ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് വീണ്ടും പാക്കിസ്ഥാന് മുൻപിൽ. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റ തിരിച്ചടിക്ക് മറുപടി നൽകാൻ ഉറച്ച് പാക്കിസ്ഥാൻ ഇറങ്ങുമ്പോൾ തോൽവി തൊടാതെ കിരീട നേട്ടത്തിലേക്ക് എത്താനാവും ഇന്ത്യ ലക്ഷ്യമിടുക.

സൂപ്പർ ഫോറിൽ പാക്കിസ്ഥാന് എതിരെ ഇറങ്ങുമ്പോൾ പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റം വരുത്താൻ സാധ്യതയുണ്ട്. പവർപ്ലേയിലെ സ്‌കോറിങ്ങിന്റെ വേഗക്കുറവ് ഇന്ത്യക്ക് പരിഹരിക്കണം. ആവേശ് ഖാന് പകരം ബൗളിങ്ങിൽ മറ്റൊരു താരവും പ്ലേയിങ് ഇലവനിൽ എത്തിയേക്കും.

രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷർ പട്ടേൽ ഇന്ത്യക്ക് മുൻപിലുണ്ട്. അതല്ലെങ്കിൽ ഓൾറൗണ്ടർമാരായി ആർ അശ്വിനേയും ദീപക് ഹൂഡയേയും പരിഗണിക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ 5 വിക്കറ്റിനാണ് പാക്കിസ്ഥാനെ ഇന്ത്യ വീഴ്‌ത്തിയത്. പിന്നാലെ ഹോങ്കോങ്ങിനേയും തോൽപ്പിച്ച് ഇന്ത്യ സൂപ്പർ ഫോറിലേക്ക് എത്തി.

ഹോങ്കോങ്ങിനെതിരെ രാഹുൽ, കോഹ് ലി ഉൾപ്പെടെയുള്ളവർ റൺറേറ്റ് ഉയർത്താൻ പ്രയാസപ്പെട്ടത് വിവാദമായിരുന്നു. എന്നാൽ മറുവശത്ത് ഹോങ്കോങ്ങിനെ പാക്കിസ്ഥാൻ തകർത്ത് തരിപ്പണമാക്കി. രണ്ടാമത്തെ മത്സരത്തിൽ 155 റൺസ് മാർജിനിൽ ഹോങ്കോങ്ങിനെ വീഴ്‌ത്തിയാണ് പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക് വന്നത്. 10 ഓവറിൽ 38 റൺസിനാണ് ഹോങ്കോങ്ങിനെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്.