- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ; അർധ സെഞ്ചുറിയുമായി ചുവടുറപ്പിച്ച് കോലിയും; അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; മൂന്നാം ദിനം ഇന്ത്യ മൂന്ന് വിക്കറ്റിന് 289 റൺസെന്ന നിലയിൽ
അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെയും വിരാട് കോലിയുടെ അർധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 289 റൺസ് എന്ന ശക്തമായ നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റൺസിന് ഒപ്പമെത്താൻ ഇന്ത്യക്കിനിയും 191 റൺസ് കൂടി വേണം.
മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിരാട് കോലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. 128 പന്തുകൾ നേരിട്ട കോലി അഞ്ച് ബൗണ്ടറികളടക്കം 59 റൺസെടുത്തിട്ടുണ്ട്. ജഡേജ 54 പന്തിൽ നിന്ന് 16 റൺസും. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 44 റൺസ് ചേർത്തിട്ടുണ്ട്.
ആദ്യ സെഷനിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ചേതേശ്വർ പൂജാരയുടെയും അവസാന സെഷനിൽ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൽ 191 റൺസ് കൂടി ആതിഥേയർ നേടണം.
ഓപ്പണിങ് വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയശേഷം ക്യാപ്റ്റൻ രോഹിത് ശർമ(35) മടങ്ങിയത്. കുനെമാനിന്റെ പന്തിൽ ഷോർട്ട് കവറിൽ മർനസ് ലബുഷെയ്നിന് ക്യാച്ച് നൽകിയാണ് രോഹിത്പുറത്തായത്. ഒരു സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
രോഹിത് മടങ്ങിയത് ആദ്യ സെഷനിൽ ഇന്ത്യക്ക് തിരിച്ചടിയായെങ്കിൽ ലഞ്ചിനുശേഷം ഗില്ലും പൂജാരയും ചേർന്ന് ഓസ്‌ട്രേലിയയുടെ പ്രതീക്ഷകൾ ബൗണ്ടറി കടത്തി. 90 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ഗിൽ 194 പന്തിൽ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ചു. ഗിൽ സെഞ്ചുറി തികച്ചതിന് പിന്നാലെ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റ് നഷ്ടമായി.
മർഫിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പൂജാര പുറത്തായത്. 121 പന്ത് നേരിട്ട പൂജാര 42 റൺസെടുത്ത് മടങ്ങി. രണ്ടാം വിക്കറ്റിൽ ഗില്ലിനൊപ്പം 113 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയശേഷമാണ് പൂജാര മടങ്ങിയത്.
പൂജാര മടങ്ങിയശേഷമെത്തി വിരാട് കോലിക്കൊപ്പവും 58 റൺസ് കൂട്ടുകെട്ടുയർത്തിയ ഗില്ലിനെ നേഥൻ ലിയോണിനെ അവസാന സെഷനിൽ വിക്കറ്റിന് മുന്നിൽ കുടുക്കി. 235 പന്തിൽ 128 റൺസടിച്ചാണ് ഗിൽ പുറത്തായത്. 12 ബൗണ്ടറിയും ഒരു സിക്‌സും പറത്തിയാണ് 128 റൺസെടുത്തത്. ഗിൽ പുറത്തായശേഷം ക്രീസിലെത്തിയ ജഡേജ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യൻ സ്‌കോറിങ് പതുക്കെയായി.
107 പന്തിൽ വിരാട് കോലി അർധസെഞ്ചുറി തികച്ചു. 2022 ജനുവരിക്കുശേഷം ടെസ്റ്റിൽ കോലിയുടെ ആദ്യ അർധ സെഞ്ചുറിയാണിത്. 16 ഇന്നിങ്‌സുകൾക്കുശേഷമാണ് കോലി ടെസ്റ്റിൽ അർധസെഞ്ചുറി നേടുന്നത്. കോലിയുടെ 12 വർഷം നീണ്ട കരിയറിൽ രണ്ട് അർധസെഞ്ചുറികൾ തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്.
ഒന്നാം ഇന്നിങ്‌സിൽ ഓസ്ട്രേലിയ 480 റൺസിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെയും കാമറൂൺ ഗ്രീനിന്റെയും ഇന്നിങ്‌സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി അശ്വിൻ ആറ് വിക്കറ്റുമായി തിളങ്ങി. 422 പന്തിൽ നിന്ന് 21 ബൗണ്ടറികളടക്കം 180 റൺസെടുത്ത ഖവാജയാണ് അവരുടെ ടോപ് സ്‌കോറർ. 170 പന്തുകൾ നേരിട്ട ഗ്രീൻ 18 ബൗണ്ടറികളടക്കം 114 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 208 റൺസാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്.