ലക്നൗ: ഏകദിന ലോകകപ്പിൽ ബർത്തുറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ. തുടർച്ചയായ ആറാം ജയവുമായാണ് ഇന്ത്യ അവസാന നാലിൽ എത്തുന്നത്. ഏകദിന ലോകകപ്പിൽ ആദ്യമായാണ് ആറ് ആധികാരിക ജയങ്ങളുമായി ഇന്ത്യ ആദ്യ ഘട്ടം കടക്കുന്നത്. ആറാം മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ തകർത്തത്. ബാറ്റിംഗിലും ക്യാപ്ടൻസിയിലും മികവ് കാട്ടിയ രോഹിത് ശർമ്മ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. ബൗളിങ്ങിലെ വ്യത്യസ്തയ്ക്ക് മുമ്പിൽ രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തകരുകയായിരുന്നു. നിലവിലെ ജേതാക്കൾ ഇതോടെ സെമി കാണാതെ പുറത്താകുമെന്നും ഏതാണ്ട് ഉറപ്പായി. വൻ അത്ഭുതങ്ങൾ വേണം ഇനി ഇംഗ്ലണ്ടിന് സെമിയിലേക്ക് കടക്കാൻ.

ബൗളർമാർ വീണ്ടും മികവിലേക്കുയർന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർക്കുകയായിരുന്നു ഇന്ത്യ. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മികച്ച മാർജിനിലുള്ള ജയം സ്വന്തമാക്കിയത്. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികൾ ബാക്കിനിൽക്കേ ഇന്ത്യ സെമി ഉറപ്പിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലീഷ് ടീമിനെ തകർത്തത്.

ആദ്യ അഞ്ചു കളികളും ജയിച്ച ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചിരുന്നു. ആറാം വിജയം അത് സ്ഥിരീകരിക്കുകയും ചെയ്തു. ലൗക്നൗവിൽ ഇംഗ്ലണ്ടിന് ജയം അനിവാര്യതയായിരുന്നു. എന്നാൽ ഓൾറൗണ്ട് മികവിന് പേരു കേട്ട ഇംഗ്ലീഷ് പട പൊരുതി നോക്കുക പോലും ചെയ്യാതെ ഇന്ത്യൻ മുമ്പിൽ തകർന്നടിഞ്ഞു. ബൗളിങ് മാറ്റത്തിലൂടെയും മറ്റും രോഹിത് ശർമ്മ ടീം ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കുന്നതിൽ നിർണ്ണായകമായി. മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംമ്രയും തകർത്തെറിഞ്ഞു. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ബാറ്റിംഗിനെ വരഞ്ഞു കെട്ടി. അങ്ങനെ രണ്ടാമത് ബൗൾ ചെയ്ത ഇന്ത്യ ഫീൽഡിൽ എല്ലാ അർത്ഥത്തിലും അരങ്ങു വാണു.

ടോസ് നേടിയത് ഇംഗ്ലണ്ടാണ്. ഇന്ത്യയെ ബാറ്റിംഗിനും അയച്ചു. ശുഭ്മാൻ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യറും അതിവേഗം മടങ്ങി. എന്നാൽ രോഹിത് ശർമ്മ പോരാട്ടം തുടർന്നു. 101 പന്തിൽ 87 റൺസ്. അതിൽ പത്ത് ഫോറും മൂന്ന് സിക്സും. പൊരുതാനുള്ള സ്‌കോർ ടീമിന് ഉറപ്പാക്കിയായിരുന്നു ഇന്ത്യൻ നായകൻ ക്രിസ് വിട്ടത്. 47 പന്തിൽ 49 റൺസ് നേടി സൂര്യകുമാർ യാദവും ഇന്ത്യൻ ടോട്ടലിന് 200 കടത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. പിന്നെ ബൗളർമാരുടെ ഊഴമായി. ആർക്കും പിഴച്ചില്ല. അങ്ങനെ ഇന്ത്യ സെമിയിൽ എത്തി. ഇംഗ്ലണ്ട് തളർന്ന് വീണു.

ആദ്യായാണ് ഒരു ലോകകപ്പിൽ ഇംഗ്ലണ്ട് തുടർച്ചയായ നാലു കളികൾ തോൽക്കുന്നത്. ആറു കളികളിൽ രണ്ട് പോയിന്റ് മാത്രമാണുള്ളത്.. ഇനിയുള്ള മൂന്ന് കളികളും ജയിച്ചാലും അവർക്ക് എട്ട് പോയിന്റെ മാത്രമേ കിട്ടൂ. നിലവിൽ ഇന്ത്യക്ക് 12ഉം ദക്ഷിണാഫ്രിക്കയ്ക്ക് പത്തും ന്യൂസിലണ്ടിനും ഓസ്ട്രേലിയയ്ക്കും എട്ട് വീതവും പോയിന്റുണ്ട്. ഈ സാഹചര്യത്തിലാണ് പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള ഇംഗ്ലണ്ടിന് സാധ്യത കുറയുന്നത്. നേരത്തെ ബംഗ്ലാദേശും അഞ്ചു കളികളിൽ തോറ്റ് സെമി എത്തില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

