- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരാധകരെ ത്രസിപ്പിച്ച് അവസാന ഓവർ ത്രില്ലർ; ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; പന്തുകൊണ്ടും ബാറ്റുകൊണ്ടും വിജയതാരമായി ഹാർദ്ദിക്; മത്സരത്തിന്റെ ഗതിമാറ്റിയത് ജഡേജയ്ക്കൊപ്പമുള്ള കൂട്ടുകെട്ട്; ലോകകപ്പിലെ പരാജയത്തിന് പാക്കിസ്ഥാനോട് മധുരപ്രതികാരം; 148 റൺസ് വിജയലക്ഷ്യം മറികടന്നത് രണ്ട് പന്തു ശേഷിക്കെ അഞ്ച് വിക്കറ്റിന്

ദുബായ്: ഏഷ്യാ കപ്പിലെ നിർണയക മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ബോളുകൊണ്ടും ബാറ്റുകൊണ്ടും ഹാർദ്ദിക് പാണ്ഡ്യ മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വീഴ്‌ത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം മറികടന്നു. അവസാന ഓവറിന്റെ നാലാം പന്തിൽ ലോങ് ഓണിലൂടെ സിക്‌സർ പറത്തിയാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം സ്മ്മാനിച്ചത്. സ്‌കോർ പാക്കിസ്ഥാൻ 19.5 ഓവറിൽ 147ന് ഓൾ ഔട്ട്, ഇന്ത്യ 19.4 ഓവറിൽ 148-5.
രവീന്ദ്ര ജഡേജ (29 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 33*) എന്നിവർ ചേർന്ന് അഞ്ചാം വിക്കറ്റിൽ നടത്തിയ മിന്നുംപ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ ജഡേജ പുറത്തായെങ്കിലും ദിനേഷ് കാർത്തിക്കിനൊപ്പം (1 പന്തിൽ 1*) ചേർന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്കു പിഴച്ചു. ഓപ്പണർ കെ.എൽ.രാഹുലിന്റെ (പൂജ്യം) വിക്കറ്റ് രണ്ടാം പന്തിൽ തന്നെ വീണു. പത്തൊൻപതുകാരനായ നസീം ഷായാണ് അരങ്ങേറ്റ മത്സരത്തിൽ രാഹുലിനെ ഗോൾഡൻ ഡക്കായി പുറത്താക്കിയത്. പിന്നാലെയെത്തിയത്, നൂറാം രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന മുൻ ക്യാപ്റ്റൻ വിരാട് കോലി. ക്യാപ്റ്റൻ രോഹിത് ശർമയെ (18 പന്തിൽ 12) കാഴ്ചകാരനാക്കി കോലി ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്‌കോർബോർഡ് ചലിച്ചു. 34 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 35 റൺസാണ് കോലി എടുത്തത്.
എട്ടാം ഓവറിൽ മുഹമ്മദ് നവാസിനെ സിക്‌സർ പറത്തി രോഹിത്തും ഗിയർ മാറ്റിയെങ്കിലും ആ ഓവറിൽ തന്നെ പുറത്തായി. ബാറ്റിങ് ഓർഡറിൽ പ്രമോഷൻ ലഭിച്ച രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. പത്താം ഓവറിൽ നവാസ് തന്നെ കോലിയെയും വീഴ്‌ത്തി. പിന്നീടെത്തിയെ സൂര്യകുമാർ യാദവിനും (18 പന്തിൽ 18) അധികം ആയുസ്സ് ഉണ്ടായില്ല. സൂര്യകുമാർ യാദവും രവീന്ദ്ര ജഡേജയും പിടിച്ചു നിന്നെങ്കിലും റൺറേറ്റ് ഉയർത്താൻ ഇരുവർക്കുമായില്ല. ഒടുവിൽ നസീം ഷാക്കെതിരെ കെട്ടുപൊട്ടിക്കാൻ നോക്കിയ സൂര്യകുമാർ(18 പന്തിൽ 18) ക്ലീൻ ബൗൾഡായതോടെ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായി. പിന്നീടാണ് ജഡേജയും ഹാർദ്ദിക്കും ഒത്തുചേർന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു.
