- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ 109 റൺസിന് കറക്കിവീഴ്ത്തി; ആദ്യ ദിനം 47 റൺസിന്റെ നിർണായക ലീഡ് നേടി ഓസ്‌ട്രേലിയ; സ്മിത്തും ലാബുഷെയ്‌നും മടങ്ങിയത് ആശ്വാസം; നാല് വിക്കറ്റ് വീഴ്ത്തി ജഡേജ; രണ്ടാം ദിനത്തിലെ ആദ്യസെഷൻ ഇന്ത്യക്ക് നിർണായകം
ഇൻഡോർ: ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ആദ്യ ദിനം 47 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 109 റൺസിന് മറുപടിയായി ആദ്യദിനം കളി നിർത്തുമ്പോൾ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. ആറ് റൺസോടെ കാമറൂൺ ഗ്രീനും ഏഴ് റൺസുമായി പീറ്റർ ഹാൻഡ്‌സോകംബും ക്രീസിൽ.
രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ അതിവേഗം വിക്കറ്റുകൾ വീഴ്‌ത്തിയില്ലെങ്കിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് കൂടുതൽ ദുഷ്‌കരമാകും എന്നതിനാൽ മികച്ച ലീഡ് സ്വന്തമാക്കാനാകും ഓസിസ് ബാറ്റർമാർ ശ്രമിക്കുക.
അർധസെഞ്ചുറിയുമായി ഓസ്‌ട്രേലിയൻ തിരിച്ചടിക്ക് നേതൃത്വം നൽകിയ ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷെയ്ൻ, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയക്ക് 47 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായി. രവീന്ദ്ര ജഡേക്കാണ് ഓസീസ് നിരയിൽ വീണ നാലു വിക്കറ്റും. സ്‌കോർ ഇന്ത്യ 109ന് ഓൾ ഔട്ട്, ഓസ്‌ട്രേലിയ 156-4.
147 പന്തിൽ നിന്ന് ഖവാജ 60 റൺസെടുത്തപ്പോൾ 91 പന്തിൽ നിന്ന് 31 റൺസാണ് ലബുഷെയ്ന്റെ സമ്പാദ്യം. ഇന്ത്യൻ നിരയിൽ കോലി ഒഴികെയുള്ള ആരും തന്നെ 50 പന്തുകൾക്ക് മുകളിൽ നേരിടാൻ സാധിക്കാതിരുന്നിടത്താണ് ഓസീസ് താരങ്ങളുടെ ബാറ്റിങ്. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് 26 റൺസെടുത്ത് പുറത്തായി.
ആദ്യ സെഷനിൽ തന്നെ തനി നിറം പുറത്തെടുത്ത ഇൻഡോറിലെ പിച്ചിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ വെറും 109 റൺസിന് പുറത്തായിരുന്നു. 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മാത്യു കുനെമാനും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ നേതൻ ലയണും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് ചുരുട്ടിക്കെട്ടി. 22 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.
ഇന്ത്യയെ 109 റൺസിന് പുറത്താക്കിയതിന്റെ ആവേശത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണർ ട്രാവിസ് ഹെഡിന്റെ (9) വിക്കറ്റ് നഷ്ടമായെങ്കിലും ഉസ്മാൻ ഖവാജയും ലാബുഷെയ്‌നും പൊരുതി നിന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.ഇതിനിടെ ലാബുഷെയ്ൻ നോ ബോളിൽ പുറത്തായതും ഇന്ത്യ രണ്ട് റിവ്യൂകൾ നഷ്ടമാക്കുകയും ചെയ്തു.രണ്ടാം വിക്കറ്റിൽ ലാബുഷെയ്ൻ-ഖവാജ സഖ്യം 96 റൺസടിച്ച് ഓസീസിനെ ഇന്ത്യൻ സ്‌കോറിന് ഒപ്പമെത്തിച്ചശേഷമാണ് വേർപിരിഞ്ഞത്. ഓസീസ് സ്പിന്നർമാർ താണ്ഡവമാടിയ പിച്ചിൽ അശ്വിനും ജഡേജയും അക്‌സറുമെല്ലാം വിക്കറ്റെടുക്കാനാകാതെ കുഴങ്ങി.
