- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് ബാറ്റിങ് വിരുന്നൊരുക്കി കോലിയും ഗില്ലും; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യക്ക് കൂറ്റൻ; അഞ്ച് ദിവസത്തിനിടെ രണ്ടാം സെഞ്ചുറിയുമായി സച്ചിന്റെ റെക്കോർഡ് മറികടന്ന് കിങ് കോലി; ശ്രീലങ്കക്ക് 391 റൺസ് വിജയലക്ഷ്യം
തിരുവനന്തപുരം: മിന്നുന്ന സെഞ്ചുറികളുമായി കേരളത്തിന് ബാറ്റിങ് വിരുന്നൊരുക്കി വിരാട് കോലിയും ശുഭ്മാൻ ഗില്ലും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിന്തുണയ്ക്കാൻ ആരാധകർ കുറവായിരുന്നെങ്കിലും 'ബാറ്റിങ് ഷോ' പകിട്ട് കുറയ്ക്കാതെ മൂന്നാം ഏകദിനത്തിലും ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തു. വിരാട് കോലിയും ശുഭ്മൻ ഗില്ലും സെഞ്ചറികളുമായി മത്സരിച്ച് തകർത്തടിച്ച മത്സരത്തിൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഉയർത്തിയത് 391 റൺസ് വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 390 റൺസ്! വൺഡൗണായി ഇറങ്ങി തകർപ്പൻ സെഞ്ചറിയുമായി പുറത്താകാതെ നിന്ന മുൻ നായകൻ വിരാട് കോലി (110 പന്തിൽ 166*), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ബോളർമാരെ പിന്തുണയ്ക്കുന്ന പതിവിനു വിട നൽകി ഇത്തവണ ബാറ്റർമാരെ കനിഞ്ഞനുഗ്രഹിച്ച കാര്യവട്ടത്തെ പിച്ചിൽ, കോലിയുടെയും ഗില്ലിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങൾ ശ്രീലങ്കയെ തച്ചുതകർത്തു. കളത്തിലിറങ്ങിയവരിൽ അൽപമെങ്കിലും നിരാശപ്പെടുത്തിയത് കെ എൽ രാഹുലും സൂര്യകുമാർ യാദവും മാത്രം.
110 പന്തുകൾ നേരിട്ട കോലി 13 ഫോറും എട്ടു സിക്‌സും സഹിതമാണ് 166 റൺസെടുത്തത്. ഗില്ലാകട്ടെ, 97 പന്തിൽ 14 ഫോറും രണ്ടു സിക്‌സും സഹിതമാണ് 116 റൺസെടുത്തത്. കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ചറിയാണ് ഗില്ലിന്റേത്.
ക്യാപ്റ്റൻ രോഹിത് ശർമ (49 പന്തിൽ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 42), ശ്രേയസ് അയ്യർ (32 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ആരാധകരുടെ കയ്യടികൾക്കിടെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് നാലു പന്തിൽ നാലു റൺസെടുത്ത് പുറത്തായി. കെ.എൽ.രാഹുൽ ആറു പന്തിൽ ഏഴു റൺസെടുത്തു. അക്ഷർ പട്ടേൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യൻ ഇന്നിങ്‌സിലെ ഉയർന്ന കൂട്ടുകെട്ടും ഇവരുടെ വകയാണ്. മൂന്നാം വിക്കറ്റിൽ 110 പന്തിൽ നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 131 റൺസ്. ഗിൽ പുറത്തായ ശേഷം ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വീണ്ടും സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് കോലി ഇന്ത്യയെ 350 കടത്തിയത്. നാലാം വിക്കറ്റിൽ 71 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 108 റൺസ്. ഇതിനു പുറമെ ഇന്ത്യൻ ഇന്നിങ്‌സിൽ ഒരു അർധസെഞ്ചറി കൂട്ടുകെട്ട് കൂടിയുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ ശുഭ്മൻ ഗിൽ സഖ്യം 92 പന്തിൽ അടിച്ചുകൂട്ടിയത് 95 റൺസ്!
സച്ചിൻ തെണ്ടുൽക്കറുടെ ഒരു റെക്കോർഡ് കൂടി വിരാട് കോലി മറികടന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ കോലി നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ് മറികടന്നത്. ഇന്ത്യയിൽ കോലിയുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്. 160 ഇന്നിങ്സുകളിലാണ് സച്ചിൻ ഇന്ത്യയിൽ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കിൽ കോലി 101 ഇന്നിങ്സിലാണ് ഇത് മറികടന്നത് എന്നതാണ് ശ്രദ്ധേയം.
ഏകദിനക്രിക്കറ്റിൽ ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോർഡാണ് കോലി മറികടന്നത്. കോലി വിൻഡീസിനെതിരേയും ഒമ്പത് സെഞ്ചുറികൾ നേടിയിട്ടുണ്ട്.
അവസാനമായി കളിച്ച നാല് ഇന്നിങ്സുകളിൽ മൂന്നിലും സെഞ്ചുറി തികച്ച കോലി മിന്നുന്ന ഫോമിൽ തുടരുകയാണ്. ഡിസംബറിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ച കോലി ഈ മാസം പത്തിന് നടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയിരുന്നു.
ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡാണ് ആദ്യ ഏകദിനത്തിൽ കോലി മറികടന്നത്. എട്ട് സെഞ്ചുറിയാണ് സച്ചിൻ ലങ്കയ്ക്കെതിരെ നേടിയിരുന്നത്. ഇന്നത്തെ മത്സരത്തിലേതടക്കം ലങ്കയ്ക്കെതിരെ കോലിയുടെ സെഞ്ചുറി നേട്ടം പത്തായി. അഞ്ചു ദിവസത്തിനിടെ സച്ചിന്റെ രണ്ടു റെക്കോർഡുകൾ മറികടക്കുകയും ചെയ്തു. 85 പന്തിൽ നിന്നാണ് ഇന്ന് കോലി തന്റെ ഏകദിന കരിയറിലെ 46-ാം സെഞ്ചുറി പൂർത്തിയാക്കിയത്. 49 സെഞ്ചുറി നേടിയ സച്ചിൻ തന്നെയാണ് കോലിക്ക് മുന്നിലുള്ളത്.
ശ്രീലങ്കൻ നിരയിൽ കസൂൻ രജിത 10 ഓവറിൽ 81 റൺസ് വഴങ്ങിയും ലഹിരു കുമാര 10 ഓവറിൽ 87 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ചാമിക കരുണരത്നെ എട്ട് ഓവറിൽ 58 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.