ഹരാരെ: അട്ടിമറി ഭീഷണിയെ അതിജീവിച്ച് സമ്പൂർണ വിജയവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. സിംബാബ്വേക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 290ന് 13 റൺസ് അകലെ സിംബാബ്വേയുടെ പോരാട്ടം അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീണെങ്കിലും എട്ടാം വിക്കറ്റിൽ ബ്രാഡ് ഇവാൻസിനെ കൂട്ടുപിടിച്ച് സികന്ദർ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കൻ ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും അതിനെയും വിജയവഴിയിൽ എത്തിക്കാൻ സാധിച്ചില്ല.

36ാം ഓവറിൽ 169ന് 7 വിക്കറ്റ് എന്ന നിലയിൽ നിന്നായിരുന്നു സിംബാബ്വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാൻസ് സഖ്യം 79 പന്തിൽ നിന്ന് 104 റൺസാണ് നേടിയത്. ജയം 15 പന്തിൽ 21 റൺസ് അകലെ നിൽക്കെ ബ്രാഡ് ഇവാൻസിനെ ഷാർദുൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ സിംബാബ്വെ പതറി. തൊട്ടടുത്ത ഓവറിൽ തകർപ്പൻ ഫോമിൽ കളിച്ച റാസയെ മികച്ച ഒരു ഡൈവിങ് ക്യാച്ചിലൂടെ ഗിൽ മടക്കിയപ്പോൾ കളി ഇന്ത്യൻ വരുതിയിലായി.

മുൻനിരയും മധ്യനിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് സിംബാബ്വേയ്ക്ക് തിരിച്ചടിയായി. ഷോൺ വില്യംസ് 45(46), ബ്രാഡ് ഇവാൻസ് 28(36) നായകൻ റെജിസ് ചകബവ 16(27) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ ഭേദപ്പെട്ട സംഭാവന. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദീപക് ചാഹാർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഷാർദുൽ ഠാക്കൂർ ഒരു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, യുവ താരം ശുബ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറി 130(97) മികവിലാണ് 289 റൺസ് നേടിയത്.

15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ ഗില്ലിന്റെ ഇന്നിങ്‌സ്. ഇഷാൻ കിഷൻ 50 (61) അർധസെഞ്ചുറി നേടി പുറത്തായപ്പോൾ ശിഖർ ധവാൻ 40(68), കെ.എൽ രാഹുൽ 30(46) എന്നിവരും തിളങ്ങി. കഴിഞ്ഞ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ച് സഞ്ജു സാംസൺ 15(13) റൺസ് നേടി പുറത്തായി.രണ്ട് സിക്‌സറുകൾ പായിച്ചാണ് ആറാമനായി ക്രീസിലെത്തിയ മലയാളി ബാറ്റർ പുറത്തായത്. സിംബാബ്വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി. വിക്ടർ ന്യൂച്ചി, ലൂക്ക് ജോങ്വേ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.