- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചാം ദിനം പ്രതിരോധക്കോട്ടകെട്ടി ഓസ്ട്രേലിയ; അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ; ബോർഡർ-ഗാവസ്‌കർ ട്രോഫി നിലനിർത്തി ഇന്ത്യ; ഓസിസിനെതിരെ പരമ്പര 2 - 1 ന് സ്വന്തമാക്കി രോഹിതും സംഘവും
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ പരമ്പര 2 - 1ന് സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയിരുന്നു. മൂന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കി. ഇതോടെ ബോർഡർ-ഗാവസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തി. രണ്ടാം ഇന്നിങ്സിൽ പ്രതിരോധക്കോട്ട കെട്ടി ഓസ്‌ട്രേലിയ മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് 175 റൺസ് എന്ന സ്‌കോറിലെത്തിയപ്പോൾ ഇരുടീമുകളും ചേർന്ന് മത്സരം സമനിലയിൽ അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ന്യൂസീലൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. സ്‌കോർ: ഓസ്ട്രേലിയ: 480, രണ്ടിന് 175. ഇന്ത്യ: 571
മർനസ് ലബുഷെയ്ൻ (63), സ്റ്റീവൻ സ്മിത്ത് (10) എന്നിവർ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമൻ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആർ അശ്വിൻ, അക്സർ പട്ടേൽ എന്നിവർക്കാണ് വിക്കറ്റ്. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാൻ ഗിൽ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
രണ്ട് സെഷനിലും കടുത്ത പ്രതിരോധമാണ് ഓസീസ് താരങ്ങൾ പുറത്തെടുത്തത്. അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് നൈറ്റ് വാച്ച്മാൻ മാത്യു കുനെമാന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ നിലയുറപ്പിച്ച് കളിച്ച ട്രാവിസ് ഹെഡ് - മാർനസ് ലബുഷെയ്ൻ സഖ്യം 139 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 163 പന്തിൽ നിന്ന് 90 റൺസെടുത്ത ഹെഡിനെ പുറത്താക്കി അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ വന്ന നായകൻ സ്റ്റീവ് സ്മിത്ത് 59 പന്തുകളിൽ നിന്ന് 10 റൺസുമായി പ്രതിരോധിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. ലബൂഷെയ്ൻ 213 പന്തുകളിൽ നിന്ന് 63 റൺസെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേലും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ 91 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയിരുന്നത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് കോലിയുടെ ഇന്നിങ്സാണ് തുണയായത്. 364 പന്തിൽ 15 ഫോറുകളോടെ 186 റൺസ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റിൽ മൂന്നക്കം കുറിച്ചത്.
കോലിയുടെ 75-ാം രാജ്യാന്തര ശതകമാണിത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനാവാതെ വന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ(128), രോഹിത് ശർമ്മ(35), ചേതേശ്വർ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സർ പട്ടേൽ(79), രവിചന്ദ്രൻ അശ്വിൻ(7), ഉമേഷ് യാദവ്(0) മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്‌കോറുകൾ.
വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിൽ ടീം ഇന്ത്യ കുതിച്ചെങ്കിലും റൺകയറ്റാനുള്ള ശ്രമങ്ങൾക്കിടെ നാലാം ദിനം അവസാന സെഷനിൽ വിക്കറ്റുകൾ വേഗം നഷ്ടമായി. ഇതോടെ കുറ്റനടികൾക്ക് ശ്രമിച്ച അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വിക്കറ്റുകൾ തുടരെ നഷ്ടമായി.
കോലിക്ക് ഡബിൾ ഓടി നൽകാനുള്ള ശ്രമത്തിനിടെ ഉമേഷ് യാദവ്, പീറ്റർ ഹാൻഡ്സ്‌കോമ്പിന്റെ നേരിട്ടുള്ള ത്രോയിൽ പുറത്താവുകയും ചെയ്തു. ഫീൽഡർമാരെയെല്ലാം ബൗണ്ടറിലൈനിൽ നിർത്തി കോലിയുടെ ക്യാച്ച് എടുക്കാനുള്ള സ്മിത്തിന്റെ ശ്രമം വിജയിച്ചതോടെ ഒരുവേള 555-6 എന്ന നിലയിലായിരുന്ന ഇന്ത്യ 571-9 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. ലബുഷെയ്നായിരുന്നു കിംഗിന്റെ ക്യാച്ച്. സന്ദർശകർക്കായി നേഥൻ ലിയോണും ടോഡ് മർഫിയും മൂന്ന് വീതവും മിച്ചൽ സ്റ്റാർക്കും മാത്യൂ കുനേമാനും ഓരോ വിക്കറ്റും നേടി.
നേരത്തെ, നേരത്തെ ഉസ്മാൻ ഖവാജ, കാമറൂൺ ഗ്രീൻ എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഓസീസിന് മികച്ച ആദ്യ ഇന്നിങ്സ് സ്‌കോർ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീൻ 114 ഉം റൺസ് സ്വന്തമാക്കി. വാലറ്റത്ത് നേഥൻ ലിയോണും(34), ടോഡ് മർഫിയും(41) നേടിയ റണ്ണുകൾ നിർണായകമായി. നായകൻ സ്റ്റീവ് സ്മിത്ത് 38ലും ട്രാവിസ് ഹെഡ് 32ലും പുറത്തായി. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ ആറ് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓരോ വിക്കറ്റും സ്വന്തമാക്കി.