റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പം. റാഞ്ചിയിൽ 279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ശ്രേയസ് അയ്യരുടെ അപരാജിത സെഞ്ചുറിയുടെ കരുത്തിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശ്രേയസിന് പുറമെ ഇഷാൻ കിഷൻ (93) മികച്ച പ്രകനടം പുറത്തെടുത്തു. സഞ്ജു സാംസൺ ഇന്ത്യൻ ജയം ഉറപ്പിച്ച ഇന്നിങ്സുമായി പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നിർണായകമായി.

ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോർബോർഡിൽ 48 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ ശിഖർ ധവാൻ (13), ശുഭ്മാൻ ഗിൽ (28) ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റൻ ധവാൻ ഒരിക്കൽകൂടി നിരാശപ്പെടുത്തി. പാർനല്ലിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നാലെ ഇഷാൻ ക്രീസിലേക്ക്. ഗിൽ മറുവശത്ത് മനോഹരമായി കളിച്ചു. അഞ്ച് ബൗണ്ടറികൾ ഗില്ലിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.

എന്നാൽ ടീം സ്‌കോർ 50 എത്തുംമുൻപ് ഗില്ലും വീണു. 26 പന്തുകളിൽ നിന്ന് 28 റൺസെടുത്ത ഗില്ലിനെ റബാദ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ അപകടം മണത്തു. ഗില്ലിന് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി. എന്നാൽ മൂന്നാം വിക്കറ്റിൽ ശ്രേയസ്സും ഇഷാനും തകർത്തടിക്കുന്ന കാഴ്ചയ്ക്കാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. ഇരുവരും അനായാസം സ്‌കോർ ഉയർത്തി.

48 റൺസിൽ നിന്ന് ആരംഭിച്ച കൂട്ടുകെട്ട് ടീം സ്‌കോർ 200 കടത്തി. ഇരുവരും അർധസെഞ്ചുറി നേടുകയും ചെയ്തു. കിഷനായിരുന്നു കൂടുതൽ അപകടകാരി. ബൗളർമാരെ കൂസലില്ലാതെ നേരിട്ട കിഷൻ സെഞ്ചുറിയിലേക്ക് കുതിക്കുന്ന സമയത്ത് പുറത്തായി. ടീം സ്‌കോർ 209-ൽ നിൽക്കേ കിഷനെ ഇമാദ് ഫോർട്യൂയിൻ റീസ ഹെൻഡ്രിക്സിന്റെ കൈയിലെത്തിച്ചു. സെഞ്ചുറിക്ക് ഏഴുറൺസകലെ കിഷൻ വീണു. 84 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും ഏഴ് പടുകൂറ്റൻ സിക്സിന്റെയും അകമ്പടിയോടെ 93 റൺസെടുത്താണ് താരം മടങ്ങിയത്. ശ്രേയസ്സിനൊപ്പം 155 പന്തുകളിൽ നിന്ന് 161 റൺസ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ വിജയമുറപ്പിച്ച് കിഷൻ ക്രീസ് വിട്ടു.

കിഷന് പകരം മലയാളി താരം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവിനെ സാക്ഷിയാക്കി 43-ാം ഓവറിൽ ശ്രേയസ് അയ്യർ സെഞ്ചുറി നേടി. 103 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറി നേടിയത്. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറി കൂടിയാണിത്. ശ്രേയസ്സിന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് റാഞ്ചിയിൽ പിറന്നത്. പിന്നാലെ സഞ്ജുവും ശ്രേയസ്സും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ശ്രേയസ് 111 പന്തുകളിൽ നിന്ന് 15 ഫോറുകളുടെ അകമ്പടിയോടെ 113 റൺസെടുത്തും സഞ്ജു 36 പന്തുകളിൽ നിന്ന് 30 റൺസ് നേടിയും പുറത്താവാതെ നിന്നു.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ഇമാദ് ഫോർട്യൂയിൻ, വെയ്ൻ പാർനൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ എയ്ഡൻ മാർക്രം (79), റീസ ഹെൻഡ്രിക്സ് (74) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലാണ്. മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (5) സിറാജ് ബൗൾഡാക്കി. പത്താം ഓവരിൽ ജന്നെമൻ മലാനും (25) മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 40 എന്ന നിലയിലായി. തുടർന്ന് നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന ഹെൻഡ്രിക്സ്- മാർക്രം സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ഇരുവരും 129 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹെൻഡ്രിക്സിനെ മടക്കിയയച്ച് സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. 76 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു ഹെൻഡ്രിക്സിന്റെ ഇന്നിങ്സ്. തുടർന്ന് ക്രീസിലെത്തിയത് മികച്ച ഫോമിലുള്ള ഹെന്റിച്ച് ക്ലാസൻ. മധ്യ ഓവറുകൾക്ക് ശേഷം മാർക്രത്തിനൊപ്പംനിർണായക കൂട്ടുകെട്ടുണ്ടാക്കാൻ ക്ലാസനായി. 45 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. സ്‌കോർ 215ൽ നിൽക്കെ രണ്ട് പേരേയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ വെയ്ൻ പാർനല്ലിന് (16) കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല. എന്നാൽ ഡേവിഡ് മില്ലർ (35), കേശവ് മഹാരാജ് (5) എന്നിവർ ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിൽ മഹാരാജ് പുറത്തായി. ബോൺ ഫോർട്വിൻ (0) പുറത്താവാതെ നിന്നു.