ഓസീസ് സ്‌കോർ 100 കടന്നതിന് പിന്നാലെ ലബുഷെയ്‌നെ മടക്കി ജഡേജയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.31 റൺസെടുത്ത ലാബുഷെയ്ൻ മടങ്ങിയതിന് പിന്നാലെ ജഡേജക്കെതിരെ സ്വീപ് ഷോട്ട് കളിച്ച ഖവാജയും(60) വീണു. ഇന്ത്യൻ സ്പിന്നർമാരെ ഫലപ്രദമായി നേരിട്ട ഖവാജയാണ് ഓസീസിന്റെ ബാറ്റിങ് നട്ടെല്ലായത്. ഖവാജ മടങ്ങിയതിന് പിന്നാലെ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ച സ്മിത്ത് പിന്നാലെ ജഡേജയുടെ പന്തിൽ കെ എസ് ഭരത്തിന് ക്യാച്ച് നൽകി മടങ്ങി.26 റൺസായിരുന്നു സ്മിത്തിന്റെ സംഭാവന. എന്നാൽ പിന്നീട് കാമറൂൺ ഗ്രീനും ഹാൻഡ്‌സ്‌കോംബും പിടിച്ചു നിന്നതോടെ ഓസീസ് കൂടുതൽ നഷ്ടങ്ങളില്ലാതെ ആദ്യദിവസത്തെ ആധിപത്യമുറപ്പിച്ചു.
നേരത്തെ,ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ ഇടം കൈയൻ സ്പിന്നർ മാത്യൂ കുനെമാനാണ് തകർത്തത്. നഥാൻ ലിയോൺ മൂന്ന് വിക്കറ്റെടുത്തു. 22 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.കോലിക്ക് പുറമെ ശുഭ്മാൻ ഗിൽ (21), രോഹിത് ശർമ (12), ശ്രീകർ ഭരത് (17) അക്സർ പട്ടേൽ (പുറത്താവാതെ 12), ഉമേഷ് യാദവ് (17) എന്നിവര്ക്ക് മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഏഴിന് 84 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തിൽ രോഹിത്തിനെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ആറാം ഓവറിൽ തന്നെ രോഹിത് മടങ്ങി. പിന്നാലെ ഗില്ലും (21) പവലിയനിൽ തിരിച്ചെത്തി. കെ എൽ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാൻ സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു.
ചേതേശ്വർ പൂജാരയാവട്ടെ (1) ലിയോണിന്റെ പന്തിൽ ബൗൾഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (4) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ലിയോണിന്റെ പന്തിൽ ഷോർട്ട് കവറിൽ കുനെമാന് ക്യാച്ച്. അടുത്ത ഓവറിൽ പന്തെറിയാനെത്തിയ കുനെമാൻ ശ്രേയസ് അയ്യരെ (0) ബൗൾഡുമാക്കിയതോടെ ഇന്ത്യ തകർച്ചയിലേക്ക് വീണു. വിരാട് കോലി (22) കുറച്ചുനേരം പിടിച്ചുനിന്നു. തകർച്ചയിൽ രക്ഷകനാകുമെന്ന് തോന്നിച്ചെങ്കിലും ടോഡ് മർഫി അക്കാര്യത്തിൽ തീരുമാനമാക്കി. മർഫിയുടെ പന്തിൽ വിക്കറ്റ് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. കെ എസ് ഭരത് (17) ലിയോണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
ആർ അശ്വിൻ (3), ഉമേഷ് എന്നിവരെ കൂടി പുറത്താക്കി കുനെമാൻ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരിൽ പഴി കേൾക്കുന്ന കെ എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായി. ശുഭ്മാൻ ഗിൽ ടീമിലെത്തി. സീനിയർ പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം നൽകി. ഉമേഷ് യാദവാണ് പകരക്കാരൻ. ഓസ്ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്ക് ടീമിലെത്തി. മാറ്റ് റെൻഷ്വെക്ക് പകരം കാമറൂൺ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാർക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായിരുന്നു.