- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കായികക്ഷമത സംബന്ധിച്ച് ബിസിസിഐക്ക് ആശങ്ക; ടീം പ്രഖ്യാപനത്തിന് മുൻപ് ബുമ്രക്കും ഹർഷലിനും ഫിറ്റ്നെസ്റ്റ് ടെസ്റ്റ്; ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമിനെ 16 ന് പ്രഖ്യാപിക്കും; ഇന്ത്യക്ക് തിരിച്ചടിയായി ജഡേജയുടെ പരിക്ക്

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 16ന് പ്രഖ്യപിക്കും. അതേസമയം, പരിക്കിൽ നിന്ന് മോചിതരായി തിരിച്ചെത്തുന്ന ജസ്പ്രീത് ബുമ്രയെയും ഹർഷൽ പട്ടേലിനെയും ടീം പ്രഖ്യാപനത്തിന് മുമ്പ് ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയരാക്കും. ഇരുവരുടെയും കായികക്ഷമത സംബന്ധിച്ച് ബിസിസിഐക്ക് ഇപ്പോഴും ആശങ്കകളുണ്ട്. അവരും ദിവസങ്ങളിൽ തന്നെ ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയനാകും. ഹർഷൽ പട്ടേലും ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിനിടെ പുറത്തേറ്റ പരിക്കിനെത്തുടർന്നാണ് ബുമ്ര ചികിത്സ തേടിയത്. അതേസമയം ഹർഷലിന്റെ ഇടുപ്പിനാണ് പരിക്കേറ്റത്. ഇരുവരും ലോകകപ്പ് ടീമിലെ നിർണായക സാന്നിധ്യങ്ങളാണ്. ഹർഷൽ നെറ്റ്‌സിൽ പന്തെറിയാൻ തുടങ്ങിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. അതേസമയം, ബുമ്ര ഇതുവരെ നെറ്റ്‌സിൽ പോലും പന്തെറിയാൻ തുടങ്ങാത്തതാണ് ഇന്ത്യയെ ആശങ്കയിലാഴ്‌ത്തുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഡെത്ത് ബൗളിങ് ആണ് രണ്ട് മത്സരങ്ങളിലെ തോൽവിയിൽ നിർണായകമായത്. ഈ സാഹചര്യത്തിൽ ബുമ്ര ലോകകപ്പിനുണ്ടാവേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.
അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് ഉറപ്പായി. ശസ്ത്രക്രിയക്ക് വിധേയനായ ജഡേജക്ക് ഏതാനും ആഴ്ചകൾക്ക് പരിശീലനം പോലും പുനരാരംഭിക്കാനാവില്ല. സെപ്റ്റംബർ 16നാണ് ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. അന്ന് തന്നെയായിരിക്കും സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ടീമിനെ പ്രഖ്യാപിക്കുക. ജസപ്രീത് ബുമ്രക്ക് ടീമിലെത്താനായില്ലെങ്കിൽ മുഹമ്മദ് ഷമി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടി20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ഇന്ത്യ ടി20, ഏകദിന പരമ്പരകൾ കളിക്കുന്നുണ്ട്. ഈ രണ്ട് പരമ്പരകൾക്കുള്ള ടീമിനെയും 16ന് പ്രഖ്യാപിക്കും.ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകൾ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.


