ദുബായ്: ഏഷ്യാ കപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ. ഗ്രൂപ്പ് എയിൽ രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ 40 റൺസിന് തകർത്താണ് ഇന്ത്യ സൂപ്പർ ഫോറിലെത്തിയത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഹോങ്കോങ് പൊരുതി വീണു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 192 റൺസ്. ഹോങ്കോങ്ങിന്റെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാർ യാദവ് (26 പന്തിൽ 68), വിരാട് കോലി (44 പന്തിൽ 59) എന്നിവരുടെ ബാറ്റിങ് കരുത്തിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 192 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.

മോശം തുടക്കമാണ് ഹോങ്കോങ്ങിന് ലഭിച്ചത്. രണ്ടാം ഓവറിൽ നിസാഖത് ഖാൻ (10) റണ്ണൗട്ടായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ടീമിന് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ബാബർ ഹയാത് (41) മാത്രമാണ് ചെറുത്തുനിന്നത്. കിഞ്ചിത് ഷാ (30) റൺസെടുത്തു. യാസിം മുർതാസ (9), ഐസാസ് ഖാൻ (14) എന്നിവരുടെ വിക്കറ്റുകളും ഹോങ്കോങ്ങിന് നഷ്ടമായി. സീഷൻ അലി (26), സ്‌കോട്ട് മെക്കൻസി (16) എന്നിവർ പുറത്താവാതെ സ്‌കോർ 150 കടത്തി.

35 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 41 റൺസെടുത്ത ബാബർ ഹയാത്താണ് ഹോങ്കോങ്ങിന്റെ ടോപ് സ്‌കോറർ. 28 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 30 റൺസെടുത്ത കിൻചിത് ഷായും തിളങ്ങി. അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനവുമായി 17 പന്തിൽ പുറത്താകാതെ 26 റൺസെടുത്ത സീഷാൻ അലിയാണ് തിളങ്ങിയ മറ്റൊരു താരം. രണ്ടു ഫോറും ഒരു സിക്‌സും സഹിതമാണ് അലി 26 റൺസെടുത്തത്. സ്‌കോട്ട് മക്കെച്‌നി എട്ടു പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 16 റൺസോടെയും പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ നിസകാത് ഖാൻ (12 പന്തിൽ 10), യാസിം മുർത്താസ (ഒൻപതു പന്തിൽ ഒൻപത്), ഐസാസ് ഖാൻ (13 പന്തിൽ 14) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറിൽ 15 റൺസ് വഴങ്ങിയം ഓരോ വിക്കറ്റ് വീഴ്‌ത്തി. ആവേശ് ഖാന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 53 റൺസാണ്. ഒരു വിക്കറ്റ് വീഴ്‌ത്തിയ അർഷ്ദീപ് സിങ് നാല് ഓവറിൽ 44 റൺസും വഴങ്ങി.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ദുർബലരായ എതിരാളികൾക്കെതിരെയും വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂൺ അർഷാദ് എറിഞ്ഞ പവർ പ്ലേയിലെ മൂന്നാം ഓവറിൽ 22 റൺസടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും അഞ്ചാം ഓവറിൽ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങിയതോടെ ഇന്ത്യ പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് മാത്രമാണെടുത്തത്. 13 പന്തിൽ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് രോഹിത് 21 റൺസെടുത്തത്.

രോഹിത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോലിയും രാഹുലും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയെങ്കിലും റൺനിരക്ക് കുത്തനെ ഇടിഞ്ഞു. പത്താം ഓവർ പിന്നിടുമ്പോൾ ഇന്ത്യ 70 റൺസിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പതിമൂന്നാം ഓവറിൽ 85 റൺസിലെത്തിയെങ്കിലും രാഹുലിന്റെ മെല്ലെപ്പോക്ക് കോലിയെയും സമ്മർദ്ദത്തിലാക്കി. ഒടുവിൽ 36 പന്തിൽ 39 റൺസെടുത്ത് രാഹുൽ മടങ്ങി.
ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സൂര്യകുമാറാണ് ഇന്ത്യൻ ഇന്നിങ്സിന് ഗതിവേഗം നൽകിയത്. നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി സൂര്യ വെടിക്കെട്ട് തുടങ്ങിയപ്പോൾ കോലി നല്ല പിന്തുണക്കാരനായി. ഇടക്കിടെ ബൗണ്ടറികൾ നേടി കോലി 40 പന്തിൽ അർധസെഞ്ചുറിയിലെത്തി. ആയുഷ് ശുക്ല എറിഞ്ഞ പതിനെട്ടാം ഓവറിൽ 17 റൺസടിച്ച ഇന്ത്യ എഹ്സാൻ ഖാൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 13 റൺസടിച്ചു. ഹാരൂൺ അർഷാദ് എറിഞ്ഞ അവസാന ഓവറിൽ നാലു സിക്സ് അടക്കം 26 റൺസടിച്ച ഇന്ത്യ അവസാന മൂന്നോവറിൽ 56 റൺസടിച്ചാണ് കൂറ്റൻ സ്‌കോർ ഉറപ്പാക്കിയത്.

അവസാന ഓവറിൽ 22 പന്തിൽ അർധസെഞ്ചുറി തികച്ച സൂര്യ രണ്ട് സിക്സ് കൂടി പറത്തി 26 പന്തിൽ 68 റൺസുമായി ടോപ് സ്‌കോററായി. ആറ് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. 44 പന്തിൽ 59 റൺസെടുത്ത വിരാട് കോലി മൂന്ന് സിക്സും ഒരു ഫോറും പറത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഏഴോവറിൽ 98 റൺസാണ് കൂട്ടിച്ചേർത്ത്.