കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദിനോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങിയത്. രക്താര്‍ബുദത്തിന് ഒരുവര്‍ഷമായി ചികിത്സയിലായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് ബുധനാഴ്ചയാണ് വഡോദരയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്.

'ടീം ഇന്ത്യ കറുത്ത നിറത്തിലുള്ള ബാന്‍ഡ് ധരിച്ചിട്ടുണ്ട്. ബുധനാഴ്ച നിര്യതാനായ മുന്‍ ഇന്ത്യന്‍ കളിക്കാരനും കോച്ചുമായ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ ഓര്‍മക്ക് വേണ്ടിയാണ് അവര്‍ ഇത് ധരിക്കുന്നത്,' ബി.സി.സി.ഐ അറിയിച്ചു.

ക്യാന്‍സറിനെ തുടര്‍ന്നാണ് ഗെയ്ക്വാദ് ലോകത്തിനോട് വിട പറഞ്ഞത്. 10 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍ 40 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിനങ്ങളും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 200 ഓളം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 12000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 34 സെഞ്ച്വറിയും 47 അര്‍ധസെഞ്ച്വറിയും ഗെയ്ക്വാദ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കുറിച്ചിട്ടുണ്ട്.

1975മുതല്‍ 1987 വരെ 12 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളിച്ച അന്‍ഷുമാന്‍ ഗെയ്ക്വാദ് രണ്ട് സെഞ്ചുറികള്‍ അടക്കം 2524 റണ്‍സ് നേടിയിട്ടുണ്ട്. 1983ല്‍ ജലന്ധറില്‍ പാകിസ്ഥാനെതിരെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 22 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗെയ്ക്വാദ് കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുശേഷം ആദ്യമായി വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യക്കായി ഏകദിന ജേഴ്‌സി അണിഞ്ഞ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയൈായിരുന്നു. ശ്രീലങ്കക്കെതിരെ ടി20 പരമ്പര കളിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. മൂന്ന് മത്സരങ്ങളാമ് പരമ്പരയിലുള്ളത്.

ടി20 ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രവി ബിഷ്‌ണോയ് എന്നിവര്‍ ടി20 പരമ്പരക്കില്ല. ഏകദിന ലോകകപ്പില്‍ കളിച്ച കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.