മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമൂല അഴിച്ചു പണി ഉറപ്പായി. 20-20 ലോകകപ്പിലെ സെമിഫൈൻ തോൽവി ഇന്ത്യയ്ക്ക് വമ്പൻ നാണക്കേടായി. പത്ത് വിക്കറ്റിന് തോൽക്കുമ്പോൾ ഒന്നു പൊരുതാൻ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ചെറിയ ടീമുകൾക്കെതിരെ മാത്രം വമ്പുകാട്ടിയ ടീമെന്ന പേരുദോഷവും മിച്ചമായി. പാക്കിസ്ഥാനെതിരെ ജയിച്ചത് മാത്രമാണ് ആശ്വാസം. ഇതിനും പിന്നിലും വിരാട് കോലിയുടെ പോരാട്ടം മാത്രമായിരുന്നു. രോഹിത് ശർമ്മയും കെ എൽ രാഹുലും അമ്പേ പരാജയമായി. ബൗളിങ്ങും ശരാശരയിൽ ഒതുങ്ങി. എല്ലാ അർത്ഥത്തിലും ടീം സെലക്ഷനിലെ പരാജയമാണ് ഇന്ത്യൻ തോൽവിക്ക് കാരണമായത്. കോച്ച് രാഹുൽ ദ്രാവിഡിന്റെ തന്ത്രമെല്ലാം പിഴച്ചു. അതുകൊണ്ട് തന്നെ ദ്രാവിഡിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നു. വിവി എസ് ലക്ഷ്മണിനെ കോച്ചാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഹാർദിക് പാണ്ഡ്യ ക്യാപ്ടനും സഞ്ജു വി സാംസൺ വൈസ് ക്യാപ്ടനുമാകണം എന്നതാണ് പുതിയ ടീമിനെ കുറിച്ചുള്ള ചർച്ചകളിലെ പൊതു വികാരം. ഫോമിലല്ലാത്ത രോഹിത്തിന് ഇനിയുള്ള പരമ്പര നിർണ്ണായകമാണ്. അധിക കാലം ഇങ്ങനെ തട്ടിയും മുട്ടിയും പോകാൻ രോഹിത് ശർമ്മയ്ക്ക് കഴിയില്ല. ലോകകപ്പിൽ ക്ലാസ് കാട്ടിയ കോലി ആഗ്രഹിച്ചാൽ എല്ലാ ഫോർമാറ്റിലും കളിക്കാം. പക്ഷേ കോലിയുടെ വിരമിക്കുന്നതാണ് നല്ലതെന്ന ചിന്തയും സജീവമാണ്. ഓഫ് സ്പിന്നർ അശ്വിനും ഇനി ടെസ്റ്റിലേക്ക് മാത്രമായി ഒതുങ്ങേണ്ടി വരും. ഇന്ത്യക്ക് വേണ്ടത് സച്ചിനേയും സേവാഗിനേയും യുവരാജിനേയും പോലെ കളിക്കുന്ന താരങ്ങളെയാണ്. ടീമിന് വേണ്ടി മാത്രമാണ് ഈ മൂവരും ബാറ്റ ്ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ന് പലരും റൺ നേടാനായി കളിക്കുന്നുവെന്നതാണ് വിലയിരുത്തൽ. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിന് മുമ്പിൽ തകർന്നടിഞ്ഞത് വീണ്ടു വിചാരമാകുകയാണ്. ടീം ഇന്ത്യയിൽ സമൂല മാറ്റത്തിനാണ് പുതിയ ബിസിസിഐ അധ്യക്ഷൻ റോജർ ബിന്നിയുടെ ശ്രമം. 1984 ലോകകപ്പ് ഹീറോയാണ് ബിന്നി.

മുതിർന്ന ചില കളിക്കാരുടെ വിരമിക്കൽ ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് ഉറപ്പിക്കാവുന്ന സീനിയർ കളിക്കാരെ ഇനി വരാനിരിക്കുന്ന പരമ്പരകളിൽ പരിഗണിച്ചേക്കില്ല. രോഹിത് ശർമ, വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുതിർന്ന കളിക്കാരെ ക്രമേണ ഒഴിവാക്കാനാണ് ആലോചന. അശ്വിനും ദിനേശ് കാർത്തിക്കും തങ്ങളുടെ അവസാന മത്സരങ്ങളായിരുന്നു ഇത്. അടുത്ത ടി20 ലോകകപ്പിന് ഇനിയും രണ്ട് വർഷമുണ്ട്. ഹാർദിക് പാണ്ഡ്യയെ ദീർഘകാല ക്യാപ്റ്റനായി തെരഞ്ഞെടുത്തശേഷം ഒരു പുതിയ ടീം ഉണ്ടാക്കാനാകും ശ്രമം. സഞ്ജു വി സാംസണിനേയും പദ്ധതികളുടെ ഭാഗമാക്കും. അതിനിടെ ബിസിസിഐ ആരോടും വിരമിക്കാൻ ആവശ്യപ്പെടില്ലെന്നും ഇത് വ്യക്തിഗത തീരുമാനമാണെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞത്.

