കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് മഴ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ റിസർവ് ഡേ ഉൾപ്പെടുത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം തീയതി കൊളംബോയിലാണ് മത്സരം. സൂപ്പർ ഫോറിൽ ഈ മത്സരത്തിന് മാത്രമാണ് റിസർവ് ഡേ ഉൾപ്പെടുത്തുന്നത്.

നേരത്തേ കാൻഡിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ഗ്രൂപ്പ് മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസിസിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. മത്സരത്തിന് റിസർവ് ഡേ ഉൾപ്പെടുത്തുന്ന കാര്യം എസിസി ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച നടക്കുന്ന മത്സരം എന്തെങ്കിലും കാരണവശാൽ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തിങ്കളാഴ്ചയും മത്സരം തുടരും. ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് മഴ വില്ലനായതോടെ ടൂർണമെന്റ് കൊളംബോയിൽ നിന്ന് തെളിഞ്ഞ കാലാവസ്ഥയുള്ള ഹാംബൻടോട്ടയിലേക്ക് മാറ്റാനുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ എസിസി നിലവിലെ ഷെഡ്യൂളിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.

അതേ സമയം പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ നായകൻ സുനിൽ ഗവാസ്‌കർ. ഷഹീൻ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ചേർന്ന പാക് പേസ് ത്രയത്തിന് മുന്നിൽ അടിച്ചു കളിക്കുക എന്നത് ഇന്ത്യക്ക് എളുപ്പമാവില്ലെന്ന് ഗവാസ്‌കർ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നെങ്കിലും പാക് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ മുൻനിര പതറിയിരുന്നു. 66 റൺസിന് നാലു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഇഷാൻ കിഷന്റെയും ഹാർദ്ദിക് പാണ്ഡ്യയുടെയും പ്രത്യാക്രമണമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

ആദ്യ ഏഴോവറിനുള്ളിൽ തന്നെ രോഹിത് ശർമയെയും വിരാട് കോലിയെയും പുറത്താക്കിയ ഇടം കൈയൻ പേസർ ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയത്. ഹാരിസ് റൗഫ് ഇന്ത്യയുടെ നടുവൊടിച്ചപ്പോൾ ഹാർദ്ദിക്കിനെയും രവീന്ദ്ര ജഡേജയെയും കൂടി പുറത്താക്കി അഫ്രീദി നാലു വിക്കറ്റ് തികച്ചു. റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തി. മഴമൂലം പാക് ഇന്നിങ്‌സ് തുടങ്ങാനാവാതിരുന്നതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

ഞായറാഴ്ച നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ പാക് പേസർമാർക്കെതിരെ തകർത്തടിക്കാൻ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് ഗവാസ്‌കർ പറഞ്ഞു. ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ന്യൂബോൾ ആക്രമണ നിരയാണ് പാക്കിസ്ഥാനുള്ളത്. ഒരുകാലത്ത് പാക്കിസ്ഥാനും ഓസ്‌ട്രേലിയയുമായിരുന്നു ന്യൂബോൾ ആക്രമണത്തിന്റെ കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. പക്ഷെ ഇപ്പോഴത് പാക്കിസ്ഥാൻ മാത്രമാണ്.

പാക് നിരയിൽ ഇടം കൈയൻ പേസറും വലം കൈയൻ പേസർമാരുമുണ്ട്. അതുകൊണ്ടുതന്നെ ബാറ്ററുടെ ഇരുവശത്തേക്കും പന്ത് അനായാസം സ്വിങ് ചെയ്യിക്കാൻ അവർക്കാവും. അതിനാൽ പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ തുടക്കത്തിലെ അടിച്ചു തകർക്കാമെന്ന ഇന്ത്യയുടെ പദ്ധതി നടപ്പാക്കാനാവില്ലെന്നും ഗവാസ്‌കർ പറഞ്ഞു. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തിരുന്നു.