റായ്പുർ: റായ്പുർ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംനിറങ്ങിയ ന്യൂസിലൻഡ് 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. മൂന്ന് പേർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകൾ നേടിയ ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും ചേർന്നാണ് കിവീസിനെ തകർത്തത്. സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലെ പിച്ചിൽ കൃത്യമായ ലെങ്ത് കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കിവീസ് മുൻനിര ചീട്ടുകൊട്ടാരമായി. ഒരു ഘട്ടത്തിൽ 10.3 ഓവറിൽ വെറും 15 റൺസ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ സന്ദർശകരെ ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചെൽ സാന്റ്നർ എന്നിവരുടെ ഇന്നിങ്സുകളാണ് 100 കടത്തിയത്.

52 പന്തുകൾ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 36 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് അവരുടെ ടോപ് സ്‌കോറർ. ബ്രേസ്വെൽ 30 പന്തിൽ നിന്ന് 22 റൺസെടുത്തു. സാന്റ്നർ 39 പന്തിൽ നിന്ന് 27 റൺസ് സ്വന്തമാക്കി.

ടോസിലെ നിർഭാഗ്യം ബാറ്റിംഗിലും പിന്തുടർന്നപ്പോൾ മത്സരത്തിൽ ഒരിക്കൽ പോലും ഇന്ത്യൻ ബൗളിംഗിന് മേൽ ആധിപത്യം നേടാൻ കിവീസിനായില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഫിൻ അലനെ(0) ബൗൾഡാക്കി ഷമിയാണ് കിവീസിന്റെ തകർച്ച തുടങ്ങിവെച്ചത്.

അക്കൗണ്ട് തുറക്കും മുമ്പെ വിക്കറ്റ് നഷ്ടമായ കിവീസ് പിന്നീട് പിടിച്ചു നിൽക്കാൻ നോക്കിയതോടെ സ്‌കോർ ബോർഡിന് അനക്കമുണ്ടായില്ല.16 പന്തിൽ ഏഴ് റൺസെടുത്ത ഡെവോൺ കോൺവെയും 20 പന്തിൽ രണ്ട് റൺസെടുത്ത ഹെന്റി നിക്കോൾസും മുട്ടി നിന്നെങ്കിലും റൺസ് വഴങ്ങാതെ ഇന്ത്യൻ പേസർമാർ സമ്മർദ്ദം കൂട്ടി. ഒടുവിൽ ആറാം ഓവറിൽ ഹെന്റി നിക്കോൾസിനെ(2) വീഴ്‌ത്തി സിറാജ് കിവീസിന്റെ പ്രതിരോധം പൊളിച്ചു.

ഡാരിൽ മിച്ചലിനെ(1) നിലയുറപ്പിക്കും മുമ്പെ ഷമി മടക്കിയതോടെ ടീം സ്‌കോർ രണ്ടക്കം കടക്കും മുമ്പെ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി.പിടിച്ചു നിൽക്കുമെന്ന് കരുതിയ ഡെവോൺ കോൺവെയെ(7) മടക്കി ഹാർദ്ദിക്കും വിക്കറ്റ് വേട്ടക്കെത്തിയതോടെ കിവീസ് പകച്ചു.ക്യാപ്റ്റൻ ടോം ലാഥമിന്റെ ഊഴമായിരുന്നു പിന്നീട്. ഷർദ്ദുൽ ഠാക്കൂറാണ് ലാഥമിനെ(1) മടക്കിയത്. 17 പന്ത് നേരിട്ടാണ് ലാഥം ഒരു റണ്ണെടുത്ത് മടങ്ങിയത്.

കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ബ്രേസ്വെല്ലിലും തകർപ്പനടിക്കാരനായ ഗ്ലെൻ ഫിലിപ്‌സും ചേർന്ന് ന്യൂസിലൻഡിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് ന്യൂസിലൻഡിനെ 50 കടത്തിയെങ്കിലും ഷമിയെ തിരിച്ചുവിളിക്കാനുള്ള രോഹിത് ശർമയുടെ തീരുമാനം വീണ്ടും കിവീസിന്റെ താളം തെറ്റിച്ചു. ബ്രേസ്വെല്ലിനെ(22) ഷമി വിക്കറ്റിന് പിന്നിൽ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു.

മിച്ചൻ സാന്റ്‌നറും(27) ഫിലിപ്‌സും ചേർന്ന് കിവീസിനെ 100 കടത്തിയെങ്കിലും സാന്റ്‌നറെ ബൗൾഡാക്കി ഹാർദ്ദിക് കൂട്ടുകെട്ട് പൊളിച്ചതോടെ കിവീസ് ഇന്നിങ്‌സ് അധികം നീണ്ടില്ല. പിടിച്ചു നിന്ന ഫിലിപ്‌സിനെയും വാലറ്റക്കാരെയും വാഷിങ്ടൺ സുന്ദറും കുൽദീപും ചേർന്ന് മടക്കിയതോടെ കിവീസ് ഇന്നിങ്‌സ് 108 റൺസിൽ അവസാനിച്ചു.