- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് സൂപ്പർ 12ൽ ജയം തുടരാൻ ഇന്ത്യ; രണ്ടാം മത്സരം സിഡ്നിയിൽ നെതർലൻഡ്സിനെതിരെ; അക്സറിനെ ഒഴിവാക്കും; ഹാർദിക്കിനു വിശ്രമം; ഇടംപിടിക്കുക ഹൂഡയോ റിഷഭ് പന്തോ?; മത്സരസമയത്ത് മഴയ്ക്ക് സാധ്യത

സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ജയം തുടരാൻ ഇന്ത്യ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സാണ് എതിരാളി. പാക്കിസ്ഥാനെ ആദ്യ മത്സരത്തിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് രോഹിത് ശർമ്മയും സംഘവും ഇറങ്ങുക.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റാണ് നെതർലൻഡ്സ് വരുന്നത്. എന്നാൽ, പ്രാഥമിക റൗണ്ടിൽ ശ്രീലങ്കയെ തകർക്കാൻ നെതർലൻഡ്സിനായിരുന്നു. അതുകൊണ്ടുതന്നെ എതിരാളിയെ വിലകുറച്ച് കാണാൻ ഇന്ത്യൻ ടീം തയ്യാറാവില്ല.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുമെന്നാണ് ടീം ക്യാംപിൽ നിന്നുള്ള സൂചന. ബാറ്റ് ചെയ്യുന്നതിനൊപ്പം നാല് ഓവർ ബൗളിങ് ചെയ്യേണ്ടതിനാൽ ഹാർദിക്കിന് വിശ്രമം നൽകാൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. എന്നാൽ ബൗളിഗ് കോച്ച് പരസ് മാംബ്രെ വ്യക്തമാക്കിയത് പാക്കിസ്ഥാനെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവും ഉണ്ടാവില്ലെന്നാണ്. മാംബ്രെയുടെ വാക്കുകൾ.
''നെതർലൻഡ്സിനെതിരായ മത്സരത്തിൽ കളിക്കാൻ ഹാർദിക് പൂർണമായും ഫിറ്റാണ്. വിജയാവേശം നിലനിർത്തുന്നതിനൊപ്പം കളിക്കാരുടെ ഫോം നിലനിർത്തുന്നതും പ്രധാനമാണ്. എല്ലാ മത്സരങ്ങളിലും കളിക്കാനാണ് ഹാർദിക് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. വിരാട് കോലിയാണ് കളി ഫിനിഷ് ചെയ്തത്. പക്ഷെ ഹാർദ്ദിക് അവസാനം വരെ കോലിക്കൊപ്പം നിന്നു. അത് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കി. അതുകൊണ്ടു തന്നെ കോലിക്കൊപ്പം ഹാർദ്ദിക്കും പ്രശംസ അർഹിക്കുന്നു.'' മാംബ്രെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
്അതേസമയം, ഒരു പേസറെ കൂടി ഉൾപ്പെടുത്താനും ഇന്ത്യ ശ്രമിച്ചേക്കും. പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിരാശമാത്രം സമ്മാനിച്ച അക്സർ പട്ടേലിനെ ഒഴിവാക്കിയേക്കും. പകരം ഹർഷൽ പട്ടേലിനെ കൊണ്ടുവന്നേക്കാം. ഹാർദിക്കിന് വിശ്രമം നൽകാൻ തീരുമാനിച്ചാൽ ദീപക് ഹൂഡയോ അല്ലെങ്കിൽ റിഷഭ് പന്തോ ടീമിലെത്തും.
മത്സരത്തിൽ റണ്ണൊഴുക്ക് പ്രതീക്ഷിക്കാം എന്നാണ് സിഡ്നി പിച്ചിൽ നിന്നുള്ള സൂചന. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലൻഡ് സിഡ്നിയിൽ 200 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യ-നെതർലൻഡ്സ് മത്സരത്തിൽ പിച്ച് കൂടുതൽ സ്ലോ ആവാനിടയുണ്ട്. ഇത് ഇന്ത്യൻ സ്പിന്നർമാർക്ക് സന്തോഷം നൽകുന്ന സൂചനയാണ്. നെതർലൻഡ്സിന്റെ ആദ്യ എട്ടിൽ ഒരു ഇടംകൈയൻ മാത്രമുള്ളതിനാൽ ഇന്ത്യ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് അവസരം നൽകിയേക്കും.
എന്നാൽ ബാറ്റിങ് പരിഗണിച്ച് ആർ അശ്വിൻ തുടരാനാണ് സാധ്യത എന്ന സൂചനയാണ് ബൗളിങ് പരിശീലകൻ പരാസ് മാംബ്രെ നൽകുന്നത്. അശ്വിന്റെ സാന്നിധ്യം ഇന്ത്യൻ ബാറ്റിംഗിനെ കൂടുതൽ സന്തുലിതമാക്കും എന്നതൊരു വസ്തുതയാണ്.
ലോകകപ്പിൽ ഇന്ന് മഴ കളി മുടക്കിയത് പോലുള്ള സാഹചര്യം നാളെ സിഡ്‌നിയിലുണ്ടാവുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. ഇന്ത്യ-നെതർലൻഡ്‌സ് മത്സരസമയത്ത് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരം ഉപക്ഷിക്കാനുള്ള സാധ്യതകളൊന്നും മാനത്ത് തെളിയുന്നില്ല എന്നാണ് റിപ്പോർട്ട്.
മഴ മത്സരത്തിനിടെ പെയ്തിറങ്ങാനുള്ള സാധ്യതകൾ കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നുണ്ട്. എന്നാൽ മികച്ച ഡ്രെയിനേജ് സൗകര്യങ്ങളാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേത്. മഴ പെയ്താൽ തന്നെ മഴ ശമിച്ചതിന് 15-20 മിനുറ്റുകൾക്ക് ശേഷം മത്സരം ആരംഭിക്കാനാകും.


