- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഡ്ലെയ്ഡിൽ മഴ ഒരുക്കിയ ആന്റി ക്ലൈമാക്സ്; അവസാന ഓവർ ത്രില്ലറിൽ ഇന്ത്യക്ക് മിന്നും ജയം; ബംഗ്ലാദേശിനെ കീഴടക്കിയത് അഞ്ച് റൺസിന്; നിർണായക വിക്കറ്റുകൾ വീഴ്‌ത്തി അർഷ്ദീപും പാണ്ഡ്യയും; മൂന്നാം ജയത്തോടെ ട്വന്റി 20 ലോകകപ്പിൽ സെമി ബർത്തിന് അരികെ രോഹിതും സംഘവും

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ-12ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് റൺസിന് കീഴടക്കി സെമിബർത്തിന് അരികെ ഇന്ത്യ. മഴ ഗതി നിർണയിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോൾ പുതുക്കി നിശ്ചയിച്ച 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറിൽ 145-6 എന്ന സ്‌കോറിൽ എറിഞ്ഞൊതുക്കി. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യൻ ജയം.
7.2 ഓവറിൽ 68-1 എന്ന ശക്തമായ നിലയിൽ ബംഗ്ലാദേശ് മുന്നേറവെയാണ് മഴ മത്സരം മുടക്കിയത്. പിന്നാലെ വിജയലക്ഷ്യം പുനർനിർണയിച്ചു.ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യ അവിസ്മരണീയ ജയവും നിർണായകമായ രണ്ട് പോയിന്റും സ്വന്തമാക്കി.
14 പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്ന നുറുൾ ഹുസൈൻ അവസാന പന്ത് വരെ ഇന്ത്യയെ വിറപ്പിച്ചു. അർഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ നുറുൾ ഹുസൈനും ടസ്‌കിൻ അഹമ്മദിനും 14 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ഇടയ്ക്ക് മഴ കളിമുടക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർനിശ്ചയിച്ചിരുന്നു. 16 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശിന് നേടാനായത് 145 റൺസ് മാത്രം.
ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച സിംബാബ്വെയുമായാണ് ഇന്ത്യയുടെ അവസാന സൂപ്പർ 12 മത്സരം. ഇതിൽ ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും.
മറുപടി ബാറ്റിംഗിൽ ഗംഭീര തുടക്കമാണ് ബംഗ്ലാദേശ് നേടിയത്. ലിറ്റൺ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോൾ ബംഗ്ലാദേശ് പവർപ്ലേ പവറാക്കി. എട്ടാം ഓവറിലെ രണ്ടാം പന്തിൽ കെ എൽ രാഹുലിന്റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോൾ ടീം സ്‌കോർ 68ലെത്തി. ലിറ്റൺ 27 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 60 റൺസ് നേടി. സഹ ഓപ്പണർ നജ്മുൽ ഹൊസൈൻ ഷാന്റോയെ 10-ാം ഓവറിലെ ആദ്യ പന്തിൽ മുഹമ്മദ് ഷമി മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. സൂര്യകുമാർ യാദവിനായിരുന്നു ക്യാച്ച്.
അർഷ്ദീപ് സിങ് എറിഞ്ഞ 12ാം ഓവർ ഇന്ത്യയുടെ പ്രതീക്ഷകൾ വാനോളമുയർത്തി. ആദ്യ പന്തിൽ അഫീഫ് ഹൊസൈൻ(5 പന്തിൽ 3) സൂര്യയുടെ ക്യാച്ചിൽ തന്നെ പുറത്തായപ്പോൾ അഞ്ചാം പന്തിൽ ഷാക്കിബ് അൽ ഹസനും(12 പന്തിൽ 13) വീണു. 13-ാം ഓവറിലെ രണ്ടാം പന്തിൽ യാസിർ ഷായെയും(3 പന്തിൽ 1), അഞ്ചാം പന്തിൽ മൊസദേക് ഹൊസൈനേയും(3 പന്തിൽ 6) പുറത്താക്കി ഹാർദിക് പാണ്ഡ്യയും ആഞ്ഞടിച്ചു. നൂരുൽ ഹസനും ടസ്‌കിൻ അഹമ്മദും ഒരുകൈ നോക്കിയെങ്കിലും അർഷിന്റെ അവസാന ഓവർ ഇന്ത്യക്ക് ജയമൊരുക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അർധ സെഞ്ചുറി നേടിയ കെ.എൽ രാഹുൽ, വിരാട് കോലി എന്നിവരുടെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. ഈ ലോകകപ്പിലെ മൂന്നാം അർധ സെഞ്ചുറി നേടിയ കോലി 44 പന്തിൽ നിന്ന് ഒരു സിക്സും എട്ട് ബൗണ്ടറിയുമടക്കം 64 റൺസോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 32 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റൺസെടുത്തു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (2) നഷ്ടമായി. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ - വിരാട് കോലി സഖ്യം 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. ഇതിനിടെ 31 പന്തിൽ നിന്ന് അർധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തിൽ രാഹുൽ പുറത്തായി. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 16 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 30 റൺസെടുത്തു.
തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ (5), ദിനേഷ് കാർത്തിക്ക് (7), അക്ഷർ പട്ടേൽ (7) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. അശ്വിൻ ആറ് പന്തിൽ നിന്ന് 13 റൺസെടുത്തു. ബംഗ്ലാദേശിനായി ഹസൻ മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി.