വിജയത്തിലേക്ക് അവസാന മൂന്നോവറിൽ 32 റൺസും രണ്ടോവറിൽ 21 റൺസും വേണ്ടിയരുന്ന ഇന്ത്യ ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ നേടിയ മൂന്ന് ബൗണ്ടറികളിലൂടെ 14 റൺസടിച്ച് അവസാന ഓവറിൽ ലക്ഷ്യം ഏഴ് റൺസാക്കി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്‌സ് അടിച്ച് ഫിനിഷ് ചെയ്യാൻ ശ്രമിച്ച രവീന്ദ്ര ജഡേജ ക്ലീൻ ബൗൾഡായതോടെ വീണ്ടും ട്വിസ്റ്റ്. രണ്ടാം പന്തിൽ ദിനേശ് കാർത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തിൽ ഹാർദ്ദികിന് റണ്ണെടുക്കാനായില്ല. ഇന്ത്യക്ക് ജയിക്കാൻ മൂന്ന് പന്തിൽ ആറ് റൺസ്. നാലാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ ഹാർദ്ദിന്റെ സിക്‌സർ. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് മൂന്നു വിക്കറ്റും അരങ്ങേറ്റക്കാരൻ നസീം ഷാ രണ്ടു വിക്കറ്റും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 19.5 ഓവറിൽ 147 റൺസിന് എറിഞ്ഞിട്ടിരുന്നു. പവർപ്ലേ ഓവറുകളിൽ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോർ ഉയർത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വർ കുമാറും ഹാർദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യൻ ബൗളർമാർ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോർ പാക്കിസ്ഥാന് അപ്രാപ്യമാകുകയായിരുന്നു. നാല് ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വറും നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഓൾറൗണ്ടർ ഹാർദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്‌ത്തി.
42 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 43 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറർ. കൃത്യമായ ഇടവേളകളിൽ പാക് ബാറ്റർമാരെ ഡ്രസ്സിങ് റൂമിലേക്കയച്ച ഇന്ത്യൻ ബൗളർമാർ അവർക്ക് കാര്യങ്ങൾ കടുപ്പമാക്കി.
റിസ്വാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത പാക് ക്യാപ്റ്റൻ ബാബർ അസമിനെ (10) മൂന്നാം ഓവറിൽ മടക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഫഖർ സമാനെ (10) ആവേശ് ഖാൻ, കാർത്തിക്കിന്റെ കൈയിലെത്തിച്ചു. മൂന്നാം ഓവറിൽ 45 റൺസ് ചേർത്ത റിസ്വാൻ - ഇഫ്തിഖർ അഹമ്മദ് സഖ്യമാണ് പാക് സ്‌കോർ 50 കടത്തിയത്. 22 പന്തിൽ നിന്ന് 28 റൺസെടുത്ത ഇഫ്തിഖർ അഹമ്മദിനെ 13-ാം ഓവറിൽ മടക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ സ്‌കോർ ഉയർത്താനുള്ള സമ്മർദത്തിൽ റിസ്വാനും ഖുശ്ദിൽ ഷായും (2) പുറത്തായതോടെ പാക് ടീം ശരിക്കും പ്രതിരോധത്തിലായി.
ആസിഫ് അലി (9), മുഹമ്മദ് നവാസ് (1), ഷദാബ് ഖാൻ (10), നസീം ഷാ (0) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങൾ. അവസാന ഓവറുകളിൽ അപ്രതീക്ഷിതമായി റൺസ് സ്‌കോർ ചെയ്ത ഹാരിസ് റൗഫും (13*), ഷാനവാസ് ദഹാനിയുമാണ് (ആറ് പന്തിൽ 16) പാക് സ്‌കോർ 140 കടത്തിയത്.


