ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 262 റൺസിനു പുറത്ത്. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിങ്‌സിൽ ഒരു റൺസിന്റെ ലീഡ് ലഭിച്ചു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263 റൺസിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യ 262 റൺസിന് എല്ലാവരും പുറത്തായി.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിൽ വീണ ഇന്ത്യയെ വാലറ്റത്ത് അക്‌സർ പട്ടേലും ആർ. അശ്വിനും ചേർന്നാണു കരകയറ്റിയത്. അക്‌സർ 115 പന്തിൽ 74 റൺസും അശ്വിൻ 71 പന്തിൽ 37 റൺസും എടുത്തു പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ നേഥൻ ലയണാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തുവിട്ടത്.

രണ്ടാം ദിനം ലഞ്ചിനുശേഷം 139-7ലേക്ക് കൂപ്പുകുത്തിയശേഷം എട്ടാം വിക്കറ്റിൽ അശ്വിനും അക്‌സർ പട്ടേലും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുയർത്തിയാണ് വൻ ലീഡ് വഴങ്ങുന്നതിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 114 റൺസടിച്ച് മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡെന്ന ഓസീസ് മോഹങ്ങൾ ബൗണ്ടറി കടത്തി. കൂട്ടുകെട്ട് പൊളിക്കാൻ വഴി കാണാതിരുന്ന ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ് ഒടുവിൽ രണ്ടാം ന്യൂ ബോൾ എടുത്തതാണ് കളിയിൽ വഴിത്തിരിവായത്. ന്യൂബോൾ എടുത്ത് 3.3 ഓവറിനുള്ളിൽ ഇന്ത്യ ഓൾ ഔട്ടായി.

ക്യാപ്റ്റൻ രോഹിത് ശർമ (69 പന്തിൽ 32), കെ.എൽ. രാഹുൽ (41 പന്തിൽ 17), ചേതേശ്വർ പൂജാര (പൂജ്യം), ശ്രേയസ് അയ്യർ (15 പന്തിൽ നാല്), ശ്രീകർ ഭരത് (12 പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ലയൺ വീഴ്‌ത്തിയത്.

രണ്ടാം ദിനം 9 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ്ങിനു തുടക്കമിട്ടത്. സ്‌കോർ 46 റൺസിൽ നിൽക്കെ കെ.എൽ. രാഹുൽ എൽബിയിൽ കുടുങ്ങി പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ ബോൾഡാകുകയായിരുന്നു. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പൂജാര പൂജ്യത്തിന് പുറത്തായി. പരുക്കുമാറി ടീമിൽ തിരിച്ചെത്തിയ ശ്രേയസ് അയ്യർക്കും പിടിച്ചു നിൽക്കാനായില്ല. നേഥൻ ലയണിന്റെ പന്തിൽ ഹാൻഡ്‌സ്‌കോംബ് ക്യാച്ചെടുത്താണ് അയ്യരെ പുറത്താക്കിയത്. 15 പന്തുകൾ നേരിട്ട അയ്യർ നാലു റൺസ് നേടി മടങ്ങി.

74 പന്തിൽ 26 റൺസെടുത്ത രവീന്ദ്ര ജഡേജയെ ടോഡ് മർഫി എൽബിഡബ്ല്യു ആക്കി. നിലയുറപ്പിച്ചു കളിച്ച വിരാട് കോലി 84 പന്തിൽ 44 റൺസെടുത്തു. ഭരതിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് ലയൺ അഞ്ച് വിക്കറ്റ് ഉറപ്പിച്ചു. തുടർന്ന് അശ്വിനും അക്‌സറും ചേർന്നാണു ഇന്ത്യയെ 250 കടത്തിയത്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ സെഞ്ചറി കൂട്ടുകെട്ടാണ് അശ്വിനും അക്‌സറും ചേർന്നു പടുത്തുയർത്തിയത്.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തിലാണ് ആർ. അശ്വിൻ പുറത്തായത്. തൊട്ടുപിന്നാലെ അക്‌സർ പട്ടേലിനെ സ്പിന്നർ ടോഡ് മർഫി പാറ്റ് കമ്മിൻസിന്റെ കൈകളിലെത്തിച്ചു. മുഹമ്മദ് ഷമിക്കു ബാറ്റിങ്ങിൽ തിളങ്ങാനായില്ല. ഓസീസിനായി ടോഡ് മർഫി, മാത്യു കുനേമൻ എന്നിവർ രണ്ടു വിക്കറ്റു വീതവും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യക്കെതിരെ 100 വിക്കറ്റ് പൂർത്തിയാക്കുന്ന ആദ്യത്തെ മാത്രം ഓസ്ട്രേലിയൻ താരമായിരിക്കുകയാണ് നതാൻ ലിയോൺ. ഒന്നാകെയെടുത്താൽ മൂന്നാമത്തെ മാത്ര താരമാണ് ലിയോൺ. ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സണാണ് ആദ്യത്തെ താരം. ഇന്ത്യക്കതെതിരെ 139 വിക്കറ്റുകളാണ് ആൻഡേഴ്സൺ വീഴ്‌ത്തിയത്. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ രണ്ടാമത്. മുരളിയുടെ അക്കൗണ്ടിൽ 105 വിക്കറ്റുകളുണ്ട്.

വിറച്ചു കളിച്ച ഓസീസിനെ ഒന്നാം ഇന്നിങ്‌സിൽ 263 റൺസിനു പുറത്താക്കി രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ മേൽക്കൈ നേടിയിരുന്നു. 4 വിക്കറ്റുകൾ നേടിയ പേസർ മുഹമ്മദ് ഷമിയും (460) 3 വിക്കറ്റുകൾ വീതം പങ്കുവച്ച സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ (357), രവീന്ദ്ര ജഡേജ (368) എന്നിവരുമാണ് ഓസീസിനെ തകർത്തത്. ഓപ്പണർ ഉസ്മാൻ ഖവാജ (81), പീറ്റർ ഹാൻഡ്‌സ്‌കോംബ് (72 നോട്ടൗട്ട്), ക്യാപ്റ്റൻ പാറ്റ് കമിൻസ് (33) എന്നിവരൊഴികെ മറ്റാരും ഓസീസ് നിരയിൽ ആത്മവിശ്വാസത്തോടെ ബാറ്റു വീശിയില്ല.