രണ്ടു കളികളിൽ ഒൻപത് വിക്കറ്റ്.. വീണ്ടും ഷമ്മി

ഈ ലോകകപ്പിൽ ആദ്യ നാലു കളികളിലും പുറത്തിരുന്ന താരമാണ് മുഹമ്മദ് ഷമി. കഴിഞ്ഞ കളിയിൽ ഇന്ത്യയ്ക്കായി ഷമി അഞ്ച് വിക്കറ്റ് നേടി. ന്യൂസിലണ്ടിനെതിരായ മികച്ച ഫോം ഇംഗ്ലണ്ടിനെതിരെ മിന്നും ബൗളിങ്ങായി. വീണ്ടും തിളങ്ങി. ഇത്തവണ നാലു വിക്കറ്റ്. അങ്ങനെ രണ്ടു കളികളിൽ നിന്നും 9 പത്ത് വിക്കറ്റുമായി വീണ്ടും ഷമി ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയാകുകയാണ്. ബുംമ്രയുടെ ബൗളിങ്ങിലെ വ്യത്യസ്തതയും ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ തകർത്തു. ആദ്യ വിക്കറ്റ് നേടിയത് ബുംമ്രയാണ്. ആദ്യ രണ്ടു വിക്കറ്റും നേടി ബുംമ്ര വിക്കറ്റിന്റെ സ്വഭാവം പേസിനും സ്വിങ്ങിനും അനുകൂലമാണെന്ന് തെളിയിച്ചു.

പിന്നാലെ ഷമിയുടെ ഊഴമായി. കൃത്യമായ ലൈനിലും ലെങ്തിലും കിറുകൃത്യതയിൽ ഷമിയുടെ ബൗളിങ്. നാലു വിക്കറ്റ് നേട്ടം. അവസാന വിക്കറ്റും ഷമിക്ക്. ഷമിക്ക് മൂന്നും.

ബാറ്റിംഗിൽ രോഹിത് മയം, പൂജ്യനായി കോലി

ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വ്യക്തിഗത സ്‌കോർ 31-ൽ എത്തിയപ്പോഴാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. നേരത്തേ ശുഭ്മാൻ ഗിൽ ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 101 പന്തിൽ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം രോഹിത് 87 റൺസെടുത്തിരുന്നു. ഈ വർഷം കളിച്ച 22 ഏകദിനങ്ങളിൽ നിന്നായി 55.57 ശരാശരിയിൽ രോഹിത്തിന് 1056 റൺസായി. രണ്ട് സെഞ്ചുറിയും എട്ട് അർധ സെഞ്ചുറികളും അടക്കമാണ് ഈ നേട്ടം.

അതേസമയം എല്ലാ ലോകകപ്പുകളിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത്, സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 45 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 56.95 ശരാശരിയിൽ 2278 റൺസായിരുന്നു സച്ചിന്റെ നേട്ടം. ആറ് സെഞ്ചുറികളും 15 അർധ സെഞ്ചുറികളും ഉൾപ്പെടെയായിരുന്നു ഇത്. 59 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 63.12 ശരാശരിയിൽ 2525 റൺസ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാമത്. ഈ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്നായി 66.33 ശരാശരിയിൽ 398 റൺസെടുത്ത രോഹിത് നിലവിൽ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും ആ ലോകകപ്പിൽ രോഹിത് നേടി.

ഏകദിന ലോകകപ്പ് കരിയറിൽ ആദ്യമായി പൂജ്യത്തിന് പുറത്തായി വിരാട് കോലിയും കമന്റേറ്റർമാർക്കിടയിൽ ചർച്ചയായി. ഡേവിഡ് വില്ലിയെറിഞ്ഞ ഏഴാം ഓവറിലാണ് ഫോമിലുള്ള കോലി പുറത്തായത്. വില്ലിക്കെതിരേ വലിയ ഷോട്ടിന് ശ്രമിച്ച കോലിയുടെ നീക്കം മിഡ് ഓഫിൽ ബെൻ സ്റ്റോക്ക്‌സിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഒമ്പത് പന്തുകൾ മാത്രമാണ് താരം നേരിട്ടത്. ഈ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്നായി 88.50 ശരാശരിയിൽ 354 റൺസ് നേടിയ താരമാണ് കോലി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റൺസെടുത്തത്. ഈ ലോകകപ്പിൽ ആദ്യമായി ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യയെ ഇന്നിങ്സിലുടനീളം ഇംഗ്ലീഷ് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.

അവസാന ഓവറുകളിലെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് സ്‌കോർ 200 കടത്തിയത്. 47 പന്തുകൾ നേരിട്ട സൂര്യ ഒരു സിക്സും നാല് ഫോറുമടക്കം 49 റൺസെടുത്തു. രോഹിത്തിനെയും സൂര്യയേയും കൂടാതെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത് കെ.എൽ രാഹുലിനും ജസ്പ്രീത് ബംറയ്ക്കും മാത്രമാണ്. 11.5 ഓവറിൽ 40 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. നാലാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി ക്രിസ് വോക്സാണ് വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും വോക്സും റഷീദും രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി.