മുംബൈ: ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളിലും മാറ്റമില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇരുടീമുകളും നിലനിർത്തിയിരിക്കുന്നത്.

ലീഗ് സ്റ്റേജിൽ ഒൻപത് മത്സരങ്ങളിലും വിജയിച്ച് പരാജയം അറിയാതെയാണ് ഇന്ത്യ സെമിയിൽ കയറിയത്. ലീഗ് സ്റ്റേജിൽ നാലുമത്സരങ്ങളിൽ പരാജയപ്പെട്ട ന്യൂസിലൻഡ് നാലാം സ്ഥാനത്ത് എത്തിയതോടെയാണ് സെമിയിലേക്ക് യോഗ്യത നേടിയത്. 2019 ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കളിക്കളത്തിൽ ഇറങ്ങുന്നത്.

2019ൽ കിവികളോട് തോറ്റ് മടങ്ങിയ അവസ്ഥയല്ല ഇന്ന് ഇന്ത്യൻ ടീമിന്റേത്. അടിമുടി മാറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ തിളങ്ങുന്ന താരനിര കപ്പ് ഉയർത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ലോകകപ്പിൽ തുടർച്ചയായി ഒൻപത് മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യ സെമിയിൽ കീവിസിനെ നേരിടുന്നത്.

രോഹിത്തിനുകീഴിൽ ടീം ഏറെ സന്തുലിതമാണ്. ഈ ലോകകപ്പിൽ ആകെ 396.2 ഓവറിൽ 2523 റണ്ണാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 450 ഓവറിൽ ആകെ വഴങ്ങിയത് 1708 റണ്ണും. 10 ബൗളർമാർ ചേർന്ന് 85 വിക്കറ്റുകൾ നേടി. റണ്ണടിയിൽ രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 594 റണ്ണുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. 503 റണ്ണുമായി ക്യാപ്റ്റനുമുണ്ട് പട്ടികയിൽ. 24 സിക്സറും 58 ഫോറും രോഹിത്തിന്റെ റൺശേഖരത്തിന് അകമ്പടിയുണ്ട്.

കോഹ്ലിക്കും രോഹിത്തിനും പുറമേ ലോകേഷ് രാഹുലും ജസ്പ്രീത് ബുമ്രയും ശ്രേയസ്സ് അയ്യരും അടക്കം എല്ലാവരും ഫോമിലാണ് എന്നതാണ് പ്രതീക്ഷ നൽകുന്നത്.തുടർച്ചയായ രണ്ട് ഫൈനലുകൾ തോറ്റ ടീമാണ് ന്യൂസിലൻഡ്. തുടർച്ചയായി സെമി മത്സരങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസമാണ് മുതൽക്കൂട്ട്. രചിൻ രവീന്ദ്രയെന്ന റൺ മെഷീൻ കിവികൾക്ക് പ്രതീക്ഷ നൽകുന്നു. ഗ്ലെൻ ഫിലിപ്സ് ഓൾ റൗണ്ടർ എന്ന നിലയിൽ വാംഖഡെയിൽ മുതൽക്കൂട്ടാകും. പരിക്ക് കിവികളെ ചെറുതായി ഉലച്ചിട്ടുണ്ട്. എങ്കിലും സമ്മർദഘട്ടത്തിൽ കളിക്കാൻ ന്യൂസിലൻഡിന് പ്രത്യേക കഴിവാണ്.