- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കിവീസിനെ എറിഞ്ഞിട്ടു; പിന്നാലെ തകർത്തടിച്ച് ഹിറ്റ്മാനും നിലയുറപ്പിച്ച് ഗില്ലും; റായ്പൂരിൽ അനായാസ ജയം കുറിച്ച് ഇന്ത്യ; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി രോഹിതും സംഘവും
റായ്പൂർ: റായ്പുരിലെ ആദ്യ രാജ്യാന്തര ഏകദിന മത്സരം മിന്നുന്ന ജയത്തോടെ ആഘോഷമാക്കി രോഹിത് ശർമ്മയും സംഘവും. രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. പരമ്പരയിൽ ഒരു മത്സരം ബാക്കിനിൽക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായപ്പോൾ 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
51 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്‌സാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. വിരാട് കോലി 11 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗില്ലും(40*) ഇഷാൻ കിഷനും(8*) ഇന്ത്യൻ ജയം പൂർത്തിയാക്കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 108 റൺസെ നേടാനായിരുന്നുള്ളു.36 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സായിരുന്നു കിവീസിന്റെ ടോപ് സ്‌കോറർ. മൂന്ന് പേര് മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാർദ്ദിക് പാണ്ഡ്യ വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയ്ക്കായി തിളങ്ങി. 50 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 51 റൺസെടുത്താണ് രോഹിത് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിനായി. ഗിൽ 53 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 40 റൺസോടെ പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ പുറത്താകാതെ എട്ട് റൺസെടുത്തു. 11 റൺസെടുത്ത വിരാട് കോലിയാണ് പുറത്തായ മറ്റൊരു താരം.
നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലൻഡിനെ വെറും 108 റൺസിന് എറിഞ്ഞിട്ടിരുന്നു. ന്യൂസീലൻഡ് 34.3 ഓവറിൽ ഓൾഔട്ടായി. ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലെ പിച്ചിൽ കൃത്യമായ ലെങ്ത് കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കിവീസ് മുൻനിര ചീട്ടുകൊട്ടാരമായി. ഒരു ഘട്ടത്തിൽ 10.3 ഓവറിൽ വെറും 15 റൺസ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ സന്ദർശകരെ ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചെൽ സാന്റ്‌നർ എന്നിവരുടെ ഇന്നിങ്‌സുകളാണ് 100 കടത്തിയത്.
52 പന്തുകൾ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 36 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് അവരുടെ ടോപ് സ്‌കോറർ. ബ്രേസ്വെൽ 30 പന്തിൽ നിന്ന് 22 റൺസെടുത്തു. സാന്റ്‌നർ 39 പന്തിൽ നിന്ന് 27 റൺസ് സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകൾ നേടിയ ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും ചേർന്നാണ് കിവീസിനെ തകർത്തത്. സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യ ഓവർ തൊട്ട് കിവീസിന്റെ തകർച്ച തുടങ്ങി. ഇന്നിങ്‌സിന്റെ അഞ്ചാം പന്തിൽ തന്നെ ഓപ്പണർ ഫിൻ അലന്റെ (0) കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമി വിക്കറ്റ് വേട്ട ഉദ്ഘാടിച്ചു. പിന്നാലെ പ്രതിരോധിച്ച് ഓവറുകൾ തള്ളിനീക്കാനായി കിവീസ് ശ്രമം. പക്ഷേ ആറാം ഓവറിൽ ഹെന്റി നിക്കോൾസിനെ (2) മടക്കി മുഹമ്മദ് സിറാജ് വേട്ടയിൽ ഒപ്പം ചേർന്നു. ഏഴാം ഓവറിൽ ഡാരിൽ മിച്ചലിനെ (1) മടക്കി ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് ഡെവോൺ കോൺവെയെ (7) ഹാർദിക് പാണ്ഡ്യ സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി. ക്യാപ്റ്റൻ ടോം ലാഥമിനെ (1) മടക്കി ശാർദുൽ താക്കൂർ കിവീസിനെ പൂർണമായും പ്രതിരോധത്തിലാക്കി.
എന്നാൽ ആറാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്ത ഗ്ലെൻ ഫിലിപ്‌സ് - ബ്രേസ്വെൽ സഖ്യമാണ് കിവീസിനെ 50 കടത്തിയത്. ബ്രേസ്വെൽ പുറത്തായ ശേഷം സാന്റ്‌നറെ കൂട്ടുപിടിച്ച് ഫിലിപ്‌സ് 47 റൺസ് കൂട്ടിച്ചേർത്തു. ലോക്കി ഫെർഗൂസൻ (1), ബ്ലെയർ ടിക്‌നെർ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.