- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബും.. ബും ബുമ്ര! പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം
ന്യൂയോർക്: ലോകകപ്പുകളിൽ പാക്കിസ്ഥാനെ തോൽപ്പിക്കുന്ന ശൈലിയിൽ മാറ്റമില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം. ടി 20 ലോകകപ്പിൽ പാക്കിസ്ഥാനെ ആറ് റൺസിന് തോൽപ്പിച്ച് ഇന്ത്യ വീണ്ടും വിജയതീരത്ത്. കൈവിട്ടു പോയെന്ന് കരുതിയ കളി തിരികെ പിടിച്ചത് ഇന്ത്യൻ ബൗളർമാരാണ്. ബുമ്രയുടെ തീയുണ്ടകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ കഴിഞ്ഞുള്ളു. കുറഞ്ഞ സ്‌കോറിനെയും പ്രതിരോധിച്ചു വിജയം പിടിച്ചെടുക്കുക്യയായിരുന്നു ഇന്ത്യ.
നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഓപ്പണർ മുഹമ്മദ് റിസ് വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. 44 പന്തിൽ 31 റൺസെടുത്താണ് താരം പുറത്തായത്. പാക്കിസ്ഥാൻ അനായാസം ലക്ഷ്യം നേടുമെന്ന കരുതിയ മത്സരമാണ് അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞുപിടിച്ചത്. അവസാന ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ 18 റൺസാണ് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് അർഷ് ദീപും. ആദ്യ പന്തിൽ തന്നെ 23 പന്തിൽ 15 റൺസെടുത്ത ഇമാദ് വാസിമിനെ താരം മടക്കി. രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ സിങ്ൾ. നാലാം പന്തിൽ നസീം ഷാ ബൗണ്ടറി നേടി. രണ്ടു പന്തിൽ ജയിക്കാൻ 12 റൺസ്. അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി. ഇതോടെ ഒരു പന്തിൽ വിജയലക്ഷ്യം എട്ട് റൺസായി. അവസാന പന്തിൽ സിങ്ൾ മാത്രമാണ് നേടാനായത്.
ഇന്ത്യക്ക് ആറു റൺസിന്റെ ഗംഭീര ജയം. നായകൻ ബാബർ അസം (10 പന്തിൽ 13), ഉസ്മാൻ ഖാൻ (15 പന്തിൽ 13), ഫഖർ സമാൻ (എട്ടു പന്തിൽ 13), ശദബ് ഖാൻ (ഏഴു പന്തിൽ നാല്) ഇഫ്തിഖാർ അഹ്മദ് (ഒമ്പത് പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നസീം ഷാ നാലു പന്തിൽ 10 റൺസെടുത്തും ഷഹീൻ അഫ്രീദി റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു.
ഇന്ത്യക്കുവേണ്ടി ഹാർദിക് പാണ്ഡ്യ രണ്ടും അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റതോടെ പാക്കിസ്ഥാൻ നില പരുങ്ങലിലായി. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തി. നേരത്തെ, പാക് ബൗളർമാരായ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. ഇന്ത്യൻ ബാറ്റിങ് നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറർ. ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്‌സ് പറത്തിയാണ് രോഹിത് തുടങ്ങിയത്. പിന്നാലെ രസംകൊല്ലിയായി മഴ എത്തിയതോടെ മത്സരം അൽപനേരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതും കോഹ്ലിയെ നസീം ഷാ ഉസ്മാൻ ഖാനിയെ കൈയിലെത്തിച്ചു. മൂന്നു പന്തിൽ നാലു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
അധികം വൈകാതെ 12 പന്തിൽ 13 റൺസെടുത്ത് രോഹിത്തും മടങ്ങി. അഫ്രീദിയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച താരം ഹാരിസ് റൗഫിന്റെ കൈയിലൊതുങ്ങി. ഇന്ത്യ 2.4 ഓവറിൽ 19 റൺസ്. ഋഷഭ് പന്തും അക്‌സർ പട്ടേലും ശ്രദ്ധയോടെ ബാറ്റു വിശീയാണ് ടീമിനെ അർധ സെഞ്ച്വറി കടത്തിയത്. പന്തിനെ പുറത്താക്കാനുള്ള ഒന്നിലധികം അവസരങ്ങളാണ് പാക് താരങ്ങൾ നഷ്ടപ്പെടുത്തിയത്. പിന്നാലെ 18 പന്തിൽ 20 റൺസെടുത്ത അക്‌സർ നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡ്. സൂര്യകുമാറിനും (എട്ടു പന്തിൽ ഏഴ്) ശിവം ദുബെക്കും (ഒമ്പത് പന്തിൽ മൂന്ന്) നിലയുറപ്പിക്കാനായില്ല.
പന്തിനെ മുഹമ്മദ് ആമിർ പുറത്താക്കി. തൊട്ടടുത്ത പന്തിൽ രവീന്ദ്ര ജദേജയെയും ആമിർ മടക്കിയതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 96 റൺസിലേക്ക് തകർന്നു. 18ാം ഓവറിൽ ഹാരിസ് റൗഫ് അടുത്തടുത്ത പന്തുകളിൽ ഹാർദിക് പാണ്ഡ്യയെയും (12 പന്തിൽ ഏഴ്) ജസ്പ്രീത് ബുംറയെയും (പൂജ്യം) മടക്കി. 13 പന്തിൽ ഒമ്പത് റൺസെടുത്ത അർഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. ഏഴു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് ആമിർ രണ്ടു വിക്കറ്റും അഫ്രീദി ഒരു വിക്കറ്റും നേടി. നേരത്തെ, മഴമൂലം ടോസും വൈകിയിരുന്നു. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.