ഹൈദരാബാദ്: ശുഭ്മാൻ ഗില്ലിന്റെ ഇരട്ടസെഞ്ചുറി കരുത്തിൽ റൺമല ഉയർത്തിയിട്ടും മൈക്കൽ  ബ്രേസ്വെല്ലിന്റെ വീരോചിത പോരാട്ടത്തിന് മുന്നിൽ പതറിയ ഇന്ത്യക്ക് അവസാന ഓവറിൽ അവിസ്മരണീയ ജയം. ന്യൂസിലൻഡിന് എതിരായ ആദ്യ ഏകദിനത്തിൽ 350 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയിട്ടും 78 പന്തിൽ 140 റൺസ് നേടിയ മൈക്കൽ ബ്രേസ്വെൽ അവസാന ഓവർ വരെ വീരോചിതമായി പൊരുതിയെങ്കിലും ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു.

നാല് പന്ത് ശേഷിക്കെ 12 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. സ്‌കോർ: ഇന്ത്യ-349/8 (50), ന്യൂസിലൻഡ്-337 (49.2). ഇന്ത്യക്കായി ശുഭ്മാൻ ഗിൽ ഇരട്ട സെഞ്ചുറി നേടി ബാറ്റിംഗിൽ നെടുംതൂണായപ്പോൾ മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തി ബൗളിംഗിൽ കരുത്തായി മാറി. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1 - 0ന് മുന്നിലെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 349 റൺസ്. കിവീസിന്റെ മറുപടി 49.2 ഓവറിൽ 337 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ ചങ്കിടിപ്പേറ്റി സെഞ്ചറിയുമായി അവസാന ഓവർ വരെ ക്രീസിൽ നിന്ന മൈക്കൽ ബ്രേസ്വെൽ 77 പന്തിൽ 140 റൺസുമായി ഏറ്റവും ഒടുവിൽ പുറത്തായി. അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ് വേണ്ടിയിരിക്കെ ഷാർദുൽ ഠാക്കൂറിനെതിരെ സിക്‌സറുമായി തുടക്കമിട്ട ബ്രേസ്വെൽ, അടുത്ത പന്തിൽ എൽബിയിൽ കുരുങ്ങിയതാണ് കിവീസിന് തിരിച്ചടിയായത്.

10 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്. മിച്ചൽ സാന്റ്‌നറിനെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച്, മൈക്കൽ ബ്രേസ്വെല്ലുമൊത്തുള്ള നിർണായക കൂട്ടുകെട്ട് പൊളിച്ചാണ് സിറാജ് ഇന്ത്യയെ വിജയത്തിലേക്കു വഴി നടത്തിയത്. തോറ്റെങ്കിലും, ഈ മത്സരത്തിന് അസാമാന്യ പോരാട്ടവീര്യം സമ്മാനിച്ച ബ്രേസ്വെൽ സാന്റ്‌നർ സഖ്യമാണ് മത്സരം അവിസ്മരണീയമാക്കിയത്

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ കിവികൾക്ക് ഇന്നിങ്സിലെ ആറാം ഓവറിൽ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നൽകി. 16 പന്തിൽ 10 റൺസെടുത്ത ദേവോൺ കോൺവേയെ കുൽദീപ് യാദവ് പിടിച്ച് പുറത്താക്കുകയായിരുന്നു. സഹ ഓപ്പണർ ഫിൻ അലന്റെ പോരാട്ടം അർധസെഞ്ചുറിയിലേക്ക് എത്തിയില്ല. 39 പന്തിൽ 40 റൺസെടുത്ത അലനെ ഷർദ്ദുൽ ഠാക്കൂറാണ് മടക്കിയത്. പകരക്കാരൻ ഫീൽഡർ ഷഹ്ബാസ് അഹമ്മദിനാണ് ക്യാച്ച്. പിന്നാലെ ഹെന്റി നിക്കോൾസ്(31 പന്തിൽ 18), ഡാരിൽ മിച്ചൽ(12 പന്തിൽ 9) എന്നിവരെ മടക്കി കുൽദീപ് യാദവ് സന്ദർശകർക്ക് ഇരട്ട പ്രഹരം നൽകി. അഞ്ചാമനായി പുറത്തായ ഗ്ലെൻ ഫിലിപ്സിനെ(20 പന്തിൽ 11) മുഹമ്മദ് ഷമി ബൗൾഡാക്കുകയായിരുന്നു. 46 പന്തിൽ 24 റൺസെടുത്ത ടോം ലാഥമിനെ സിറാജ് 29-ാം ഓവറിൽ പുറത്താക്കിയതോടെ കിവികൾ 131-6 എന്ന നിലയിൽ തകർന്നു.

