ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ വിറപ്പിച്ച തായ്‌ലൻഡിനെ അനായാസം കീഴടക്കി ഇന്ത്യൻ വനിതകൾ. ഒൻപതു വിക്കറ്റിന്റെ തകർപ്പൻ വിജയമാണു ടീം ഇന്ത്യ തായ്‌ലൻഡിനെതിരെ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്ലൻഡ് 15.1 ഓവറിൽ 37 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ പ്ലാൻ ഇന്ത്യൻ ബോളർമാർ അതേപടി നടപ്പാക്കി. തായ്‌ലൻഡിന്റെ പത്ത് താരങ്ങൾക്കു രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല.

19 പന്തുകൾ നേരിട്ട് 12 റൺസെടുത്ത ഓപ്പണർ നനാപതുകൊഞ്ചരോകായ് ആണ് അവരുടെ ടോപ് സ്‌കോറർ. 13 റൺസുവരെ വിക്കറ്റു വീഴാതെ പിടിച്ചുനിന്ന തായ്‌ലൻഡ് താരങ്ങൾ പിന്നീട് ഒന്നിനു പിറകേ ഒന്നായി കൂടാരം കയറി. ഇന്ത്യയ്ക്കായി സ്‌നേഹ് റാണ മൂന്നു വിക്കറ്റു വീഴ്‌ത്തിയപ്പോൾ രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റു വീതം നേടി. മേഘ്‌ന സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നു കാര്യങ്ങൾ. ഒരു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി ആറ് ഓവറിൽ ഇന്ത്യ വിജയം സ്വന്തമാക്കി. എട്ട് റൺസെടുത്ത ഓപ്പണർ ഷെഫാലി വർമയാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. സബിനേനി മേഘ്‌ന (18 പന്തിൽ 20), പൂജ വാസ്ത്രകർ (12 പന്തിൽ 12) എന്നിവർ പുറത്താകാതെ നിന്നു.

ഇന്ത്യ നേരത്തെ സെമി ഫൈനൽ ഉറപ്പാക്കിയിരുന്നു. ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച ഇന്ത്യക്ക് പത്ത് പോയിന്റുണ്ട്. അഞ്ച് ജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. തായ്ലൻഡിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ ടീമുകളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ തായ്‌ലൻഡിനോടു നേരത്തേ പരാജയപ്പെട്ടിരുന്നു. ആറു മത്സരങ്ങൾ കളിച്ച് തായ് വനിതകൾ മൂന്നെണ്ണം ജയിക്കുകയും മൂന്നെണ്ണം തോൽക്കുകയും ചെയ്തു.