- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ തുടക്കമിട്ട് നിസ്സങ്കയും മെൻഡിസും; ടീമിനെ വിജയതീരത്ത് എത്തിച്ച് ഷാനക - രജപക്സ കൂട്ടുകെട്ട്; ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കി ശ്രീലങ്ക ഏഷ്യകപ്പ് ഫൈനലിൽ; 174 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു പന്ത് ശേഷിക്കെ; സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരവും തോറ്റ് രോഹിതും സംഘവും പുറത്തേക്ക്

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനു പിന്നാലെ ശ്രീലങ്കയോടും പരാജയപ്പെട്ട ഇന്ത്യൻ ടീം ഫൈനൽ കാണാതെ പുറത്തേക്ക്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ആറ് വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്. ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കിനിൽക്കേ നാലു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യം രണ്ട് ഓവറിനുള്ളിൽ കെ.എൽ.രാഹുലും വിരാട് കോലിയും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ക്യാപ്റ്റൻ രോഹിത് ശർമയുടെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള സ്‌കോർ നൽകിയത്. നിശ്ചിത ഓവറിൽ ഇന്ത്യ 173 റൺസ് എടുത്തു. എന്നാൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക തുടക്കം മുതൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
അർധ സെഞ്ചുറികൾ നേടിയ പഥും നിസ്സങ്കയും കുശാൽ മെൻഡിസുമാണ് ലങ്കൻ വിജയത്തിന് അടിത്തറ പാകിയത്. സൂപ്പർ ഫോറിലെ രണ്ടാം ജയത്തോടെ ലങ്ക ഫൈനൽ ബർത്ത് ഉറപ്പാക്കി. രണ്ടാം തോൽവിയോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അനിശ്ചിതത്വത്തിലായി. അവസാന ഓവറിൽ ലങ്കയ്ക്ക് ജയിക്കാൻ ഏഴു റൺസ് വേണമെന്നിരിക്കേ നന്നായി പന്തെറിഞ്ഞ അർഷ്ദീപ് സിങ്ങിനും ലങ്കൻ ജയത്തെ തടയാനായില്ല.
174 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് തകർപ്പൻ തുടക്കമാണ് പഥും നിസ്സങ്ക - കുശാൽ മെൻഡിസ് ഓപ്പണിങ് സഖ്യം സമ്മാനിച്ചത്. 67 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 37 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 52 റൺസെടുത്ത നിസ്സങ്കയെ 12-ാം ഓവറിൽ പുറത്താക്കി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ അതേ ഓവറിലെ നാലാം പന്തിൽ ചരിത് അസലങ്കയേയും (0) മടക്കിയ ചാഹൽ ലങ്കയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു.
തുടർന്ന് നിലയുറപ്പിക്കും മുമ്പ് ധനുഷ്‌ക ഗുണതിലകയെ (1) മടക്കി അശ്വിനും ലങ്കയെ ഞെട്ടിച്ചു. പിന്നാലെ നിലയുറപ്പിച്ചിരുന്ന കുശാൽ മെൻഡിസിനെയും മടത്തി ചാഹൽ ലങ്കയെ പ്രതിരോധത്തിലാക്കി. 37 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 57 റൺസെടുത്താണ് മെൻഡിസ് മടങ്ങിയത്.
എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ഭാനുക രജപക്സ - ക്യാപ്റ്റൻ ദസുൻ ഷാനക സഖ്യം ഇന്ത്യയിൽ നിന്ന് വീണ്ടും മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ഭാനുക രജപക്സ 17 പന്തിൽ നിന്ന് 25 റൺസോടെയും ദസുൻ ഷാനക 18 പന്തിൽ നിന്ന് 33 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ചാഹൽ നാല് ഓവറിൽ 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദിൽഷൻ മധുഷങ്കയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച കോലി ബൗൾഡാകുകയായിരുന്നു.
തുടർന്ന് ക്രീസിൽ ഒന്നിച്ച രോഹിത് - സൂര്യകുമാർ സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സ് ട്രാക്കിലാക്കിയത്. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ രോഹിത്തായിരുന്നു കൂടുതൽ അപകടകാരി. നിലയുറപ്പിച്ച ശേഷം രോഹിത് ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു. സൂര്യകുമാറാകട്ടെ രോഹിത്തിന് ഉറച്ച പിന്തുണ നൽകി. മൂന്നാം ഓവറിൽ ഒന്നിച്ച ഈ സഖ്യം 13-ാം ഓവറിൽ പിരിയുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 100 കടന്നിരുന്നു. മൂന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 41 പന്തിൽ നാല് സിക്സും അഞ്ച് ഫോറുമടക്കം 72 റൺസെടുത്ത രോഹിത്തിനെ മടക്കി ചമിക കരുണരത്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ദസുൻ ഷാനകയുടെ പന്തിൽ ഷോട്ടിനായുള്ള ശ്രമത്തിൽ സൂര്യകുമാർ യാദവും പുറത്തായി. 29 പന്തിൽ നിന്ന് ഒന്ന് വീതം സിക്സും ഫോറുമടക്കം 34 റൺസെടുത്താണ് താരം പുറത്തായത്.
തുടർന്ന് അഞ്ചാം വിക്കറ്റിൽ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്‌കോർ 149 വരെയെത്തിച്ചു. 18-ാം ഓവറിൽ ഹാർദിക് പുറത്തായി. 13 പന്തിൽ നിന്ന് 17 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് വീണ്ടും ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ദീപക് ഹൂഡ (3) കാര്യമായ സംഭാവന ചെയ്യാതെ മടങ്ങിയപ്പോൾ ഋഷഭ് പന്ത് 17 റൺസെടുത്ത് പുറത്തായി. ആർ. അശ്വിൻ ഏഴ് പന്തിൽ നിന്ന് 15 റൺസെടുത്തു.
ശ്രീലങ്കയ്ക്കായി ദിൽഷൻ മധുഷങ്ക നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദസുൻ ഷാനക, കരുണരത്നെ എന്നിവർ രണ്ടു വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.