2023ൽ ഇന്ത്യയ്ക്ക് ടി20 മത്സരങ്ങളുടെ എണ്ണം കുറവാണ്. സീനിയർ കളിക്കാരിൽ ഭൂരിഭാഗവും ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. വിഷയത്തിൽ രാഹുൽ ദ്രാവിഡ് പ്രതികരിച്ചിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ സമയമായില്ലെന്നാണ് ദ്രാവിഡിന്റെ പ്രതികരണം. ഈ കളിക്കാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ല. നിലവാരമുള്ള ചില കളിക്കാർ ഇവിടെയുണ്ട്. അതിനാൽ ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനോ ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കാനോ ശരിയായ സമയമല്ല. അടുത്ത ലോകകപ്പിനായി മികവുറ്റ തയ്യാറെടുപ്പുകൾ നടത്തുമെന്നും ദ്രാവിഡ് പറഞ്ഞു.

അടുത്തവർഷം ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ് ആദ്യം നടക്കുക. അടുത്ത ലോകകപ്പ് വരെ ഇന്ത്യ 12 ടി20 മത്സരങ്ങൾ മാത്രമേ കളിക്കുന്നുള്ളൂ. അടുത്തയാഴ്ച ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിൽ സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ 35 വയസുള്ള രോഹിത് അടുത്ത ടി20 ലോകകപ്പിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. അതേസമയം, ഫോമിൽ കളിക്കുന്ന വിരാട് കോലി വിരമിക്കാനുള്ള സാധ്യത വിരളമാണ്. പൊരുതാൻ പോലും കഴിയാതെയാണ് ഇന്ത്യ സെമി ഫൈനലിൽ കാലടറി വീണത്. കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. മൂർച്ചയില്ലാത്ത ഇന്ത്യൻ ബൗളിങിനെ ജോസ് ബട്‌ലറും അലെക്‌സ് ഹേൽസും ചേർന്ന് കശാപ്പ് ചെയ്യുകയായിരുന്നു.

ഈ ലോകകപ്പിൽ രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ പ്രകടനം താരതമ്യം ചെയ്താൽ അതു തീർത്തും വ്യത്യസ്തമാണെന്നു കാണാൻ കഴിയും. കോലി റൺസ് വാരിക്കൂട്ടി ടൂർണമെന്റിലെ റൺ സ്‌കോറർമാരിൽ തലപ്പത്ത് നിൽക്കുമ്പോൾ രോഹിത് ബാറ്റിങിൽ വൻ ഫ്‌ളോപ്പായി മാറുകയും ചെയ്തു.ആറ് ഇന്നിങ്‌സുകളിൽ നിന്നും 98.66 എന്ന മികച്ച ശരാശരിയിൽ 296 റൺസ് കോലി അടിച്ചെടുത്തിരുന്നു. നാലു ഫിഫ്റ്റികളുടെ അകമ്പടിയോടെയായിരുന്നു ഇത്. എന്നാൽ രോഹിത്താവട്ടെ ആറ് ഇന്നിങ്‌സുകളിൽ സ്‌കോർ ചെയ്തത് വെറും 116 റൺസാണ്. 19.33 എന്ന ദയനീയ ശരാശരിയാണ് ഹിറ്റ്മാന്റേത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ രോഹിത്തിനു നേടാനായുള്ളൂ.

ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലെ പ്രകടനമെടുത്താൽ വിരാട് കോലിയും രോഹിത് ശർമയും സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. കോലി 50 റൺസ് നേടിയെങ്കിലും ഇതിനായി 40 ബോളുകൾ വേണ്ടി വന്നു. നാലു ബൗണ്ടറികളും ഒരു സിക്‌സറുമുൾപ്പെടെയായിരുന്നു ഇത്. എന്നാൽ ഈ ലോകകപ്പിലുടനീളം റൺസ് കണ്ടെത്താൻ പാടുപെട്ട രോഹിത്തിനു സെമിയിൽ നേടാനായത് 27 റൺസ്. 28 ബോളുകൾ കളിക്കുകയും ചെയ്തു. കോലിയുടെയും രോഹിത്തിന്റെയും മെല്ലോപ്പോക്കാണ് ഇന്ത്യക്കു വലിയൊരു ടോട്ടൽ നിഷേധിച്ചത്. ഇത് വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. വ്യക്തിഗത റൺസിന് വേണ്ടി ഇവർ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.