- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയം കവർന്ന ഗില്ലിന്റെ മിന്നും സെഞ്ചുറി; ഓൾറൗണ്ട് മികവുമായി ഹാർദ്ദികും; ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്; 66 റൺസിന് പുറത്ത്; മോദി സ്‌റ്റേഡിയത്തിൽ 168 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ റൺമല പടുത്തിയർത്തിയ ശേഷം കിവികളെ എറിഞ്ഞുവീഴ്‌ത്തിയ ഇന്ത്യ 168 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ പരമ്പര സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 235 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവികൾ 12.1 ഓവറിൽ 66 റൺസുമായി കൂടാരം കയറി. 25 പന്തിൽ നിന്ന് 35 റൺസെടുത്ത ഡാരിൽ മിച്ചൽ മാത്രമാണ് കിവീസ് ഇന്നിങ്സിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെ ട്വന്റി20 പരമ്പരയും 2 - 1ന് സ്വന്തമാക്കി. ബാറ്റർമാർക്ക് പിന്നാലെ ബൗളർമാരും തിളങ്ങിയതോടെ മത്സത്തിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നാല് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. അർഷ്ദീപ് സിങ്, ഉംറാൻ മാലിക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്നിങ്സിന്റെ നാലാം പന്തിൽ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ഹാർദിക്കിന്റെ പന്തിൽ ഫിൻ അലനെ (3) സ്ലിപ്പിൽ തകർപ്പൻ ക്യാച്ചിലൂടെ സൂര്യകുമാർ യാദവ് പുറത്താക്കി. പിന്നാലെ തന്റെ ആദ്യ പന്തിൽ ഡെവോൺ കോൺവെയെ (1) അർഷ്ദീപ് സിങ്, ക്യാപ്റ്റൻ ഹാർദിക്കിന്റെ കൈയിലെത്തിച്ചു. അതേ ഓവറിൽ മാർക്ക് ചാപ്മാൻ (0) കീപ്പർ ഇഷാൻ കിഷന്റെ കൈകളിലൊതുങ്ങി. തൊട്ടടുത്ത ഓവറിൽ ഹാർദിക്കിന്റെ പന്തിൽ ഗ്ലെൻ ഫിലിപ്സിനെ (2) ആദ്യ ക്യാച്ചിനു സമാനമായ രീതിയിൽ തന്നെ സ്ലിപ്പിൽ സൂര്യ പറന്നുപിടിച്ചതോടെ 2.4 ഓവറിൽ വെറും ഏഴ് റൺസിന് നാലു വിക്കറ്റെന്ന ദയനീയ സ്ഥിതിയിലായി കിവീസ്.
മൈക്കൽ ബ്രെയ്സ്വെല്ലിന്റെ (8) കുറ്റിതെറിപ്പിച്ച് ഉംറാൻ മാലിക്കും വരവ് ഗംഭീരമാക്കി. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറെ (13) മടക്കി ശിവം മാവിയും വേട്ടയിൽ പങ്കാളിയായി. ഇഷ് സോധി (0), ലോക്കി ഫെർഗൂസൻ (0), ബ്ലെയർ ടിക്നർ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
നേരത്തെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തിരുന്നു. ന്യൂസീലൻഡിനെതിരേ ട്വന്റി20-യിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.
126 റൺസ് നേടിയ ഗില്ലിന് പുറമെ രാഹുൽ ത്രിപാഠിയും(22 പന്തിൽ 44) ഹാർദിക് പാണ്ഡ്യയും(17 പന്തിൽ 30), സൂര്യകുമാർ യാദവും(13 പന്തിൽ 24) തിളങ്ങി. ഓപ്പണർ ഇഷാൻ കിഷൻ ഒരു റണ്ണിൽ മടങ്ങിയപ്പോൾ ഗില്ലിനൊപ്പം ദീപക് ഹൂഡ(2 പന്തിൽ 2*) പുറത്താവാതെ നിന്നു. 35 പന്തിലാണ് ഗിൽ 50 തികച്ചത് എങ്കിൽ പിന്നീടുള്ള 19 പന്തുകളിൽ താരം മൂന്നക്കം തികച്ചു. ഗില്ലിന്റെ കന്നി രാജ്യാന്തര ട്വന്റി 20 ശതകമാണിത്. കിവികൾക്കായി മൈക്കൽ ബ്രേസ്വെല്ലും ബ്ലെയർ ടിക്നെറും ഇഷ് സോധിയും ഡാരിൽ മിച്ചലും ഓരോ വിക്കറ്റ് വീഴ്‌ത്തി.
സമീപകാലത്തെ തകർപ്പൻ ഫോം തുടർന്ന ഗിൽ 63 പന്തുകൾ നേരിട്ട് ഏഴ് സിക്സും 12 ഫോറുമടക്കം 126 റൺസോടെ പുറത്താകാതെ നിന്നു. ട്വന്റി20-യിൽ താരത്തിന്റെ കന്നി സെഞ്ചുറിയാണിത്. ഇതോടെ വിരാട് കോലിയെ മറികടന്ന് ട്വന്റി20-യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോറെന്ന നേട്ടവും ഗിൽ സ്വന്തമാക്കി. 35 പന്തിൽ അർധ സെഞ്ചുറി നേടിയ ഗില്ലിന് പിന്നീട് സെഞ്ചുറിയിലേക്കെത്താൻ വേണ്ടിവന്നത് വെറും 19 പന്തുകൾ മാത്രം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഇത്തവണയും ഇഷാൻ കിഷൻ (1) നിരാശപ്പെടുത്തി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ശുഭ്മാൻ ഗിൽ - രാഹുൽ ത്രിപാഠി സഖ്യം അതിവേഗം 80 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകി. ത്രിപാഠിയായിരുന്നു കൂടുതൽ അപകടകാരി. 22 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 44 റൺസെടുത്ത ത്രിപാഠിയെ മടക്കി ഇഷ് സോധിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ സൂര്യകുമാർ യാദവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും 13 പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. രണ്ട് സിക്സും ഒരു ഫോറുമടക്കം 24 റൺസെടുത്ത സൂര്യയെ 13-ാം ഓവറിൽ ബ്ലെയർ ടിക്നറിന്റെ പന്തിൽ മൈക്കൽ ബ്രെയ്സ്വെൽ ഒരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
പിന്നാലെ നാലാം വിക്കറ്റിൽ ഗില്ലിനൊപ്പം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെത്തിയതോടെ ഇന്ത്യൻ ഇന്നിങ്സ് വീണ്ടും കുതിക്കാൻ തുടങ്ങി. ഇരുവരും കൂട്ടിച്ചേർത്ത 103 റൺസാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. 17 പന്തുകൾ നേരിട്ട ഹാർദിക് ഒരു സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്തു.