എന്നാൽ ഏഴാം വിക്കറ്റിൽ മൈക്കൽ ബ്രേസ്വെല്ലും മിച്ചൽ സാന്റ്നറും ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയർത്തി. 41-ാം ഓവറിൽ ഇരുവരും 250 കടത്തി. തകർത്തടിച്ച ബ്രേസ്വെൽ ഷമി എറിഞ്ഞ 43-ാം ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തി സെഞ്ചുറി തികച്ചു. 57 പന്തിലാണ് താരത്തിന്റെ നൂറ് റൺസ് പിറന്നത്. 46-ാം ഓവറിൽ സിറാജാണ് 162 റൺസ് നീണ്ട ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 45 പന്തിൽ 57 റൺസുമായി സാന്റ്നർ സൂര്യയുടെ ക്യാച്ചിൽ മടങ്ങി. തൊട്ടടുത്ത പന്തിൽ ഹെന്റി ഷിപ്ലിയെ സിറാജ് ഗോൾഡൻ ഡക്കാക്കി. എന്നാൽ അടിനിർത്താൻ ബ്രേസ്വെൽ തയ്യാറായില്ല. പാണ്ഡ്യയുടെ 49-ാം ഓവറിൽ ലോക്കീ ഫെർഗ്യൂസൻ(7 പന്തിൽ 8) ഗില്ലിന്റെ ക്യാച്ചിൽ വീണു. ഷർദുൽ പന്തെടുത്ത അവസാന ഓവറിലെ 20 റൺസ് വിജയലക്ഷ്യത്തിലേക്ക് സിക്സോടെ തുടങ്ങിയെങ്കിലും രണ്ടാം പന്തിൽ ബ്രേസ്വെൽ വീണതോടെ കിവീസ് പോരാട്ടം അവസാനിച്ചു.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 10 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. ഷാർദുൽ ഠാക്കൂർ 7.2 ഓവറിൽ 54 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. കുൽദീപ് യാദവ് എട്ട് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമി 10 ഓവറിൽ 69 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ ഏഴ് ഓവറിൽ 70 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്‌ത്തി. ഏഴ് ഓവർ എറിഞ്ഞ വാഷിങ്ടൻ സുന്ദർ 50 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ഇരട്ടസെഞ്ചറിയുമായി ഓപ്പണർ ശുഭ്മൻ ഗിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 149 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 208 റൺസെടുത്താണ് പുറത്തായത്. ഗില്ലിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 349 റൺസ്. 87 പന്തിൽ നിന്ന് സെഞ്ചറി നേടിയ ഗിൽ, അടുത്ത 58 പന്തുകളിൽനിന്നാണ് ഇരട്ട സെഞ്ചറി തികച്ചത്. 150 റൺസിൽനിന്ന് 200 ലേക്കെത്താൻ താരത്തിനു വേണ്ടിവന്നത് വെറും 23 പന്തുകൾ മാത്രം.

ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി ഗിൽ. 23 വയസ്സുമാത്രം പ്രായമുള്ള ഗിൽ പിന്നിലാക്കിയത് ഇന്ത്യൻ താരം ഇഷാൻ കിഷനെയാണ്. കിവീസിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും കുറച്ചു മത്സരങ്ങളിൽനിന്ന് 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഗില്ലിന്റെ പേരിലായി. 19 മത്സരങ്ങളിൽനിന്നാണ് ഗിൽ 1000 കടന്നത്. തൊട്ടുപിന്നിലുള്ള വിരാട് കോലി 1000 റൺസ് കടക്കാൻ 24 ഏകദിന മത്സരങ്ങളെടുത്തിരുന്നു.

ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ (38 പന്തിൽ 34), വിരാട് കോലി (10 പന്തിൽ എട്ട്), ഇഷാൻ കിഷൻ (14 പന്തിൽ അഞ്ച്), സൂര്യകുമാർ യാദവ് (26 പന്തിൽ 31), ഹാർദിക് പാണ്ഡ്യ (38 പന്തിൽ 28), വാഷിങ്ടൻ സുന്ദർ (14 പന്തിൽ 12), ഷാർദൂൽ ഠാക്കൂർ (മൂന്ന് പന്തിൽ മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ. മികച്ച തുടക്കമാണ് ഓപ്പണർമാർ ഇന്ത്യയ്ക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ 60 റൺസ് രോഹിതും ഗില്ലും ചേർന്നു കൂട്ടിച്ചേർത്തു. ബ്ലെയർ ടിക്‌നറിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്താണ് ഇന്ത്യൻ ക്യാപ്റ്റന്റെ പുറത്താകൽ. കോലിയും ഇഷാനും നിരാശപ്പെടുത്തി.

കോലി മിച്ചൽ സാന്റ്‌നറുടെ പന്തിൽ ബോൾഡായപ്പോൾ, ഇഷാൻ ലോക്കി ഫെർഗൂസന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാതം ക്യാച്ചെടുത്തു പുറത്തായി. നാലു ബൗണ്ടറുകളോടെ 31 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റ് ഡാരിൽ മിച്ചലിനാണ്. മിച്ചൽ സാന്റ്‌നർ ക്യാച്ചെടുത്താണു സൂര്യയെ പുറത്താക്കിയത്. 32.4 ഓവറിൽ ഇന്ത്യ 200 റൺസ് പിന്നിട്ടു. പാണ്ഡ്യയെ പുറത്താക്കി ഡാരിൽ മിച്ചൽ വിക്കറ്റ് നേട്ടം രണ്ടാക്കി. വാഷിങ്ടൻ സുന്ദറിനും ഷാർദൂൽ ഠാക്കൂറിനും തിളങ്ങാനായില്ല. 50-ാം ഓവറിലാണ് ഗിൽ പുറത്തായത്. ഹെന്റി ഷിപ്‌ലിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്‌സ് ക്യാച്ചെടുത്താണു ഗിൽ മടങ്ങിയത്.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറിയുമായി നിർത്തിയിടത്ത് നിന്നാണ് ശുഭ്മാൻ ഗിൽ ഹൈദരാബാദിൽ തുടങ്ങിയത്. 87 പന്തിൽ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗിൽ 122 പന്തിൽ സിക്സോടെ 150 റൺസ് പൂർത്തിയാക്കി. ലോക്കീ ഫെർഗ്യൂസണിന്റെ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് സ്‌റ്റൈലിൽ ഗിൽ 200 തികയ്ക്കുകയായിരുന്നു. ഇന്നിങ്സിലെ അവസാന ഓവറിലെ രണ്ടാം പന്തിൽ ഗ്ലെൻ ഫിലിപ്സ് പറക്കും ക്യാച്ചിലൂടെയാണ് ഗില്ലിനെ പുറത്താക്കിയത്.

ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ. സച്ചിൻ ടെൻഡുൽക്കർ(200), വീരേന്ദർ സെവാഗ്(219), രോഹിത് ശർമ്മ(208, 209, 264), ഇഷാൻ കിഷൻ(210) എന്നിങ്ങനെയാണ് ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ. ഹൈദരാബാദിലെ ഇരട്ട സെഞ്ചുറിയോടെ ഏകദിനത്തിൽ 200 തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തി ഗിൽ. ഇരട്ട സെഞ്ചുറി നേടുമ്പോൾ 23 വയസും 132 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 24 വയസും 145 ദിവസവും പ്രായമുള്ളപ്പോൾ 200 നേടിയ ഇഷാൻ കിഷന്റെ പേരിലായിരുന്നു നേരത്തെ റെക്കോർഡുണ്ടായിരുന്നത്. ഏകദിനത്തിൽ വേഗത്തിൽ 1000 റൺസിലെത്തുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും ഗിൽ സ്വന്തമാക്കി. പത്തൊൻപതാം ഇന്നിങ്‌സിലാണ് ഗിൽ 1000 റൺസ് പൂർത്തിയാക്കിയത്.