ഫ്‌ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകമായ അവസാനത്തെ ടി20 മത്സരത്തിലും മലയാളി താരം സഞ്ജു നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ 13 റൺസ് മാത്രമെടുത്താണ് താരം പുറത്തായത്. രണ്ട് ബൗണ്ടറികൾ പായിച്ച് പ്രതീക്ഷ നൽകിയെങ്കിലും റെമാരിയോ ഷെപേർഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ നികൊളാസ് പൂരാന് പിടി നൽകി താരം മടങ്ങുകയായിരുന്നു.

പരമ്പരയിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ ആദ്യ രണ്ടിൽ മാത്രമായിരുന്നു സഞ്ജുവിന് അവസരം ലഭിച്ചത്. അതിൽ തന്നെ 12ഉം ഒമ്പതും റൺസ് മാത്രമാണ് സമ്പാദ്യം.അയർലൻഡിനെതിരായ ടി20 പരമ്പരയാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്.

അതേസമയം, വിൻഡീസിനെതിരെ അവസാന ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. ഈ മത്സരം തോറ്റാൽ ഇന്ത്യയ്ക്ക് പരമ്പര കൈവിട്ടു പോകും. നേരത്തെ ടോസ് നേടിയ ഹാർദിക് പണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ യശസ്വി ജെയ്‌സ്വാളും (5) ശുഭ്മാൻ ഗില്ലും (9) മൂന്ന് ഓവറുകൾ പിന്നിടുമ്പോഴേക്കും കൂടാരം കയറിയിരുന്നു. തുടർന്ന് ബാറ്റെടുത്ത സൂര്യ കുമാർ യാദവാണ് (45 പന്തുകളിൽ 61) ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 11-ാമത്തെ ഓവറിൽ സ്‌കോർ 87-ൽ നിൽക്കെയായിരുന്നു സഞ്ജു പുറത്തായത്.

ാലാം വിക്കറ്റിൽ സൂര്യ - തിലക് വർമ (27) സഖ്യം കൂട്ടിചേർത്ത 49 റൺസാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ എട്ടാം ഓവറിൽ തിലകിനെ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി റോസ്റ്റൺ ചേസ് ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി.

സഞ്ജുവിനെ, റൊമാരിയോ ഷെഫേർഡ് വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാന്റെ കൈകളിലെതിച്ചു. ഹാർദിക് പാണ്ഡ്യക്കും (14) അധികനേരം പിടിച്ചുനിൽക്കാനായില്ല. ഷെഫേർഡിന് തന്നെയായിരുന്നു വിക്കറ്റ്. ഇതിനിടെ സൂര്യയെ ജേസൺ ഹോൾഡർ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തു. 45 പന്തുകൾ നേരിട്ട സൂര്യ മൂന്ന് സിക്സും നാല് ഫോറും നേടി. അർഷ്ദീപ് സിങ് (8), കുൽദീപ് യാദവ് (0) എന്നിവരെ കൂടി മടക്കി ഷെഫേർഡ് നാല് വിക്കറ്റ് പൂർത്തിയാക്കി. അക്സർ പട്ടേലാണ് (13) സ്‌കോർ 150 കടത്താൻ സഹായിച്ചത്. യൂസ്വേന്ദ്ര ചാഹൽ (0), മുകേഷ് കുമാർ (4) പുറത്താവാതെ നിന്നു.

നാലാം ടി20 കളിച്ച ടീമിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിൻഡീസ് ഒരു മാറ്റം വരുത്തി. അൽസാരി ജോസഫ് ടീമിൽ തിരിച്ചെത്തി. ഒബെദ് മക്കോയ് പുറത്തായി.