ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സിൽ 227 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 73.5 ഓവറിൽ 227 റൺസുമായി കൂടാരം കയറി. മോമിനുൽ ഹഖ് 157 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതം 84 റൺസോടെ ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാലും ജയ്‌ദേവ് ഉനദ്ഘട്ട് രണ്ടും വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസെന്ന നിലയിലാണ്. 20 പന്തിൽ 14 റൺസോടെ ശുഭ്മാൻ ഗില്ലും 30 പന്തിൽ മൂന്ന് റൺസുമായി ക്യാപ്റ്റൻ കെ എൽ രാഹുലും ക്രീസിൽ.

നേരത്തെ ആദ്യ സെഷനിൽ പേസിനെ തുണച്ച പിച്ചിൽ മൂന്ന് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത കുൽദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ 12 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ജയദേവ് ഉനദ്ഘട്ടിന് അവസരം നൽകി. എന്നാൽ ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തുടക്കത്തിൽ പകച്ചെങ്കിലും പിടിച്ചു നിന്ന ബംഗ്ലാദേശ് ഓപ്പണർമാർ വിക്കറ്റ് നഷ്ടമില്ലാതെ അവരെ 39ൽ എത്തിച്ചു. സാക്കിർ ഹസനെ(15) ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ഉനദ്ഘട്ടാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട അതേ സ്‌കോറിൽ മറ്റൊരു ഓപ്പണറായ ഷാന്റോയെ(24) അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ബംഗ്ലാദേശിന് ലഞ്ചിന് തൊട്ടു പിന്നാലെ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വിക്കറ്റ് നഷ്ടമായി. 16 റൺസെടുത്ത ഷാക്കിബിനെ ഉമേഷ് യാദവിന്റെ പന്തിൽ പൂജാര പിടികൂടി. മുഷ്ഫീഖുർ റഹീമും(26) മൊനിമുളും ചേർന്ന് ബംഗ്ലാദേശിനെ 100 കടത്തി. സ്‌കോർ 130ൽ നിൽക്കെ മുഷ്ഫീഖുറിനെ(26) വിക്കറ്റിന് പുറകിൽ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ഉനദ്ഘട്ട് ബംഗ്ലാദേശിന് അടുത്ത പ്രഹരമേൽപ്പിച്ചു. പിന്നീടെത്തിയ ലിറ്റൺ ദാസ് ആക്രമിച്ചു കളിച്ച് 26 പന്തിൽ 25 റൺസടിച്ചെങ്കിലും ക്രീസിൽ അധിക ആയുസുണ്ടായില്ല. രണ്ട് ഫോറും ഒരു സിക്‌സും അടിച്ച ലിറ്റൺ ദാസിനെ അശ്വിൻ രാഹുലിന്റെ കൈകളിലെത്തിച്ചു.

ബംഗ്ലാദേശ് താരങ്ങൾക്ക് ഒരു അർധസെഞ്ചറി കൂട്ടുകെട്ടു പോലും സൃഷ്ടിക്കാനായില്ല. നാലാം വിക്കറ്റിൽ 77 പന്തിൽ 48 റൺസ് അടിച്ചുകൂട്ടിയ മോമിനുൽ ഹഖ് മുഷ്ഫിഖുർ റഹിം സഖ്യത്തിന്റെ പേരിലാണ് ഏറ്റവും വലിയ കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ മോമിനുൽ ഷാക്കിബ് അൽ ഹസൻ സഖ്യം 43 റൺസും അഞ്ചാം വിക്കറ്റിൽ മോമിനുൽ ലിട്ടൺ ദാസ് സഖ്യം 42 റൺസും ആറാം വിക്കറ്റിൽ മോമിനുൽ മെഹ്ദി ഹസൻ സഖ്യം 41 റൺസും ഓപ്പണിങ് വിക്കറ്റിൽ സാകിർ ഹസൻ ഷാന്റോ സഖ്യം 39 റൺസും കൂട്ടിച്ചേർത്താണ് ടീമിനെ 200 കടത്തിയത്

ഉമേഷ് യാദവ് 15 ഓവറിൽ 25 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്‌ത്തിയത്. രവിചന്ദ്രൻ അശ്വിൻ 21.5 ഓവറിൽ 71 റൺസ് വഴങ്ങിയും നാലു വിക്കറ്റ് വീഴ്‌ത്തി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ ജയ്‌ദേവ് ഉനദ്കടിനാണ്. 16 ഓവറിൽ 50 റൺസ് വഴങ്ങിയാണ് ഉനദ്ഘട്ട് രണ്ടു വിക്കറ്റ് വീഴ്‌ത്തിയത്.

ആദ്യ മത്സരത്തിൽ 188 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 10ന് മുന്നിലാണ്. പരുക്കു ഭേദമാകാത്ത രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യൻ നിരയിൽ ഒരു മാറ്റമുണ്ട്. രണ്ട് ഇന്നിങ്‌സിലുമായി എട്ടു വിക്കറ്റെടുത്ത് ആദ്യ ടെസ്റ്റിൽ തിളങ്ങിയ കുൽദീപ് യാദവിനു പകരം ജയ്‌ദേവ് ഉനദ്ഘട്ട് ഇന്ത്യൻ നിരയിലെത്തി. ബംഗ്ലാദേശ് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. യാസിറിനു പകരം മോമിനുൽ ഹഖും എബാദത്ത് ഹുസൈനു പകരം ടസ്‌കിൻ അഹമ്മദും ടീമിലെത്തി.