- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ബൗളിങ് കൂടി ചെയ്യണം; പഠിക്കേണ്ടിവരും; ഇന്ത്യന്‍ ടീമില്‍ ഇനി ഓള്‍റൗണ്ടര്‍മാരുടെ കാലം; മാറ്റം വെളിപ്പെടുത്തി ബൗളിംഗ് പരിശീലകന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുന്‍നിര ബാറ്റര്‍മാര്‍കൂടി ഇനി പലപ്പോഴും ബൗള്‍ ചെയ്യുന്നതും കാണാനാവുമെന്ന് വെളിപ്പെടുത്തി താത്കാലിക ബൗളിങ് പരിശീലകന് സായ്രാജ് ബഹുതുലെ. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ബൗളിങ് കൂടി നടത്തുന്ന വിധത്തിലായിരിക്കും ഇനി ഇന്ത്യന്‍ ക്രിക്കറ്റ് മുന്നോട്ടുപോവുകയെന്നും അദ്ദേഹം അറിയിച്ചു. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം ആ രീതിയിലുള്ള മാറ്റങ്ങള്‍ കാണാനായിരുന്നു.
ശ്രീലങ്കയ്ക്കെതിരേ ട്വന്റി 20-യില്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരും ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലും ബൗള്‍ ചെയ്തിരുന്നു. ട്വന്റി 20-യില്‍ സൂര്യകുമാര്‍ യാദവ് ബൗള്‍ ചെയ്തത് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം രോഹിത് ശര്‍മയോട് ഇത്തരത്തില്‍ ഒരു ചോദ്യമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ടീമില്‍ ബൗള്‍ ചെയ്യാന്‍ മതിയായ ആളുകളുണ്ടെന്നായിരുന്നു രോഹിത്തിന്റെ മറുപടി. എന്നാല്‍ ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന് ഓവര്‍ എറിയാനുള്ള അവസരം നല്കി. 32-ാം ഓവര്‍ എറിഞ്ഞ ഗില്‍ വഴങ്ങിയത്, ഓരോ സിക്സും ഫോറും സഹിതം 14 റണ്‍സാണ്.
ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പന്തെറിയാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് സായ്രാജ് ബഹുതുലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'നമ്മുടെ ബാറ്റര്‍മാര്‍ ബൗളര്മാരുമാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അവരുടെ അടിസ്ഥാന കഴിവെന്നത് ബാറ്റിങ്ങിലാണ്. അതുകൊണ്ട് അവര്‍ ബൗളിങ്ങില്‍ അത്ര കേന്ദ്രീകരിക്കുന്നില്ല. പക്ഷേ, അവര്‍ക്ക് അതിനുള്ള കഴിവുണ്ട്', കഴിഞ്ഞദിവസത്തെ മത്സരശേഷം ബഹുതുലെ പറഞ്ഞു.
ഇതിന് കൂടുതല്‍ പരിശീലനം ആവശ്യമാണ്. ടി20-യില്‍ സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങും നടത്തിയ ബൗളിങ്ങിലെ സംഭാവനയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അതുപോലെത്തന്നെ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിനും അവസരം നല്കി. വരുംകാലത്ത് ക്രിക്കറ്റെന്നത് ഓള് റൗണ്ടര്‍മാരുടെ കളിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20-യില്‍ സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങും പന്ത് കൈയിലെടുത്തതിനാലാണ് ഇന്ത്യ വിജയിച്ചത്. അവസാന രണ്ടോവറില്‍ ശ്രീലങ്കയ്ക്ക് ആവശ്യമായിരുന്നത് ഒന്‍പത് റണ്‍സ്. 19-ാം ഓവര്‍ സൂര്യകുമാര്‍ യാദവ് ഏല്പിച്ചതാവട്ടെ, റിങ്കു സിങ്ങിനെയും. പക്ഷേ, ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുനല്‍കുകയും രണ്ട് വിക്കറ്റുകള്‍ നേടുകയും ചെയ്ത് റിങ്കു ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്കി. തുടര്‍ന്ന് അവസാന ആറുപന്തില്‍ ശ്രീലങ്കയ്ക്ക് ആവശ്യമായത് ആറ് റണ്‍സ്. ക്യാപ്റ്റന്‍ സൂര്യകുമാര്തന്നെ പന്തെറിയാനെത്തി. എന്നാല്‍, ഓവറില്‍ ശ്രീലങ്ക മത്സരം ടൈയാക്കി. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു.