മുംബൈ: ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 188 റൺസുമായി കൂടാരം കയറി. വാംഖഡെ സ്റ്റേഡിയത്തിൽ പേസ് കൊടുങ്കാറ്റ് ഉയർത്തിയ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജും ചേർന്ന് ഓസിസ് ബാറ്റിങ് നിരയെ എറിഞ്ഞിടുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 35.4 ഓവറിൽ 188 റൺസിന് ഓൾഔട്ടായി. 65 പന്തിൽ 81 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്കായി തിളങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ നൂറു കടന്ന ഓസ്‌ട്രേലിയയാണ് 200 തൊടാനാകാതെ നിലംപൊത്തിയത്. ഷാർദൂൽ ഠാക്കൂറൊഴികെ പന്തെറിഞ്ഞ മറ്റെല്ലാ ബോളർമാർക്കും വിക്കറ്റു കിട്ടിയ മത്സരത്തിൽ ഓസീസ് മധ്യനിരയും വാലറ്റവും ബാറ്റിങ്ങിൽ പരാജയപ്പെട്ടു. ജോഷ് ഇംഗ്ലിഷ് (27 പന്തിൽ 26), സ്റ്റീവ് സ്മിത്ത് (30 പന്തിൽ 22), മാർനസ് ലബുഷെയ്ൻ (22 പന്തിൽ 15), കാമറൂൺ ഗ്രീൻ (19 പന്തിൽ 12) എന്നിവരാണ് ഓസ്‌ട്രേലിയയുടെ പ്രധാന സ്‌കോറർമാർ.

ഓപ്പണർ ട്രാവിസ് ഹെഡ്ഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കി. പിന്നാലെ മാർഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റൺസ് കൂട്ടിചേർത്തു. എന്നാൽ ഓസീസ് ക്യാപ്റ്റനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. സ്മിത്തിനെ പാണ്ഡ്യയുടെ പന്തിൽ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ പുറത്താക്കുകയായിരുന്നു.

ഇതോടെ രണ്ടിന് 77 എന്ന നിലയിലായി ഓസീസ്. തുടർന്നെത്തിയ മർനസ് ലബുഷെയ്നൊപ്പം 52 റൺസ് കൂട്ടിചേർക്കൻ മാർഷിനായി. 51 പന്തുകളിൽനിന്നാണ് മിച്ചൽ മാർഷ് അർധ സെഞ്ചറി നേടിയത്.എന്നാൽ ജഡേജ മാർഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്റെ തകർച്ചയും ആരംഭിച്ചു. 15 റൺസെടുത്ത ലബുഷെയ്നെ കുൽദീപ് യാദവ് പുറത്താക്കി.

മധ്യനിരയാവട്ടെ ഷമിക്ക് മുന്നിൽ തകർന്നു. ജോഷ് ഇൻഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12), മാർകസ് സ്റ്റോയിനിസ് (8) എന്നിവരെയാണ് ഷമി മടക്കിയത്. ഗ്ലെൻ മാക്സ്വെല്ലിനെ (8) ജഡേജ പുറത്താക്കി. സീൻ അബോട്ട് (0), ആഡം സാംപ (0) എന്നിവരെ സിറാജ് മടക്കിയതോടെ ഓസീസ് കൂടാരം കയറി. മിച്ചൽ സ്റ്റാർക്ക് (4) പുറത്താവാതെ നിന്നു.