പെർത്ത്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. പെർത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയൻ ബൗളർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ കളി മറന്നതോടെ 36 റൺസിനാണ് ഇന്ത്യയുടെ തോൽവി. വെസ്റ്റേൺ ഓസ്ട്രേലിയ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ സാധിച്ചുള്ളൂ.

വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ 13 റൺസിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയ 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. 41 പന്തുകളിൽ നിന്ന് 64 റൺസെടുത്ത നിക്ക് ഹോബ്സണും 38 പന്തുകളിൽ നിന്ന് 52 റൺസ് നേടിയ ഡാഴ്സി ഷോർട്ടുമാണ് ഓസീസിനായി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിൻ നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഹർഷൽ പട്ടേൽ രണ്ടുവിക്കറ്റെടുത്തപ്പോൾ അർഷ്ദീപ് സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി.

169 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ കെ.എൽ.രാഹുൽ മാത്രമാണ് തിളങ്ങിയത്. താരം 55 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 74 റൺസെടുത്തു. മറ്റ് ബാറ്റർമാർക്കൊന്നും താളം കണ്ടെത്താനായില്ല. 17 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് സെക്കൻഡ് ടോപ്സ്‌കോറർ.

ഇന്ത്യൻ നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ഋഷഭ് പന്ത് (9), ദീപക് ഹൂഡ (6), അക്ഷർ പട്ടേൽ (2), ഹർഷൽ പട്ടേൽ (2), അശ്വിൻ (2), ഭുവനേശ്വർ കുമാർ (0) എന്നിവർ പരാജയമായി. തുടർച്ചായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഋഷഭ് പന്ത് സെലക്ടർമാർക്ക് വലിയ തലവേദനയാണ് നൽകുന്നത്. രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കായി ഹമീഷ് മക്കെൻസി, ലാൻസ് മോറിസ്, മാത്യു കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ആൻഡ്രു ടൈ, ജേസൺ ബെഹ്റെൻഡോർഫ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്‌ട്രേലിയ ഇലവൻ 20 ഓവറിൽ 8 വിക്കറ്റിന് 168 റൺസ് നേടി. അർധ സെഞ്ചുറി നേടിയ നിക്കോളസ് ഹോബ്സണാണ് ടോപ് സ്‌കോറർ. ഡാർസി ഷോർട്ടും ഫിഫ്റ്റി കണ്ടെത്തി. ഇന്ത്യക്കായി ആർ അശ്വിൻ ഓസീസ് ഇന്നിങ്സിലെ 17-ാം ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത് നിർണായകമായി.

ഓസീസിനായി രണ്ടാം വിക്കറ്റിൽ ഡാർസി ഷോർട്ടും നിക്കോളസ് ഹോബ്സണും 112 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയർത്തിയിരുന്നു. ഷോർട്ട് 38 പന്തിൽ 52 ഉം ഹോബ്സൺ 41 പന്തിൽ 64 ഉം റൺസെടുത്തു. ഷോർട്ടിനെ റണ്ണൗട്ടിലൂടെയും ഹോബ്സണെ അക്സറിന്റെ കൈകളിലെത്തിച്ചും ഹർഷൽ പട്ടേൽ പുറത്താക്കി. പിന്നീട് വന്നവരിൽ കാമറൂൺ ബൻക്രോഫ്റ്റ്(7 പന്തിൽ 6), ആഷ്ടൺ ടർണർ(3 പന്തിൽ 2), സാമുവൽ ഫാന്നിങ്(1 പന്തിൽ 0) എന്നിവരെ അശ്വിൻ ഒരോവറിൽ പുറത്താക്കി. മക്കെൻസി മൂന്നിൽ നിൽക്കേ റണ്ണൗട്ടായപ്പോൾ ആൻഡ്രൂ ടൈയെ 5 പന്തിൽ 6 റൺസെടുത്ത് നിൽക്കേ ഹർഷൽ മടക്കി.മാത്യു കെല്ലി 11 പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.