾ കൂടി ഓസ്‌ട്രേലിയൻ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം ടെസ്റ്റിൽ ബാറ്റിംഗിനിടെ പരിക്കേറ്റ ഓപ്പണർ ഡേവിഡ് വാർണർ, ആഷ്ടൺ ആഗർ, മാറ്റ് റെൻഷാ എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

രണ്ടാം ടെസ്റ്റിൽ പന്ത് ഹെൽമറ്റിൽ കൊണ്ടതിനെത്തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ വാർണർ കൺകഷന് വിധേയനായിരുന്നു. വാർണർക്ക് പകരം റെൻഷാ ആണ് രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയക്കായി ബാറ്റിംഗിനിറങ്ങിയത്. വാർണർക്കൊപ്പം ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുള്ള മാറ്റ് റെൻഷാ, ആഷ്ടൺ അഗർ, ടോഡ് മർഫി എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതെന്ന് സിഡ്‌നി മോർണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റ പേസർ മിച്ചൽ സ്റ്റാർക്ക്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവർ ആദ്യ രണ്ട് ടെസ്റ്റിൽ കളിച്ചിരുന്നില്ല, ഇരുവരും മൂന്നാം ടെസ്റ്റിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിലെ മാറ്റങ്ങൾ സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്ന് സിഡ്‌നി മോർണിങ് ഹെറാൾഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാലു മത്സര പരമ്പരയിൽ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പരയിൽ 2-0ന് മുന്നിലാണ്. മാർച്ച് ഒന്ന് മുതൽ ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുക.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിലേക്കു മടങ്ങിപ്പോയിരുന്നു. ഡൽഹിയിൽ നടന്ന രണ്ടാം മത്സരം നേരത്തേ അവസാനിച്ചതോടെ അടുത്ത ടെസ്റ്റിനായി പത്ത് ദിവസത്തെ ഇടവേളയുണ്ട്. ഈ സാഹചര്യത്തിലാണു കുടുംബത്തിലെ ചില ആവശ്യങ്ങൾക്കു വേണ്ടി കമ്മിൻസ് ഓസ്‌ട്രേലിയയിലേക്കു മടങ്ങിപ്പോയത്.

മൂന്നാം ടെസ്റ്റിന് ഏതാനും ദിവസങ്ങൾക്കു മുൻപു തന്നെ കമ്മിൻസ് ഇന്ത്യയിലേക്കു തിരിച്ചെത്തുമെന്നാണു വിവരം. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിനു ശേഷം ഓസ്‌ട്രേലിയൻ സ്പിന്നർ മിച്ചൽ സ്വെപ്‌സൺ നാട്ടിലേക്കു മടങ്ങിയിരുന്നു. പാറ്റ് കമ്മിൻസിനൊപ്പം സ്വെപ്‌സണും ഇന്ത്യയിലേക്കു തിരിച്ചെത്തും. കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് സ്വെപ്‌സൺ ഓസ്‌ട്രേലിയയിലേക്കു പോയത്.

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റാണ് ഓസ്‌ട്രേലിയ മൂന്നാം പോരാട്ടത്തിന് ഒരുങ്ങുന്നത്. പരമ്പരയിൽ 2- 0ന്റെ ലീഡ് സ്വന്തമാക്കിയതോടെ ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തിയിരുന്നു. തുടർച്ചയായ നാലാം പരമ്പരയിലാണ് ഇന്ത്യ കിരീടം കൈവശപ്പെടുത്തുന്നത്. ശേഷിക്കുന്ന 2 ടെസ്റ്റുകളിൽ ഒരെണ്ണം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും യോഗ്യത നേടാം. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഓസീസിനും ഫൈനൽ ഉറപ്പിക്കാൻ ഒരു ജയം കൂടി വേണം.