ചിറ്റഗോങ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദശിന് 513 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 42 റൺസ് എന്ന നിലയിലാണ് ആതിഥേയർ.

ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സിൽ 150 റൺസിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. 254 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 258 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയും തകർത്തടിച്ചതോടെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്ത് ഡിക്ലയർ ചെയ്തു.

513 റൺസ് വിജലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസെടുത്തിട്ടുണ്ട്. 25 റൺസോടെ നജ്മുൾ ഹൊസൈൻ ഷാന്റോയും 17 റൺസോടെ സാക്കിർ ഹസനും ക്രീസിൽ. സ്‌കോർ ഇന്ത്യ 404, 258-2, ബംഗ്ലാദേശ് 150, 42-0.

കൂറ്റൻ ലീഡിന്റെ സന്തോഷത്തിൽ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമിട്ടു. ഓപ്പണിങ് വിക്കറ്റിൽ ഇരുവും ചേർന്ന് 70 റൺസടിച്ചു. നിലയുറപ്പിച്ചെന്ന് കരുതിയ രാഹുലിനെ(23) വീഴ്‌ത്തി ഖാലിദ് അഹമ്മദ് ബംഗ്ലാദേശിന് ആശ്വസിക്കാൻ വക നൽകിയെങ്കിലും വൺ ഡൗണായെത്തിയ പൂജാരയും ഗില്ലും ചേർന്ന് ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസടിച്ചു. 147 പന്തിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച ഗിൽ 10 ഫോറും മൂന്ന് സിക്‌സും പറത്തി 152 പന്തിൽ 110 റൺസെടുത്ത് പുറത്തായി.

ഗിൽ പുറത്തായശേഷം തകർത്തടിച്ച പൂജാര കോലിയെ കൂട്ടുപിടിച്ച് ഇന്ത്യയെ 200 കടത്തി. പൂജാരയുടെ അവസാന 50 റൺസ് പിറന്നത് 37 പന്തിലായിരുന്നു. 52 ഇന്നിങ്‌സുകൾക്കുശേഷം 130 പന്തിൽ പൂജാര സെഞ്ചുറിയിലെത്തി. ടെസ്റ്റിൽ പൂജാരയുടെ വേഗമേറിയ സെഞ്ചുറി കൂടിയാണിത്. പൂജാര സെഞ്ചുറി തികച്ചതിന് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. പൂജാരക്കൊപ്പം 19 റൺസുമായി വിരാട് കോലി പുറത്താകാതെ നിന്നു.

നേരത്തെ 133-8 എന്ന സ്‌കോറിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 150 റൺസിൽ അവസാനിച്ചിരുന്നു.സ്‌കോർ 144ൽ നിൽക്കെ എബദോത് ഹൊസൈനെ(17) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് കുൽദീപ് അഞ്ച് വിക്കറ്റ് തികച്ചു. പിന്നാലെ പൊരുതിന്ന മെഹ്ദി ഹസനെ(25), അക്‌സറിന്റെ പന്തിൽ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് മൂന്നാം ദിനം 18 റൺസ് കൂടി കൂട്ടിച്ചേർത്ത് 150ൽ അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോൾ സിറാജ് 20 റൺസിന് മൂന്ന് വിക്കറ്റെടുത്തു